'വ്യത്യസ്തയായ പെൺകുട്ടിയായിരുന്നു അവൾ'; നടി നീലം കോത്താരിയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗോവിന്ദ
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായിരുന്നു ഗോവിന്ദയും നീലം കോത്താരിയും

- Published:
5 March 2026 2:00 PM IST

മുംബൈ: 90കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന നടനായിരുന്നു ഗോവിന്ദ. അനായാസമായ നൃത്തച്ചുവടുകളിലൂടെയും കോമഡിയിലൂടെയുമാണ് ഗോവിന്ദ ആരാധകരെ നേടിയെടുത്തത്. തുടര്‍ച്ചയായി നിരവധി ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ചൊരു കാലമുണ്ടായിരുന്നു ഗോവിന്ദക്ക്. അക്കാലത്തായിരുന്നു നടി നീലം കോത്താരിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകൾ പരന്നത്. ഇപ്പോഴിതാ സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ നടിയോട് പ്രണയം തോന്നിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
''ഇന്നത്തെ കാലത്തെ 'അഫയറുകൾ' പോലെയല്ല അന്ന്. പരസ്പരം നോക്കുന്നതിലും ഒപ്പം ജോലി ചെയ്യുന്നതിലുമായിരുന്നു അന്നത്തെ പ്രണയത്തിന്റെ സൗന്ദര്യം . എല്ലാ സിനിമയും ഹിറ്റായിരുന്നു, പാട്ടുകളും'' ഗോവിന്ദ പറയുന്നു. 1990-ൽ സ്റ്റാർഡസ്റ്റുമായുള്ള ഒരു സംഭാഷണത്തിൽ, നീലത്തോടുള്ള തന്‍റെ ആരാധനയെക്കുറിച്ച് ഗോവിന്ദ തുറന്നു പറഞ്ഞിരുന്നു, "ഞങ്ങൾ ഒരുമിച്ച് ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടി, കൂടുതൽ അറിയുന്തോറും എനിക്ക് അവരെ കൂടുതൽ ഇഷ്ടപ്പെട്ടു. ഏതൊരു പുരുഷനും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സ്ത്രീയായിരുന്നു അവർ'' എന്നാണ് ഗോവിന്ദ പറഞ്ഞത്.
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായിരുന്നു ഗോവിന്ദയും നീലം കോത്താരിയും. 80-കളിൽ ഇവരുടെ കെമിസ്ട്രി വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ സിനിമയെ വെല്ലുന്ന നാടകീയമായ പ്രണയകഥയായിരുന്നു ഇവരുടെ യഥാര്‍ഥ ജീവിതത്തിൽ. ലവ് 86, ഇൽസാം (1986), ഖുദ്ഗർസ്, സിന്ദൂർ (1987) തുടങ്ങി ഒരു ഡസനോളം ചിത്രങ്ങളിൽ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
നീലത്തെ വിവാഹം കഴിക്കാൻ ഗോവിന്ദ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ സമയത്ത് ഗോവിന്ദയുടെ അമ്മക്ക് സുനിതയെ ആയിരുന്നു ഇഷ്ടം. അമ്മയുടെ വാക്കിന് വലിയ വില കൽപ്പിച്ചിരുന്ന ഗോവിന്ദ ഒടുവിൽ സുനിതയെ വിവാഹം കഴിക്കുകയായിരുന്നു. സുനിതയുമായി വഴക്കിടുമ്പോഴെല്ലാം ഗോവിന്ദ നീലത്തിന്റെ ഗുണങ്ങളെക്കുറിച്ച് പറയുമായിരുന്നുവെന്നും ഒരിക്കൽ സുനിത നീലത്തെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ ഗോവിന്ദ നിശ്ചയം വരെ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം 1987-ൽ ഗോവിന്ദ സുനിതയെ രഹസ്യമായി വിവാഹം കഴിച്ചു.തന്റെ വിവാഹവാർത്ത പുറത്തറിഞ്ഞാൽ ആരാധകർ കുറയുമെന്നും നീലവുമായുള്ള ഓൺ-സ്ക്രീൻ ജോഡി തകരുമെന്നും ഭയന്ന് ഗോവിന്ദ ഈ വിവരം വർഷങ്ങളോളം രഹസ്യമാക്കി വെച്ചു.നീലത്തിന് ഗോവിന്ദയുടെ വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. താൻ നീലത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ഗോവിന്ദ കുറ്റബോധത്തോടെ പറഞ്ഞിട്ടുണ്ട്.
നീലം പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ജ്വല്ലറി ഡിസൈനിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അവർ സമീർ സോണിയെ വിവാഹം കഴിച്ചു.വർഷങ്ങൾക്ക് ശേഷം 'സൂപ്പർ ഡാൻസർ' പോലുള്ള റിയാലിറ്റി ഷോകളിൽ അതിഥികളായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകർ ഏറ്റെടുത്തിരുന്നു.
Adjust Story Font
16
