Quantcast

കൂവലും കൈയ്യടിയും അറസ്റ്റും; പോയ വര്‍ഷം മലയാള സിനിമ കണ്ട വിവാദങ്ങള്‍

സിനിമാ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത് മുതല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൂവല്‍ നേരിടേണ്ടി വന്നതായി നീളുന്നതാണ് പോയ വര്‍ഷം

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2023-01-03 08:49:24.0

Published:

1 Jan 2023 3:41 PM GMT

കൂവലും കൈയ്യടിയും അറസ്റ്റും; പോയ വര്‍ഷം മലയാള സിനിമ കണ്ട വിവാദങ്ങള്‍
X

മികച്ച സിനിമകള്‍ക്കൊപ്പം വിവാദങ്ങള്‍ കൊണ്ടും സജീവമായ വര്‍ഷമായിരുന്നു മലയാള സിനിമക്ക് കഴിഞ്ഞ വര്‍ഷം. സിനിമാ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത് മുതല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൂവല്‍ നേരിടേണ്ടി വന്നതായി നീളുന്നതാണ് പോയ വര്‍ഷം. പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ട കേസിലൂടെ ദേശീയ തലത്തിലും കേരളം ശ്രദ്ധിക്കപ്പെട്ടു. ഒരു പേരിനെ ചൊല്ലി സിനിമ പ്രതിസന്ധിയിലാകുന്നതും സിനിമാ നിരൂപണങ്ങളിലെ ശരി തെറ്റുകള്‍ ചര്‍ച്ചയായതും 2022ല്‍ തന്നെയായിരുന്നു. പോയ വര്‍ഷം മലയാളി കണ്ട വിനോദ ലോകത്തെ പ്രധാന വിവാദങ്ങള്‍ ഇവയാണ്.


മലയാള സിനിമയിലെ ലൈംഗികാതിക്രമ പരാതികള്‍

(വിജയ് ബാബു, ലിജു കൃഷ്ണ, ഗോവിന്ദന്‍ക്കുട്ടി)

മലയാള സിനിമയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൊണ്ട് കോളിളക്കം സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞുപോയത്. നിര്‍മാതാവായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയാണ് ഇതില്‍ ആദ്യം പുറത്തുവന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഇതിനെതിരെ വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ പ്രതികരണവുമായി രംഗത്തെത്തുകയും നടിയുടെ പേര് പരസ്യപ്പെടുത്തുകയും ചെയ്തത് വലിയ വിവാദങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും വഴിവെച്ചു. ഫേസ്ബുക്ക് ലൈവിന് പിന്നാലെ രാജ്യം വിട്ട വിജയ് ബാബുവിനായി പിന്നീട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കരസ്ഥമാക്കിയതോടെ താരം നാട്ടിലേക്ക് തിരിച്ചെത്തി. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതും പോയ വര്‍ഷമാണ്. സിനിമയുടെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സിനിമാ രംഗത്തെ തന്നെ യുവതിയുടെ പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് സംവിധായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ പടവെട്ട് സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ ലിജു കൃഷ്ണ ആരോപണങ്ങള്‍ ഉന്നയിച്ചു.തനിക്കെതിരായ ലൈംഗികാരോപണ പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസാണെന്നും ഡബ്ല്യൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗിക്കുകയായിരുന്നുവെന്നുമായിരുന്നു ലിജു കൃഷ്ണയുടെ ആരോപണം. 'പടവെട്ട്' സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അദ്ദേഹം പറഞ്ഞു. ലിജു കൃഷ്ണയുടെ ആരോപണങ്ങള്‍ക്ക് പിന്നീട് മറുപടിയുമായി ഡബ്ല്യൂ.സി.സിയും രംഗത്തുവന്നു. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ തങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പമാണെന്നും ലിജു കൃഷ്ണ നടത്തിയ പ്രസ്താവനകളോട് ആ സമയത്ത് പ്രതികരിക്കാതിരുന്നത് പുറത്തിറങ്ങിയ സിനിമയെയും അതില്‍ പ്രവര്‍ത്തിച്ച ആളുകളുടെയും പരിശ്രമത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.

