ശിവാജി ഗണേശന്‍റെ 93 -ാം ജന്മവാർഷികത്തില്‍ ആദരവുമായി ഗൂഗിൾ ഡൂഡിൽ
ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തത്

ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ എന്നറിയപ്പെടുന്ന ശിവാജി ഗണേശന്‍റെ 93 -ാം ജന്മവാർഷികത്തില്‍ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തത്.
ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളെന്നുമാണ് ശിവാജി ഗണേശനെ ഗൂഗിൾ വിശേഷിപ്പിച്ചത്.
🎥 One of India's 1st method actors
— Google Doodles (@GoogleDoodles) October 1, 2021
🏆 1st Indian to win Best Actor at an international film festival
🎬 300+ films
Sivaji Ganesan earned the reputation as one of Indian cinema's top entertainers 🇮🇳#GoogleDoodle 🎨 by guest artist Noopur Choksi→ https://t.co/atoBCcIDCy pic.twitter.com/Q3VPxuX9h6
തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടനായിരുന്ന ശിവാജി ഗണേശൻ 1928 ഒക്ടോബര്‍ ഒന്നിനാണ് ജനിച്ചത്. 1945 ഡിസംബറിൽ ഒരു നാടകവേദിയിൽ 17 -ാം നൂറ്റാണ്ടിലെ രാജാവായ ശിവാജിയെ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം 'ശിവാജി' എന്ന പേര് നേടിയത്. 1950കളില്‍ തമിഴ് സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ ശിവാജി ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട കരിയറിൽ 300 ൽ അധികം സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
1997ൽ ഭാരത സർക്കാർ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'പൂപ്പറിക വരുഗിറോം' ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.
രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. 1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയിൽ അംഗമായിരുന്നു. ഒരു വിവാദത്തിൽ പെട്ട് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1966 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. 1984 ൽ അദ്ദേഹത്തിന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു. 2001 ജൂലൈ 21നായിരുന്നു അന്ത്യം.
Adjust Story Font
16

