Quantcast

കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി; ജോജി കണ്ട ഭദ്രന്‍റെ വാക്കുകള്‍

വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം

MediaOne Logo

Web Desk

  • Published:

    25 April 2021 7:27 AM GMT

കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി; ജോജി കണ്ട ഭദ്രന്‍റെ വാക്കുകള്‍
X

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലിറങ്ങിയ ജോജിയെ പ്രശംസിച്ച് സിനിമ കണ്ടവര്‍ക്ക് മതിയാകുന്നില്ല. സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ജോജിയിലെ പോത്തേട്ടന്‍സ് ബ്രില്യന്‍സിനെയും ഫഹദ് മാജികിനെയും ബാബുരാജ് കിടിലന്‍ പെര്‍ഫോമന്‍സിനെയുമെല്ലാം വാഴ്ത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. വളരെ സത്യസന്ധമായ കഥയാണെന്നും ഫഹദും ബാബുരാജും ഷമ്മി തിലകനുമെല്ലാം കലക്കിയെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും "ഓഹ്" "One time watch" "ഒരു തട്ടിക്കൂട്ട് കഥ" "പക്കാ സൂഡോ"...

സത്യം പറയട്ടെ, എന്‍റെ പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്‍റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ "ബെർമൂഡ" രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി. ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന "തൊരപ്പൻ ബാസ്റ്റിൻ" നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്‍റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി. ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിന്‍റെ ഒരു പൂച്ചെണ്ട്..

TAGS :

Next Story