Quantcast

ഓസ്കര്‍ പുരസ്കാര വേദിയിൽ ഹിന്ദി പറഞ്ഞ് അവതാരകൻ കോനൻ ഒബ്രിയാൻ; ഞെട്ടി പ്രേക്ഷകര്‍, ഭാഷയെ ഇങ്ങനെ കശാപ്പ് ചെയ്യരുതെന്ന് നെറ്റിസൺസ്

ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടന്ന 97-ാമത് അക്കാദമി പുരസ്കാര ചടങ്ങിലാണ് ഒബ്രിയാൻ ഹിന്ദി പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2025-03-03 05:06:59.0

Published:

3 March 2025 10:35 AM IST

Conan OBrien
X

ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്കാര വേദിയിൽ ഹിന്ദി പറഞ്ഞ് ഇന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അവതാരകനും കൊമേഡിയനുമായ കോനൻ ഒബ്രിയാൻ. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടന്ന 97-ാമത് അക്കാദമി പുരസ്കാര ചടങ്ങിലാണ് ഒബ്രിയാൻ ഹിന്ദി പറഞ്ഞത്.

'നമസ്‌കാരം, നഷേ കെ സാത്ത് ഓസ്‌കര്‍ കര്‍ രഹേ ഹേ ആപ് ലോഗ്' (ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍, ഇപ്പോള്‍ പ്രഭാതമാണ്, അതിനാല്‍ ഓസ്‌കറിനൊപ്പമായിരിക്കും നിങ്ങളുടെ പ്രഭാതഭക്ഷണമെന്ന് പ്രതീക്ഷിക്കുന്നു) എന്നാണ് ഒബ്രിയാന്‍ പറഞ്ഞത്. കോനന്‍റെ ഹിന്ദി കേട്ട് ഇന്ത്യൻ പ്രേക്ഷകര്‍ ഞെട്ടിയെങ്കിലും നെറ്റിസൺസിന് അത്ര ഇഷ്ടപ്പെട്ടില്ല. അമേരിക്കൻ ടെലിവിഷൻ അവതാരകൻ ഭാഷയെ കശാപ്പ് ചെയ്തതായി സോഷ്യൽമീഡിയയിൽ അഭിപ്രായമുയര്‍ന്നു. അമേരിക്കന്‍ ടിവി ഷോ സ്റ്റാറും കൊമേഡിയനും എമ്മി അവാര്‍ഡ് ജേതാവുമായ കോനൻ ഒബ്രിയാന്‍ ഇതാദ്യമായാണ് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങില്‍ അവതാരകനാകുന്നത്.

ഹിന്ദി പറയാന്‍ നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ ഹിന്ദി ഭാഷയെ കശാപ്പ് ചെയ്തുകളഞ്ഞുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഒബ്രിയാന്‍റെ ഹിന്ദി ഉച്ചാരണത്തിൽ എന്‍റെ ചെവികൾ അസ്വസ്ഥമാകുന്നുവെന്നായിരുന്നു മറ്റൊരാള്‍ തുറന്നുപറഞ്ഞത്. കോനൻ ഹിന്ദിയാണോ സംസാരിച്ചതെന്നും തനിക്കൊരു വാക്ക് പോലും മനസിലായില്ലെന്നും ഒരാൾ കുറിച്ചു. ഹിന്ദി കൂടാതെ സ്പാനിഷ്, മന്ദാരിൻ ഭാഷകളിലും അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തിരുന്നു.

അതേസമയം ഇത്തവണ ഇന്ത്യക്ക് ഓസ്കര്‍ നിരാശയാണ് സമ്മാനിച്ചത്. ആക്ഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തിൽ 'അനുജ' മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഡച്ച് ഭാഷയില്‍ പുറത്തിറങ്ങിയ 'ഐ ആം നോട്ട് എ റോബോട്ട്'ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story