Quantcast

മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് സീരിയൽ പിറന്നതെങ്ങനെ? ഓർമകൾ പങ്കുവച്ച് സക്കറിയ

എണ്‍പതുകളില്‍ മലയാളി കുടുംബങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സൂപ്പര്‍ ഹീറ്റ് ടെലിവിഷന്‍ പരമ്പര 'കൈരളീ വിലാസം ലോഡ്ജ്' പിറന്ന ഗൃഹാതുര ഓർമകള്‍ പങ്കുവയ്ക്കുകയാണ് സീരിയലിന്‍റെ തിരക്കഥാകൃത്ത് കൂടിയായ എഴുത്തുകാരന്‍ സക്കറിയ

MediaOne Logo

Web Desk

  • Updated:

    2021-08-08 14:37:17.0

Published:

8 Aug 2021 5:15 PM IST

മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് സീരിയൽ പിറന്നതെങ്ങനെ? ഓർമകൾ പങ്കുവച്ച് സക്കറിയ
X

മലയാളിയുടെ ടെലിവിഷന്‍ ഓർമകളില്‍ മായാതെ കിടക്കുന്ന പരമ്പരയാണ് 'കൈരളീ വിലാസം ലോഡ്ജ്'. എണ്‍പതുകളില്‍ കുടുംബങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സൂപ്പര്‍ ഹീറ്റ് സീരിയല്‍ പിറന്ന ഗൃഹാതുര ഓർമകള്‍ പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത പരമ്പരയുടെ തിരക്കഥാകൃത്ത് കൂടിയാണ് സക്കറിയ. മലയാളത്തിന്‍റെ പ്രിയ നടന്‍ നെടുമുടി വേണു പ്രധാന റോള്‍ നിര്‍വഹിച്ച സീരിയല്‍ 13 എപ്പിസോഡുകളായാണ് ദൂരദര്‍ശന്‍ പുറത്തുവിട്ടത്.

അന്ന് എഴുത്തുകാരനെന്ന നിലയ്ക്കുള്ള ഉള്‍ഭയം കാരണം പരമ്പരയുടെ രണ്ടോ മൂന്നോ എപ്പിസോഡുകളേ കണ്ടിട്ടുള്ളൂവെന്ന് സക്കറിയ പറയുന്നു. പിന്നീട് പലതവണ വേണുവിനൊപ്പം ചേര്‍ന്ന് സീരിയല്‍ കാണാൻ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. സീരിയല്‍ പകര്‍പ്പ് ദൂരദർശനിൽനിന്ന് അപ്രത്യക്ഷമായതായാണ് മനസ്സിലാക്കുന്നതെന്നും ആര്‍ക്കെങ്കിലും അത് എവിടെയെങ്കിലും ഉള്ളതായി അറിവുണ്ടെങ്കില്‍ പങ്കുവയ്ക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സക്കറിയ ആവശ്യപ്പെടുന്നു.

സക്കറിയയുടെ മുഴുവന്‍ കുറിപ്പ് വായിക്കാം:

'കൈരളീ വിലാസം ലോഡ്‌ജി'നെ ഓർമിക്കുമ്പോൾ

മലയാളികളുടെ പ്രിയങ്കര നടനും എന്റെ പ്രിയ സുഹൃത്തുമായ നെടുമുടി വേണു ചില നല്ല ഓർമ്മകൾ പുതുക്കിക്കൊണ്ട് ഈയിടെ അയച്ചുതന്നതാണ് കൂടെയുള്ള ചിത്രങ്ങൾ. 'കൈരളീവിലാസം ലോഡ്ജ്' എന്ന ദൂരദർശൻ പരമ്പരയുടെ ചിത്രാഞ്ജലിയിലെ സെറ്റിൽ വച്ചെടുത്തത്. 1987-88ലായിരുന്നു ഷൂട്ട്. 88ൽ(വർഷം ശരിയെന്നു കരുതുന്നു) തിരുവനന്തപുരം കേന്ദ്രം. 13 എപ്പിസോഡുകളായി അത് സംപ്രേഷണം ചെയ്തു. സംവിധാനം ചെയ്തതും ഒരു പ്രധാന റോളിൽ അഭിനയിച്ചതും വേണുവായിരുന്നു. കഥയും തിരക്കഥയും എഴുതിയത് ഞാനും.


ശശികുമാർ (ഏഷ്യാനെറ്റ് സ്ഥാപകൻ) ഡൽഹിയിൽ പിടിഐ ടിവിയുടെ ചീഫ് പ്രൊഡ്യൂസർ ആയിരിക്കുമ്പോളാണ് അദ്ദേഹം ആളുകൾക്ക് ചിരിക്കാൻ വകനൽകുന്ന ഒരു പരമ്പരയുടെ സാധ്യത എന്നോട് അന്വേഷിച്ചത്. ചിരിപ്പിക്കൽ ഒട്ടും എളുപ്പമല്ലെങ്കിലും എനിക്ക് സ്വന്തമായി ചിരിക്കാനുള്ള കഴിവെങ്കിലുമുണ്ടെന്ന വിശാസത്തിൽ ഞാൻ അതേറ്റെടുത്തു.

