''പുഴുവിലെ മോഹനേട്ടനായി കുറച്ചുദിവസം ഞങ്ങൾക്കൊപ്പം ചെലവഴിച്ചു''; മഹാനടന്റെ അവസാന അഭിനയമുഹൂർത്തങ്ങൾ പങ്കുവച്ച് സംവിധായകൻ ഹർഷദ്

മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന 'പുഴു' നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ്

MediaOne Logo

Web Desk

  • Updated:

    2021-10-11 15:37:15.0

Published:

11 Oct 2021 3:37 PM GMT

പുഴുവിലെ മോഹനേട്ടനായി കുറച്ചുദിവസം ഞങ്ങൾക്കൊപ്പം ചെലവഴിച്ചു; മഹാനടന്റെ അവസാന അഭിനയമുഹൂർത്തങ്ങൾ പങ്കുവച്ച് സംവിധായകൻ ഹർഷദ്
X

അന്തരിച്ച മഹാനടൻ നെടുമുടി വേണുവിന്റെ അവസാന അഭിനയമുഹൂർത്തങ്ങളുടെ ഓർമ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഹർഷദ്. മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന 'പുഴു' നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ്. ചെറിയ വേഷമാണെങ്കിലും അദ്ദേഹം ഏറ്റെടുത്ത് അഭിനയിക്കാനെത്തിയെന്ന് ചിത്രത്തിന്റെ കഥയും തിരിക്കഥയും നിർവഹിച്ച ഹർഷദ് ഓർമിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'പുഴു'വിന് വേണ്ടി വേണു ചേട്ടനോട് കഥ പറയാനായി ഫോൺ നമ്പർ കിട്ടിയപ്പോൾ ആകെയൊരു ചമ്മലായിരുന്നു. കഥയിലെ നിർണായക വേഷമാണെങ്കിലും ഉടനീളം ഇല്ലാത്തൊരു വേഷമാണല്ലോ, എങ്ങിനെയാ അത് പറയേണ്ടത് എന്നൊരു ആശങ്ക. പക്ഷേ ഒരിക്കലെങ്കിലും ആ മഹാനടനോടൊപ്പം വർക്ക് ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു.

മടിയോടെയാണെങ്കിലും വിളിച്ചു. കഥയും കഥാപാത്രവും സിനിമയിലെ ആ വേഷത്തിന്റെ പ്രാധാന്യവും പറഞ്ഞു. വേണുചേട്ടനെ സമ്പന്ധിച്ചേടത്തോളം വളരെ നിസ്സാരമായ വേഷം! വിശദമായ സംസാരത്തിനുശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് മനസ്സിൽ തട്ടിയത്. ''അല്ല മോനേ ഞാനിത്രയും വിശദമായി ചോദിച്ചത് ഞാനെന്തെങ്കിലും മാനറിസങ്ങൾ പിടിക്കണോ എന്നറിയാനായിരുന്നു. ഓക്കേ ബാക്കി നേരിട്ട് കാണാം''.

വേണുചേട്ടൻ വന്നു. പുഴുവിലെ മോഹനേട്ടനായി കുറച്ച് ദിവസം ഞങ്ങളോടൊപ്പം ചെലവഴിച്ചു. സന്തോഷത്തോടെ തിരിച്ചുപോയി. ആ ഓർമകൾക്ക് മുന്നിൽ പ്രണാമത്തോടെ...

TAGS :

Next Story