സംഘട്ടനം - മലേഷ്യ ഭാസ്കർ; തിരശ്ശീലയിൽ ആ പേരുയരുമ്പോൾ തിയറ്ററിൽ കയ്യടികൾ ഉയര്‍ന്നിരുന്ന കാലം
ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ തമിഴ് സിനിമയുടെ നിർമ്മാണത്തിലായിരുന്നു

മലേഷ്യ ഭാസ്കർ Photo| Facebook
ചെന്നൈ: പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതം മൂലം മലേഷ്യയിൽ വെച്ചായിരുന്നു മരണം .
താഴ്‌വാരം പോലുള്ള ചിത്രങ്ങളിൽ സംവിധായകൻ ഭരതന് വേണ്ടി റിയലിസ്റ്റിക് ഫൈറ്റും ജോഷി ചിത്രങ്ങളിലെ സാങ്കേതിക മികവാർന്ന ഫൈറ്റും ബാബു ആന്‍റണി ചിത്രങ്ങളിൽ ജനപ്രിയ സ്റ്റൈലിഷ് ഫൈറ്റുകളും ഒരുപോലെ കൊറിയോഗ്രാഫി ചെയ്യുന്നതിൽ മിടുക്കനായിരുന്ന മലേഷ്യ ഭാസ്കർ . സംഘട്ടനം - മലേഷ്യ ഭാസ്കർ എന്ന പേര് തിരശീലയിൽ കാണിക്കുമ്പോൾ തിയറ്ററിൽ നിറഞ്ഞ കയ്യടികൾ ഉയരുന്ന ഒരു കാലമുണ്ടായിരുന്നു .ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ തമിഴ് സിനിമയുടെ നിർമ്മാണത്തിലായിരുന്നു അദ്ദേഹം .
ഒട്ടേറെ ബന്ധുക്കൾ മലേഷ്യയിലുള്ള അദ്ദേഹം ചിത്രത്തിന്‍റെ ഒരു ഷെഡ്യൂൾ മലേഷ്യയിലാണ് ഷൂട്ട് ചെയ്തതെന്ന് എഡിറ്റർ പി.സി മോഹനൻ ഓർക്കുന്നു . മറ്റന്നാൾ , ശനിയാഴ്ച മലേഷ്യയിൽ വെച്ചാണ് മരണാനന്തര ചടങ്ങുകൾ നടക്കുകയെന്ന് പി.സി മോഹനൻ അറിയിച്ചു .
തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ പ്രവർത്തിച്ച മലേഷ്യ ഭാസ്‌കർ മലയാളം സംവിധായകരായ ജോഷി , ഐ വി ശശി , ഭരതൻ , ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായരുടെയും പുതുമുഖ സംവിധായകരുടെയും ഇരുനൂറ്റി അമ്പതിലേറെ ചിത്രങ്ങൾക്ക് ഫൈറ്റ് കൊറിയോഗ്രാഫി നിർവ്വഹിച്ച് മലയാള സിനിമയുടെ വാണിജ്യ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മൃഗയ, റാംജി റാവും സ്പീക്കിങ്, കളിക്കളം, സൂര്യമാനസം, സാമ്രാജ്യം, ബോക്സര്‍, കുറ്റപത്രം, രണ്ടാം ഭാവം, ബോഡിഗാര്‍ഡ് തുടങ്ങി 250 ഓളം ചിത്രങ്ങളിൽ ഫൈറ്റ് നിര്‍വഹിച്ചിട്ടുണ്ട്.
Adjust Story Font
16