എന്നിട്ട് എന്റെ കൂട്ടുകാരൻ മോൻകുട്ടൻ എന്ന കാവാലം പദ്മനാഭനെ(താളവാദ്യങ്ങളുടെയും വീണയുടെയും പുല്ലാംകുഴലിന്റെയും ഉസ്താദ്. ബഹുമുഖസഹൃദയൻ. കാവാലം നാരായണപ്പണിക്കരുടെ ജ്യേഷ്ഠസഹോദരപുത്രൻ) തട്ടിയെടുത്തുകൊണ്ട് ഹരിദ്വാറിലേക്കു യാത്രയായി. മണി മുഴങ്ങുന്നത് കേൾക്കാനല്ല (അതും നല്ലതു തന്നെ) ഗംഗയിൽ കുളിച്ചു താമസിച്ചുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതാൻ. കാലത്തൊരു കുളി, വൈകിട്ടൊരു കുളി. പറ്റിയാൽ ഇടയ്‌ക്കൊരു കുളി. മോൻകുട്ടന്റെ ഹൃദയംനിറഞ്ഞ നർമബോധവും കൃത്യമായ നാടകവേദീജ്ഞാനവും എന്നെ തുണച്ചു. അതുപോലെ തന്നെ ഞങ്ങളുടെ ഒത്തൊരുമിപ്പിന്റെ സൗഖ്യവും.

അങ്ങനെ ആദ്യം ഹരിദ്വാറിലും പിന്നെ ഋഷികേശിലും ഓരോ കുളിച്ചുതാമസങ്ങൾ കഴിഞ്ഞപ്പോൾ 13ൽ പാതിയോളം എപ്പിസോഡുകൾക്ക് ഏകദേശരൂപമായി. ഞങ്ങൾ ഇരുവരുടെയും കെട്ടുകണക്കിനു പാപങ്ങൾ ഗംഗയിലൂടെ ഒഴുകിയും പോയി(ഗംഗയുടെ മലിനീകരണത്തിന്റെ ആരംഭം അതായിരുന്നോ എന്ന് സംശയിക്കണം). തീർത്ഥാടനകേന്ദ്രത്തിന്റെ ബാർ ആയി പ്രവർത്തിക്കുന്ന തൊട്ടടുത്തുള്ള ജ്വാലാപൂർ ടൗണിലെ നാടൻ മദ്യക്കടകളുടെ സമ്പദ്വ്യവസ്ഥയ്ക്കു ഞങ്ങളെ കൊണ്ട് ചെറുതല്ലാത്ത പ്രയോജനമുണ്ടായി എന്നതും സ്മരിക്കട്ടെ.

പരമ്പരയുടെ കഥ വേണുവിനെ പറഞ്ഞുകേൾപ്പിക്കുകയും അദ്ദേഹം അത് സംവിധാനം ചെയ്യാമെന്നു സന്തോഷപൂർവം സമ്മതിക്കുകയും ചെയ്തിരുന്നു. നടീനടന്മാരെ കണ്ടെത്തുന്ന ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു(പെട്ടെന്ന് ഓർമവരുന്ന പേരുകൾ: വേണു നാഗവള്ളി, ജഗന്നാഥൻ, കരമന ജനാർദനൻ നായർ, കൃഷ്ണൻ കുട്ടി നായർ, എംഎസ് തൃപ്പൂണിത്തുറ-ഇവർ ഇന്ന് നമ്മോടൊപ്പമില്ല- മണിയൻപിള്ള രാജു, ജഗദീഷ്, വിലാസിനി, സിത്താര. ഇന്നസെന്റും ശ്രീനിവാസനും ഗസ്റ്റ് ആർട്ടിസ്റ്റുകൾ. വിട്ടുപോയ പേരുകൾ പലതുണ്ട്, മാപ്പു ചോദിക്കുന്നു).


ചിത്രാഞ്ജലിയിൽ ലോഡ്ജിന്റെ സെറ്റിട്ടു. എല്ലാം റെഡി. പക്ഷെ ഷൂട്ട് തുടങ്ങുമ്പോൾ എന്റെ കൈവശം, ഗംഗയിലെ എല്ലാ നീരാട്ടങ്ങൾക്കും ശേഷവും, പൂർണമായി റെഡിയായ എപ്പിസോഡുകൾ രണ്ടോ മൂന്നോ മാത്രം. ഡൽഹിയിൽനിന്ന് ഷൂട്ട് ദിവസം സ്‌ക്രിപ്റ്റുമായി വിമാനത്തിൽ പാഞ്ഞെത്തുന്ന ഗുരുതരമായ അവസ്ഥ ഒന്ന് രണ്ടു തവണയുണ്ടായി. അതോടെ വേണു പറഞ്ഞു, 'ഇത് ശരിയാവില്ല. അപകടം പടിവാതിൽക്കലെത്തി. ഉറച്ചിരുന്ന് എഴുതണം. ഞാൻ എന്റെ വീട്ടിൽ തളച്ചിടാം. മര്യാദയ്ക്ക് എഴുതിക്കാം.' അങ്ങനെ ഞാൻ വേണുവിന്റെ കുണ്ടമൺകടവിലെ ദേവൻ മാഷ് പണിത തനിപ്പുത്തൻ വീട്ടിൽ വേണു, സഹധർമിണി സുശീല, വേണുവിന്റെ അമ്മ, കൊച്ചു കുഞ്ഞായ മോൻ എന്നിവരോടൊപ്പം കുടിപ്പാർപ്പ് ആരംഭിച്ചു.

