Quantcast

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ടി. പത്മനാഭൻ; നിയമം ഉടന്‍ പാസാക്കുമെന്ന് മന്ത്രി

''ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ കേരളം ഈ സർക്കാരിന് മാപ്പുനൽകില്ല. എല്ലാ കാലത്തും ഇത്തരം വൃത്തികേടുകൾ തുടരാൻ താരചക്രവർത്തിമാർക്ക് കഴിയില്ല...''

MediaOne Logo

Web Desk

  • Updated:

    2022-03-25 15:59:53.0

Published:

25 March 2022 2:31 PM GMT

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ടി. പത്മനാഭൻ; നിയമം ഉടന്‍ പാസാക്കുമെന്ന് മന്ത്രി
X

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) സമാപന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ കേരളം ഈ സർക്കാരിന് മാപ്പുനൽകില്ല. ഇതിലും വലിയ ദുർഘടങ്ങളെ അതിജീവിച്ച സർക്കാരാണിത്. എല്ലാ കാലത്തും ഇത്തരം വൃത്തികേടുകൾ തുടരാൻ താരചക്രവർത്തിമാർക്ക് കഴിയില്ലെന്നും പത്മനാഭൻ തുറന്നടിച്ചു.

അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ വേദിയില്‍ തന്നെ പ്രതികരിച്ചു. എഴുത്തുകാരന്‍റെ ആവശ്യപ്രകാരം നിയമം ഉടന്‍ തന്നെ സഭയിൽ അവതരിപ്പിച്ച് പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്താണ് ഹേമ കമ്മീഷൻ?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം രൂപീകൃതമായ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യു.സി.സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ രൂപീകൃതമാകുന്നത്. 2018 മെയ് മാസത്തിലാണ് സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ, റിട്ട. ഐ.എ.എസ് ഓഫീസർ കെ.ബി വത്സലകുമാരി, നടി ശാരദ എന്നിവരടങ്ങിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 2020 ജനുവരി ഒന്നിനാണ് കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു മുൻപിൽ സമർപ്പിച്ചത്. എന്നാൽ, ഇതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പരസ്യമാക്കണമെന്ന് സിനിമാരംഗത്തുള്ളവരും മറ്റ് സാമൂഹിക പ്രവർത്തകരുമെല്ലാം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം നേതാവുമായ പി. സതീദേവി നേരത്തെ വ്യക്തമാക്കിയത്.

Summary: Hema Commission report should be publishes, asks T Padmanabhan

TAGS :

Next Story