Quantcast

40 വര്‍ഷമെടുത്തു ഇവള്‍ എന്‍റെ കയ്യില്‍ വരാന്‍: രേവതി

'ഏറ്റവും സന്തോഷിക്കുന്നത് എന്‍റെ അമ്മയും അച്ഛനുമായിരിക്കും'

MediaOne Logo

Web Desk

  • Published:

    25 Sep 2022 3:03 AM GMT

40 വര്‍ഷമെടുത്തു ഇവള്‍ എന്‍റെ കയ്യില്‍ വരാന്‍: രേവതി
X

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വയം സമര്‍പ്പിക്കുന്നുവെന്ന് നടി രേവതി. നാല്‍പതോളം വര്‍ഷമെടുത്തു ഈ പുരസ്കാരം ലഭിക്കാന്‍. ഈ പുരസ്കാരം തന്നെ സംബന്ധിച്ച് വിലമതിക്കാന്‍ കഴിയാത്തതാണെന്നും അവാര്‍ഡ് ഏറ്റുവാങ്ങി രേവതി പറഞ്ഞു.

"അവാര്‍ഡ് ചെയറില്‍ വെയ്ക്കാമെന്ന് പറഞ്ഞു. എനിക്ക് വിടാന്‍ തോന്നിയില്ല. ഇവള്‍ എന്‍റെ കയ്യില്‍ വരാന്‍ നാല്‍പതോളം വര്‍ഷമെടുത്തു. നിങ്ങളുടെ സ്നേഹം ഒരുപാടു വര്‍ഷങ്ങളായി, ഒരുപാട് സിനിമകളിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇവളെ കിട്ടാന്‍ ഇത്രയും വര്‍ഷമായി. ഏറ്റവും സന്തോഷിക്കുന്നത് എന്‍റെ അമ്മയും അച്ഛനുമായിരിക്കും. ഈ അവാര്‍ഡ് ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്ന ചോദ്യം എപ്പോഴും ചോദിക്കാറുണ്ട്. ഈ അവാര്‍ഡ് ഞാന്‍ എനിക്കു തന്നെ സമര്‍പ്പിക്കുന്നു. ഞാനിത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ജൂറി ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും മുഖ്യമന്ത്രിക്കും നന്ദി"- രേവതി പറഞ്ഞു.

മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ നടന്‍ ജോജു ജോര്‍ജും വൈകാരികമായാണ് സംസാരിച്ചത്- "പല പടങ്ങളിലും എന്തു ചെയ്യണമെന്നും എന്തു ചെയ്യേണ്ടെന്നും എന്തു തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി ഒരുപാടുപേര്‍... എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എനിക്കിതിലും വലിയൊരു നേട്ടം നേടാനാവുമോ എന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും, എല്ലാവരോടും".

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സിത്താരയ്ക്ക് വേണ്ടി മകൾ ഏറ്റുവാങ്ങി.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഏറ്റുവാങ്ങി. ഏത് പ്രതിസന്ധി ഘട്ടത്തിലും മലയാള സിനിമ ജൈത്രയാത്ര തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Summary- I dedicate this award to myself, actress Revathi after receiving state film award

TAGS :

Next Story