എന്തുകൊണ്ടാണ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാത്തത്? കാരണം വ്യക്തമാക്കി ഇളയരാജ
സംഗീതസംവിധായകൻ ദേവയുടെ ശവസംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹം എത്താതിരുന്നതാണ് അടുത്തിടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു

ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെയും സഹപ്രവർത്തകരുടെയും സംസ്കാരച്ചടങ്ങുകളിൽ ഒരിക്കലും പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ കാണാറില്ല. എത്ര അടുത്ത സുഹൃത്താണെങ്കിലും അവസാനമായി കാണാൻ ഇളയരാജ എത്താറില്ല. ഇതിൽ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ.
തൻ്റെ ഓർക്കസ്ട്രയിലെ പ്രമുഖ ഗിറ്റാറിസ്റ്റും വർഷങ്ങളായുള്ള സഹപ്രവർത്തകനുമായ സദാനന്ദത്തിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇളയരാജ മനസ് തുറന്നത്.
"ഒരാൾ മരിച്ചതിനു ശേഷം ആ അവസ്ഥയിൽ ഞാൻ അവരെ കാണാറില്ല. അവരെ അങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. കാരണം, അവർ ജീവിച്ചിരുന്നപ്പോൾ എന്നോടൊപ്പം പ്രവർത്തിക്കുകയും ജീവിക്കുകയും എൻ്റെ വികാരങ്ങളുടെ ഭാഗമാവുകയും ചെയ്തവരാണ്. മരിച്ചതിനു ശേഷമുള്ള ആ അവസ്ഥയേക്കാൾ, അവർ ജീവിച്ചിരുന്നപ്പോൾ ഒന്നിച്ച് പങ്കിട്ട നല്ല ഓർമകളോടെ അവരെ മനസിൽ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
തൻ്റെ ജീവിതത്തിൽ സദാനന്ദത്തിനുണ്ടായിരുന്ന വലിയ സ്ഥാനത്തെക്കുറിച്ചും ഇളയരാജ അനുസ്മരിച്ചു. സഹപ്രവർത്തകർ ജീവിച്ചിരിക്കുമ്പോൾ അവർ നൽകിയ സ്നേഹവും ഒപ്പമുണ്ടായിരുന്ന സന്തോഷനിമിഷങ്ങളും മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് മരണാനന്തര ചടങ്ങുകളിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ഇതോടെ ഇളയരാജ വ്യക്തമാക്കി. സംഗീതസംവിധായകൻ ദേവയുടെ ശവസംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹം എത്താതിരുന്നതാണ് അടുത്തിടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സദാ മാസ്റ്റർ എന്ന് അറിയപ്പെടുന്ന സദാനന്ദം ഇളയരാജയുടെ പ്രധാന ഗിറ്റാറിസ്റ്റായി സേവനമനുഷ്ഠിക്കുകയും ദീർഘകാലം അദ്ദേഹത്തിന്‍റെ ഓര്‍ക്കസ്ട്ര സംഘത്തിൽ അംഗമായിരുന്നു. മുതിർന്ന സംഗീതസംവിധായകൻ ആർ. സുദർശനത്തിന്റെ മകനായ സദാനന്ദം നാല് പതിറ്റാണ്ടിലേറെയായി ഇളയരാജക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
Adjust Story Font
16