നടനും അവതാരകനുമായ ഗോവിന്ദന്‍ക്കുട്ടിക്കെതിരായ പീഡനപരാതിയാണ് ഈ പരമ്പരയിലെ അവസാനത്തേത്. നടിയും മോഡലുമായ യുവതിയാണ് താരത്തിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.അതിനിടെ സിനിമാ മേഖലയിലെ ഉന്നതരെയടക്കം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ഗോവിന്ദന്‍ക്കുട്ടി ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നതും 2022ലെ വാര്‍ത്താ സംഭവങ്ങിലൊന്നാണ്. 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടിയാണ് താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിടുകയായിരുന്നു. മോശമായി പെരുമാറിയ ഒരാള്‍ക്കെതിരെ നടി തല്ലാനൊരുങ്ങുന്നതിന്‍റെ ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വനിതാ അവതാരകയോടുള്ള അധിക്ഷേപവും ശ്രീനാഥ് ഭാസിക്കെതിരായ സിനിമാ വിലക്കും

അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുന്നതിനും പോയ വര്‍ഷം സാക്ഷ്യം വഹിച്ചു. 'ചട്ടമ്പി' സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങളില്‍ അനിഷ്ടം തോന്നിയ ശ്രീനാഥ് ഭാസി അധിക്ഷേപകരമായ രീതിയില്‍ അവതാരകയോട് പെരുമാറിയെന്നായിരുന്നു പരാതി. സംഭവം വിവാദമായതോടെ താരത്തെ കുറഞ്ഞ കാലത്തേക്ക് മലയാള സിനിമയില്‍ നിന്നും വിലക്കുന്നതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. തൊട്ടുപിന്നാലെ ശ്രീനാഥ് ഭാസി മാപ്പു പറയുകയും അവതാരകയായ യുവതി അത് അംഗീകരിക്കുകയും ചെയ്തതോടെ പ്രശ്നങ്ങള്‍ക്ക് അവസാനമായി. പരാതിക്കാരിയുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു.


കാന്താരയും തൈക്കൂടത്തിന്‍റെ വരാഹ രൂപവും

പുറത്തിറങ്ങിയതില്‍ പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കന്നഡ ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചിത്രം നിറഞ്ഞുനില്‍ക്കെ തന്നെ വിവാദങ്ങളിലും സ്ഥാനം പിടിച്ചു. പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിലെ 'വരാഹരൂപം' എന്ന ഗാനം വിവാദത്തിലായത്. ചിത്രത്തിലെ പാട്ട് തങ്ങളുടെ 'നവരസ' എന്ന പാട്ടിന്‍റെ പകര്‍പ്പാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. കാന്താരക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു. ഗാനം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആദ്യം കോടതി നിര്‍ദേശിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. കോടതി നടപടികള്‍ക്ക് മുന്നിലാണ് കേസ് ഇപ്പോഴും.


കയറ്റത്തില്‍ നിന്ന് മഞ്ജു വാര്യരും സനല്‍ കുമാര്‍ ശശിധരനും

സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനും പോയ വര്‍ഷം സാക്ഷിയായി. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച 'കയറ്റം' എന്ന സിനിമയിലെ നായികയാണ് മഞ്ജു വാര്യര്‍. സിനിമയുടെ ചിത്രീകരണത്തിന് പിന്നാലെ മഞ്ജു വാര്യരോട് പ്രണയം തോന്നിയതായി സനല്‍ വെളിപ്പെടുത്തിയിരുന്നു. നടി സനല്‍കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. 2019 മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നു എന്നായിരുന്നു നടിയുടെ പരാതി. നേരിട്ടും, ഫോണിലൂടെയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനാലാണ് നിരന്തരം ശല്യം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ പിന്നീട് സംവിധായകന് ജാമ്യം ലഭിച്ചു.


ഹ്വിഗ്വിറ്റയും എന്‍.എസ് മാധവനും

ഒരു പേരിന്‍റെ പേരില്‍ മലയാള സിനിമയില്‍ പോര്‍ക്കളം തുറക്കുന്നതിനും 2022 വേദിയായി. എൻ.എസ് മാധവന്‍റെ പ്രശസ്തമായ കഥയാണ് 'ഹിഗ്വിറ്റ'. അതേ പേര് ഒരു സിനിമയ്ക്കു നല്‍കിയതിലെ ദുഃഖം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. തൊട്ടുടനെ 'ഹിഗ്വിറ്റ' എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. കേരള ഫിലിം ചേംബര്‍ പേര് ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. എന്നാല്‍ തനിക്ക് അങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് സംവിധായകന്‍ ഹേമന്ദ് നായരും രംഗത്തുവന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകരും വ്യക്തമാക്കി. 'ഹിഗ്വിറ്റ' എന്ന സിനിമയ്ക്ക് എന്‍.എസ് മാധവന്‍റെ കഥയുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സിനിമ ജനുവരി ആദ്യവാരം റിലീസ് ചെയ്യുമെന്ന് ഏറ്റവുമൊടുവിലെ വിവരം.


