Quantcast

സമീർ വാങ്കഡെയുടെ മാനനഷ്ടക്കേസിൽ റെഡ് ചില്ലീസിനോടും നെറ്റ്ഫ്ലിക്സിനോടും വിശദീകരണം തേടി ഡൽഹി ഹൈക്കോടതി

റെഡ് ചില്ലീസ് നിർമാണ കമ്പനിക്ക് പുറമെ, നെറ്റ്ഫ്ലിക്സ്, ​ഗൂ​ഗ്ൾ, എക്സ്, മെറ്റ തുടങ്ങിയ പ്ലാറ്റ്ഫോമുകളോടും മറുപടി ആവശ്യപ്പെട്ട് ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Oct 2025 3:05 PM IST

സമീർ വാങ്കഡെയുടെ മാനനഷ്ടക്കേസിൽ റെഡ് ചില്ലീസിനോടും നെറ്റ്ഫ്ലിക്സിനോടും വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
X

Photo: special arrengement

ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസായ ദി ബാഡ്സ് ഓഫ് ബോളിവുഡിനെതിരായ മാനനഷ്ടക്കേസിൽ റെഡ് ചില്ലീസിനോടും നെറ്റ്ഫ്ലിക്സിനോടും വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. വെബ് സീരീസിന്റെ നിർമാതാക്കൾ ബോധപൂർവം വ്യക്തിഹത്യ നടത്തിയെന്നും മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്സ്മെൻ്റ് ഏജൻസികളെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് പരാതി.

റെഡ് ചില്ലീസ് നിർമാണ കമ്പനിക്ക് പുറമെ, നെറ്റ്ഫ്ലിക്സ്, ​ഗൂ​ഗ്ൾ, എക്സ്, മെറ്റ തുടങ്ങിയ പ്ലാറ്റ്ഫോമുകളോടും മറുപടി ആവശ്യപ്പെട്ട് ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത ഹിയറിങ് തിയതിയായ ഒക്ടോബർ 30-നകം മറുപടി നൽകണം.

സീരീസിൽ, ആദ്യ എപ്പിസോഡിലെ 32: 02 മുതൽ 33: 50 വരെയുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവും പരി​ഗണിക്കണമെന്ന് നോട്ടീസിലുണ്ട്. വാങ്കഡെയോട് രൂപത്തിലും ഭാവത്തിലും സമാനമായ രീതിയിലുള്ള ഈ കഥാപാത്രം, ആഡംബര ബെൽറ്റും വാച്ചും ധരിച്ച്, സിനിമ മേഖലയിലുള്ളവരെ അഴിക്കുള്ളിലാക്കാൻ കൊതിയോടെ തക്കം പാർത്തിരിക്കുന്ന സ്വഭാവക്കാരനായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആര്യനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടിയ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. 2021 ഒക്ടോബറിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ അറസ്റ്റിലായത് . സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻസിബിയുടെ മുംബൈ യൂണിറ്റ് നഗര തീരത്ത് ക്രൂയിസ് കപ്പൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.

Next Story