Quantcast

'കാൻസറിനെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് തെറ്റ്'; പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ

വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നാണ് എ.ഐ.സി.ഡബ്ല്യൂ.എ എക്സിൽ കുറിച്ചത്.

MediaOne Logo

Web Desk

  • Published:

    3 Feb 2024 1:35 PM GMT

കാൻസറിനെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് തെറ്റ്; പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ
X

സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് ആൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യൂ.എ). പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

"മോഡലും നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റാണ്. സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല. ഈ വാർത്തയ്ക്ക് ശേഷം, ഇന്ത്യൻ സിനിമയിലെ ഏത് മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിച്ചേക്കാം. ആരും പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും തരംതാണിട്ടില്ല" സിനി വർക്കേഴ്സ് അസോസിയേഷൻ എക്സിൽ കുറിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നും സിനി വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾ പ്രചരിച്ചത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതുസംബന്ധിച്ച പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രം​ഗത്തെത്തുകയായിരുന്നു.

സെർവിക്കൽ കാന്‍സറിനെ പറ്റി സമൂഹത്തിൽ അവബോധം നല്‍കാനാണ് വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നാണ് പൂനത്തിന്റെ വിശദീകരണം. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

'എന്റെ മരണത്തെക്കുറിച്ചുള്ള പോസ്റ്റ് വ്യാജവാര്‍ത്തയായിരുന്നു അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം മനുഷ്യനെ പതുക്കെ കാര്‍ന്നു തിന്നുന്നതാണ്. ധാരാളം സ്ത്രീകളുടെ ജീവൻ ഈ രോഗം കവര്‍ന്നിട്ടുണ്ട്. സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകണം’- പൂനം പറയുന്നു. പൂനത്തെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

TAGS :

Next Story