സുശീലയുടെ സ്‌നേഹമധുരമായ അധ്യക്ഷതയിലെ ആ ജീവിതം സുന്ദരമായൊരു നല്ല കാലമായിരുന്നു. വേണുവിനോട് കൂടിയാലോചിച്ച് എഴുതിയപ്പോൾ സ്‌ക്രിപ്റ്റിലെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരങ്ങളുണ്ടായി. ഞങ്ങളുടെ കൂട്ടുകൂട്ടലുകളുടെ പരമ്പരകൾ വേറെ. ഭാസ്‌കരൻ മാഷ് വന്നു. അരവിന്ദൻ വന്നു. വേണുവിന്റെയും എന്റെയും സുഹൃത്തുക്കൾ പലരും വന്നു. എന്റെ ചെറുതായിരുന്ന മകൾ കുറച്ചുദിവസം വന്നുതാമസിച്ചു. ഒരു വൈകുന്നേരം ഭാസ്‌കരൻ മാഷ് 'നഗരം നഗരം' പാടുന്നത് ഓർമ്മയുണ്ട്. പലയിടത്തും സ്വന്തം ട്യൂണിലാണ് മൂപ്പർ പാടുന്നത്! വേണു മൃദംഗത്തിൽ കസറി. ഞാൻ പാലായിൽനിന്ന് ഒരു മഞ്ഞ ഇല്ലി തൈ കൊണ്ടുവന്നു. വേണു അത് ആറ്റിറമ്പത്തു നട്ടു. പാലായിൽനിന്ന് വന്നതായതുകൊണ്ട് അത് കാടായിത്തീരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വേണു അതിനെ വരുതിയിൽ കൊണ്ടുവന്നു.


അന്ന് ശബ്ദം ലൈവായി റെക്കോർഡ് ചെയ്യുകയായിരുന്നുവെന്ന് വേണു സ്മരിക്കുന്നു. ഡബ്ബിങ് ഇല്ലാതെയാണ് മുഴുവൻ പരമ്പരയും ചെയ്തുതീർത്തത്. ആ രീതി അക്കാലത്ത് അപൂർവമായിരുന്നു.

അഭിനേതാക്കളിൽ കുറച്ചുപേരെ ഈ ചിത്രങ്ങളിൽ കാണാം. പലരും പിന്നീട് പ്രശസ്തരായി. ആദ്യം സൂചിപ്പിച്ചതു പോലെ പലരും കടന്നുപോയി. എന്റെ പ്രിയ കൂട്ടുകാരൻ സുരേഷ് പാട്ടാലിയെ ഞാൻ പ്രത്യേകം ഓർമിക്കുന്നു. ഞങ്ങൾ പാട്ടാലിയെ ബലംപ്രയോഗിച്ചെന്ന പോലെ നടനാക്കുകയായിരുന്നു. ഒരു ദുഃഖിതകാമുകന്റെ റോളാണ് ചെയ്തത്. അഞ്ചുവർഷം കഴിഞ്ഞാണ് പാട്ടാലി ഏഷ്യാനെറ്റിൽ വന്നത്.

പ്രധാനപ്പെട്ട പല ക്രെഡിറ്റുകളും ഈ ചെറിയ കുറിപ്പിൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ലാത്തതിൽ ദുഃഖമുണ്ട്. ഞാൻ ഈ പരമ്പരയുടെ രണ്ടോ മൂന്നോ എപ്പിസോഡുകളേ കണ്ടിട്ടുള്ളൂ. കാണാൻ പേടിയായിരുന്നു -എഴുത്തുകാരന്റെ ഭീരുത്വം. വേണുവും ഞാനും ഇത് ഒന്നുകൂടി കാണാൻ പല ശ്രമങ്ങളും നടത്തി. പരാജയപ്പെട്ടു. ദൂരദർശനിൽനിന്ന് അപ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കുന്നത്. കാലം അതിനെ എവിടെയോ മറവുചെയ്തുകഴിഞ്ഞു. കാലം ചരിത്രത്തിന്റെ തന്നെ എത്രയോ പരമ്പരകൾക്ക് സാക്ഷിനിന്നിരിക്കുന്നു! പിന്നെയല്ലേ ഇത്. എന്നിരുന്നാലും ഇത് വായിക്കുന്ന ഏതെങ്കിലും സുഹൃത്തിന് ഈ പരമ്പരയുടെ കോപ്പി എവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കിൽ വേണുവിനെയോ എന്നെയോ അറിയിച്ചാൽ വളരെ സന്തോഷമായി. ശുഭം!

TAGS :

Next Story