എഡിറ്റിങ് പഠിക്കണോ സിനിമ വിമര്‍ശിക്കാന്‍?

സിനിമക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്തുള്ള സംവിധായകരുടെ പരാമര്‍ശങ്ങളും കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ ചര്‍ച്ചയായി. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനെതിരായ പ്രേക്ഷക വിമര്‍ശനത്തോട് എഡിറ്റിങ് പഠിക്കാത്തവരുടെ വിമര്‍ശനം എന്ന രീതിയില്‍ മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. സമാന ആരോപണം 'സാറ്റര്‍ഡേ നൈറ്റി'ന്‍റെ പരാജയത്തിന് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസും പ്രേക്ഷകര്‍ക്ക് നേരെ ഉയര്‍ത്തി. സിനിമയെ വിമര്‍ശിക്കാം, വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള നിലവാരം കൂടി വേണമെന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാദം. സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്, നിരവധി പേര്‍ സിനിമയെ ഉപജീവനമാക്കി ജീവിക്കുന്നുണ്ട്. കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ലെന്നും അവരെല്ലാവരും പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും ഇവിടെ വിമര്‍ശിച്ച് താഴെയിറക്കുകയാണ് ചെയ്യുന്നതെന്നും റോഷന്‍ പ്രതികരിച്ചു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സിനിമാ ആസ്വാദകര്‍ തൊടുത്തത്. ഇതിനു പിന്നാലെ സിനിമാ നിരൂപണങ്ങള്‍ അതിരു കടക്കുന്നുവെന്ന വിമര്‍ശനവുമായി സംവിധായിക അഞ്ജലി മേനോനും രംഗത്തുവന്നു. സമീപ കാലത്ത് സിനിമ കഴിയുന്നതിന് മുന്‍പേ സാമൂഹിക മാധ്യമങ്ങളില്‍ റിവ്യൂ വരാറുണ്ടെന്നും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്നും അഞ്ജലി പറഞ്ഞു. സിനിമ കണ്ട ശേഷം റിവ്യൂ ചെയ്യണമെന്നും അതിന് മുന്‍പ് സിനിമ സംഭവിക്കുന്ന പ്രക്രിയയെക്കുറിച്ച് പഠിക്കണമെന്നും അഞ്ജലി മേനോന്‍ അഭിപ്രായപ്പെട്ടു. സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നവര്‍ എഡിറ്റിങ് എന്താണെന്ന് അറിഞ്ഞിരിക്കണമെന്നും ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അഞ്ജലി പ്രതികരിച്ചു. സിനിമാ വിമര്‍ശനത്തിന്‍റെ ശരിയായ സ്വഭാവം ഏത് തരത്തില്‍ വേണമെന്നതില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് സാമൂഹിക മാധ്യമങ്ങള്‍ വേദിയായത്.


ഐ.എഫ്.എഫ്.കെയിലെ കൂവലും രഞ്ജിത്തിന്‍റെ മറുപടിയും

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു നേരെ കാണികൾ കൂവി വിളിച്ചത് വര്‍ഷാന്ത്യത്തിലായിരുന്നു. ഇതിനുള്ള രഞ്ജിത്തിന്‍റെ മറുപടി പിന്നീട് വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചു. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് പ്രേക്ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. പ്രസംഗിക്കാൻ വേദിയിലേയ്‌ക്ക് എത്തിയപ്പോഴായിരുന്നു കാണികൾ കൂകി വിളിച്ചത്. എന്നാൽ, തനിക്ക് കൂവൽ ഒരു പുത്തരിയല്ലെന്നും എസ്എഫ്‌ഐയിലൂടെ വളർന്ന ആളാണ് താനെന്നുമാണ് പ്രതിഷേധക്കാരോട് രഞ്ജിത്തിന്‍റെ മറുപടി. രഞ്ജിത്തിന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കി.

TAGS :

Next Story