Quantcast

400 ഹിറ്റുകൾ, 50 ബ്ലോക്ക്ബസ്റ്ററുകൾ; സൂപ്പർതാരങ്ങളെ പിന്നിലാക്കിയ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കർ

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന പ്രേം നസീര്‍ സൃഷ്ടിച്ച റെക്കോഡിൽ തൊടാൻ ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും സാധിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    8 Sept 2026 11:53 AM IST

400 ഹിറ്റുകൾ, 50 ബ്ലോക്ക്ബസ്റ്ററുകൾ; സൂപ്പർതാരങ്ങളെ പിന്നിലാക്കിയ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കർ
X

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ സൂപ്പർതാരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമിതാഭ് ബച്ചൻ, രജനീകാന്ത്, ദിലീപ് കുമാർ, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, ഷാരൂഖ് ഖാൻ എന്നിവരുടെ പേരുകളായിരിക്കും ഉയര്‍ന്നു നിൽക്കുക. എന്നാൽ ഏറ്റവും വലിയ താരത്തെ തീരുമാനിക്കുന്നതിന്‍റെ മാനദണ്ഡമെന്താണ്?

വിജയശതമാനമാണ് (Success rate) മാനദണ്ഡമെങ്കിൽ ദിലീപ് കുമാറാണ് മുന്നിൽ. കലക്ഷൻ തുകയുടെ അടിസ്ഥാനത്തിലാണെങ്കിൽ ഷാറൂഖ് ഖാൻ ബഹുദൂരം മുന്നിലാണ്. തിയറ്ററുകളിൽ ഏറ്റവുമധികം ആളുകൾ കണ്ട സിനിമകളുടെ കണക്കെടുക്കുകയാണെങ്കിൽ അമിതാഭ് ബച്ചന് മുകളിൽ മറ്റാരുമില്ല.

എന്നാൽ ബോക്സ് ഓഫീസിൽ ബാക്കിവെച്ച വിജയങ്ങളുടെ എണ്ണമാണ് അളവുകോലെങ്കിലോ? വിജയം മാത്രമായി വിലയിരുത്തപ്പെടുന്ന ഒരു സിനിമാ ലോകത്ത് വിജയചിത്രങ്ങളുടെ എണ്ണത്തിന് വലിയ പ്രാധാന്യമുണ്ട്. ആ മാനദണ്ഡം വെച്ച് നോക്കിയാൽ, മുകളിൽ പറഞ്ഞ സൂപ്പർതാരങ്ങൾ ആരും തന്നെ മലയാളത്തിന്റെ ആ ഇതിഹാസ താരത്തിന് മുന്നിൽ എത്തില്ല. നാല് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം തനിച്ചുനേടിയ ഹിറ്റുകളുടെ എണ്ണം, മുകളിൽ പറഞ്ഞ സൂപ്പര്‍ താരങ്ങളുടെയെല്ലാം ആകെ ഹിറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും!

ഇന്ത്യൻ സിനിമ ഭരിച്ച മലയാളി താരം

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന പ്രേം നസീര്‍ സൃഷ്ടിച്ച റെക്കോഡിൽ തൊടാൻ ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും സാധിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെ മലയാള സിനിമ ഭരിച്ച താരം. 50 കളുടെ ആരംഭം മുതൽ 80 കളുടെ അവസാനം വരെ നീണ്ടുനിന്ന ഒരു കരിയറിൽ, നായകനായി 700 ലധികം ചിത്രങ്ങൾ ഉൾപ്പെടെ 1000 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കണക്കുകൾ പ്രകാരം 50 ലേറെ ബ്ലോക്ക്ബസ്റ്ററുകൾ നസീറിന്‍റെ പേരിലുണ്ട്. 400 ലധികം ഹിറ്റ് സിനിമകളിൽ നായകനായി.

അതേസമയം ബോളിവുഡിന്‍റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിതാഭ് ബച്ചന് 11 ബ്ലോക്കബസ്റ്ററുകളുമായി ആകെ 60 ഹിറ്റുകളുമായി ബഹുദൂരം പിന്നിലാണ്. 70-ൽ താഴെ ഹിറ്റുകളും ഒരു ഡസൻ ബ്ലോക്ക്ബസ്റ്ററുകളുമുള്ള രജനീകാന്തും ഇതിൽ താഴെയാണ്. പുതിയ താരങ്ങളിൽ ആരും നസീറിന്‍റെ ഏഴയലത്ത് പോലും എത്തില്ല. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കെല്ലാം 35-38 ഹിറ്റുകൾ വീതമുണ്ട്. സൽമാൻ ഖാന് 15 ബ്ലോക്ക്ബസ്റ്ററുകളും.

അഞ്ച് പതിറ്റാണ്ടുകളായി സിനിമാ വ്യവസായം അടക്കിവാണ ബിഗ് ബി, രജനീകാന്ത്, ഷാരൂഖ് എന്നിവരുടെ മൊത്തം ഹിറ്റുകൾ കൂട്ടിച്ചേർത്താലും 25 ബ്ലോക്ക്ബസ്റ്ററുകൾ ഉൾപ്പെടെ 150 ഹിറ്റുകൾ മാത്രമേ ലഭിക്കൂ. ഇത് പ്രേം നസീർ ഒറ്റക്ക് നേടിയതിന്റെ പകുതി പോലും വരില്ല. 500-ലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടിയ നടനാണ് പ്രേം നസീർ.നടി ഷീലയ്ക്കൊപ്പം 130-ലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതും മറ്റൊരു ഗിന്നസ് റെക്കോർഡാണ്.

നാടകത്തിൽ നിന്നും സിനിമയിലേക്ക്

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ അബ്ദുൽ ഖാദര്‍ എന്ന പ്രേംനസീര്‍ 1951ൽ ത്യാഗസീമ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രം റിലീസായില്ല. തൊട്ടടുത്ത വര്‍ഷം മരുമകൾ എന്ന ചിത്രത്തിലും വേഷമിട്ടു. പൊന്നാപുരം കോട്ട എന്ന ചിത്രം തൊട്ടാണ് പ്രേംനസീര്‍ എന്ന പേര് സ്വീകരിക്കുന്നത്. ആ പേര് പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി. മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ നിരൂപക പ്രശംസ നേടി. വിട പറയും മുൻപേയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ ജൂറി പുരസ്കാരം ലഭിച്ചു. പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 50കളിൽ തുടങ്ങിയ അഭിനയജീവിതത്തിന് തിരശ്ശീല വീണത് 1989ലാണ്. ജനുവരി 16ന് 62-ാം വയസിലായിരുന്നു അന്ത്യം. മോഹൻലാലിനൊപ്പം അഭിനയിച്ച കടത്തനാടൻ അമ്പാടിയാണ് പ്രേംനസീര്‍ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

TAGS :

Next Story