ഞാന്‍ മണിരത്നമാണല്ലോ, അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു; അവതാരകന്‍റെ മണ്ടന്‍ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഗൗതം മേനോന്‍

ഗൗതം സംവിധാനം ചെയ്ത സിനിമകള്‍ ഏതെന്നു പോലും അറിയാതെ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിക്കൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-22 09:33:37.0

Published:

22 Sep 2022 9:33 AM GMT

ഞാന്‍ മണിരത്നമാണല്ലോ, അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു; അവതാരകന്‍റെ മണ്ടന്‍ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഗൗതം മേനോന്‍
X

തമിഴില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഗൗതം മേനോന്‍. ചിമ്പു നായകനായ 'വെന്തു തണിന്തത് കാട്' എന്ന ചിത്രമാണ് ഈയിടെ തിയറ്ററുകളിലെത്തിയ ഗൗതം ചിത്രം. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാ​ഗമായി ​ഗൗതം മേനോൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൗതം സംവിധാനം ചെയ്ത സിനിമകള്‍ ഏതെന്നു പോലും അറിയാതെ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.

മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയെക്കുറിച്ചായിരുന്നു അവതാരകന്‍റെ ചോദ്യം. ഈ ചിത്രം ​ഗൗതം മേനോൻ സംവിധാനം ചെയ്തതാണ് എന്നു തെറ്റിദ്ധരിച്ചായിരുന്നു അവതാരകൻ ചോദ്യം ചോദിച്ചത്. ''ചെക്ക ചിവന്ത വാനം സിനിമ ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ? ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സാമി...ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്തു...'' എന്നായിരുന്നു അവതാരകനു അറിയേണ്ടിയിരുന്നത്.

എന്തായാലും അവതാരകനെ നിരാശനാക്കാൻ ​ഗൗതം മേനോൻ തയ്യാറായിരുന്നില്ല. താൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത് എന്ന നിലയിലാണ് ഒരു ഭാവമാറ്റവും ഇല്ലാതെ ​ഗൗതം മേനോൻ മറുപടി നൽകിയത്. ''സത്യം, വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടായിരുന്നു. വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, അരവിന്ദ് സാമി ഇവരൊക്കെ തിരക്കേറിയ താരങ്ങളാണ്. ഇവരുടെയൊക്കെ ഡേറ്റ് വേണം. പക്ഷേ ഞാൻ മണിരത്നം ആണല്ലോ. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇവരെയൊക്കെ എന്റെ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചു. രാവിലെ 4.30 മണിക്ക് ഷൂട്ട് തുടങ്ങും. നടന്മാരെല്ലാം കൃത്യ സമയത്ത് തന്നെ സെറ്റിലെത്തും. ഗൗതം മേനോന്റെ സെറ്റിൽ ചിമ്പു എത്തുന്നത് 7 മണിക്കാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ അദ്ദേഹം ഇവിടെ എനിക്കുവേണ്ടി കൃത്യസമയത്ത് എത്തി.''- എന്നാണ് ​ഗൗതം പറഞ്ഞത്.

അവതാരകനെ വിമർശിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രമുഖനായ സംവിധായകനെ അഭിമുഖം ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ സിനിമകളെക്കുറിച്ചെങ്കിലും അറിയണ്ടേ എന്നും ചിലര്‍ ചോദിച്ചു. ഏതായാലും തന്‍റെ തെറ്റ് മനസിലാക്കാതെ വീണ്ടും ചോദ്യം ചോദിക്കുന്ന അവതാരകനെയും വീഡിയോയില്‍ കാണാം.

TAGS :

Next Story