വീണ്ടും അമൽ നീരദ് മാജിക്! 'ബാച്ചിലർ പാർട്ടി 2' ഫസ്റ്റ് ലുക്ക് എത്തി; റിലീസ് തീയതി ഇതാ!
വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ‘Bachelor Party D'eux’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നവംബർ 19നാണ് ചിത്രം തിയറ്ററുകളിലെത്തുക.
നസ്ലെൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നദിയ മൊയ്തു, രാജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ഫസ്റ്റ് ലുക്കിൽ ഇടംപിടിച്ചിരിക്കുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. എന്നാൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ‘Bachelor Party’യുമായി നേരിട്ട് ബന്ധമുള്ള കഥയല്ലെങ്കിലും, അതിന്റെ ആത്മാവ് നിലനിർത്തുന്ന സ്പിരിച്വൽ സീക്വലായാണ് ‘Bachelor Party D'eux’ ഒരുങ്ങുന്നത്.
ആക്ഷനും സ്റ്റൈലിഷ് മേക്കിങ്ങും നിറഞ്ഞ അവതരണത്തിലൂടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘Bachelor Party’. അസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ മണി, റഹ്മാൻ, വിനായകൻ, പൃഥ്വിരാജ് സുകുമാരൻ, നിത്യ മേനൻ, റമ്യ നമ്പീശൻ, ലെന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
തിയറ്റർ വിജയത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങൾ, ആക്ഷൻ രംഗങ്ങൾ, സംഗീതം, അമൽ നീരദിന്റെ സ്റ്റൈലിഷ് ട്രീറ്റ്മെന്റ് എന്നിവയിലൂടെ ‘Bachelor Party’ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചിത്രവും പ്രേക്ഷകശ്രദ്ധ നേടുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് ‘Bachelor Party D'eux’ ഒരുങ്ങുന്നത്.
അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അമൽ നീരദിന്റെ സ്ഥിരം സഹപ്രവർത്തകനായ ഉണ്ണി ആർ ആണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഫസ്റ്റ് ലുക്കിലൂടെ തന്നെ വൻ താരനിരയെ പരിചയപ്പെടുത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്.
അമൽ നീരദിന്റെ അവസാന ചിത്രം 'Bougainvillea’ ആയിരുന്നു. ജ്യോതിർമയിയെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം വാണിജ്യവിജയം നേടുകയും പിന്നീട് ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
‘Bougainvillea’ക്ക് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘Bachelor Party D'eux’നുണ്ട്. നവംബർ 19ന് ചിത്രം തിയറ്ററുകളിൽ എത്തുന്നതോടെ പുതിയ കാലത്തെ താരനിരയും അമൽ നീരദിന്റെ ശൈലിയും 2012ലെ ‘Bachelor Party’യുടെ ഓർമകളും എങ്ങനെ ഒന്നിച്ചെത്തുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
Adjust Story Font
16

