Quantcast

ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന ഇന്നസെന്റ് ടച്ച്; എന്നും ഫലിതം കൊണ്ടുനടന്ന ഇരിങ്ങാലക്കുടക്കാരൻ

സ്കൂൾ പഠനം നിർത്തിയ ശേഷം ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും പാടവരമ്പുകളിലും ഇന്നസെന്റിന്റെ തമാശകൾ കേൾക്കാൻ ആളുകൾ വട്ടം കൂടി.

MediaOne Logo

Web Desk

  • Updated:

    2023-03-27 01:28:56.0

Published:

27 March 2023 12:54 AM GMT

Innocent Touch of makes us laugh and think
X

അവഗണനയുടെയും പരിഹസിക്കപ്പെടലിന്റേയും പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു പറയുമ്പോൾ പോലും നർമം ചാലിച്ചാണ് ഇന്നസെന്റ് ആ കഥകളെല്ലാം പറഞ്ഞത്. ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന ഇന്നസെന്റ് ടച്ച് മലയാളികൾക്ക് ഏറെ പ്രിയമായിരുന്നു. തിക്തമായ ജീവിതാനുഭങ്ങൾക്കു മേൽ നർമത്തിന്റെ മേമ്പൊടിയിട്ട് ഇന്നസെന്റ് പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞു.

സ്കൂളിലെ പഠനകാലത്ത് പരാജയപ്പെട്ടവനെന്ന് കൂടെയുള്ളവരെല്ലാം മുദ്രകുത്തുമ്പോഴും ഇന്നസെന്റിനെ ചേർത്തുപിടിച്ച പിതാവ് തെക്കേത്തല വറീതാവാം മകന്റെ നർമബോധം ആദ്യം തിരിച്ചറിഞ്ഞത്. മകനെ ഓർത്ത് ഉറക്കം വരാതിരുന്ന അപ്പനോട് ഇന്നസെന്റ് ഇങ്ങനെ ചോദിച്ചു- അപ്പൻ എന്താ കിടക്കാത്തത്? നിന്നെക്കുറിച്ച് ഓർത്തെന്നാണ്‌ മറുപടി. 'എന്നെക്കുറിച്ച് ഓർത്താൽ ഈ ജന്മം മുഴുവൻ ഉറക്കമുണ്ടാവില്ല്യാട്ടോ'- ഇന്നസെന്റ് ഇങ്ങനെ പറഞ്ഞു തീരുന്നതിനു മുമ്പ് പൊള്ളുന്ന മനസിനിടയിലും തെക്കേതല വറീത് മകനെ ചേർത്ത് പിടിച്ചു പൊട്ടിച്ചിരിച്ചു.

സ്കൂൾ പഠനം നിർത്തിയ ശേഷം ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും പാടവരമ്പുകളിലും ഇന്നസെന്റിന്റെ തമാശകൾ കേൾക്കാൻ ആളുകൾ വട്ടം കൂടി. അങ്ങാടിയിലൂടെ നടക്കുമ്പോൾ ഓരോ കടക്കാരനും വിളിച്ചു തുടങ്ങും- ഇന്നസെന്റ് ഇന്ന് ഇങ്ങോട്ട് വാ... പറയുന്ന തമാശകൾക്ക് പകരമായി കടക്കാർ ചായയും സിഗരറ്റും നൽകും.

മറ്റൊന്നുമില്ലെങ്കിലും തന്റെ കൈയിൽ ഫലിതമുണ്ടെന്നും അതിനാളുകളെ ചിരിപ്പിക്കാൻ സാധിക്കുമെന്നും തനിക്ക് മനസിലായത് ഇരിങ്ങാലക്കുടയിലെ ഈ കടത്തിണ്ണകളിൽ നിന്നാണെന്ന് ഇന്നസെന്റ് പിന്നീട് പറഞ്ഞിട്ടുണ്ട്. സിനിമയിൽ സജീവമായതോടെ പച്ചയായ കലർപ്പില്ലാത്ത നർമം സ്ക്രീനിൽ എത്തിക്കാൻ തിരക്കഥ എഴുത്തുകാരും സംവിധായകരും ഇന്നസെന്റിനെ ഒപ്പം കൂട്ടി. മലയാളികൾ ഇന്നും പൊട്ടിച്ചിരിക്കുന്ന രംഗങ്ങൾ പലതും ലൊക്കേഷനിൽ വച്ച് ഇന്നസെന്റ് തന്നെ കൂട്ടിച്ചേർത്തവയാണ്.

സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും ജനപ്രതിനിധിയായപ്പോഴും പ്രസംഗത്തിലൂടെ സിനിമാ വേഷം അഴിച്ചുവെച്ച് ഇന്നസെന്റ് നമ്മളെ ചിരിപ്പിച്ചു. ഇന്നസെന്റിന്റെ ഫലിതങ്ങൾ സ്ക്രീനിൽ കണ്ട് ജനം കൈയടിച്ചു പൊട്ടിച്ചിരിക്കുമ്പോഴും ഉള്ള് പൊള്ളി കണ്ണുനിറഞ്ഞ ഇന്നസെന്റിനെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞത് ഇങ്ങനെയാണ്- റാംജിറാവു സ്പീക്കിങ് എന്ന സിനിമ പുറത്തിറങ്ങി ആരാധകർ ഏറ്റെടുത്ത സമയം... തൃശൂരിലെ സിനിമാശാലയിൽ കുടുംബസമേതം ഇന്നസെന്റും സിനിമ കാണാനിരുന്നു. അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോഴെല്ലാം ആളുകൾ കസേരയിൽ കയറി നിന്ന് ചിരിച്ചു. ആ ആൾക്കൂട്ടത്തിന്റെ ചിരിയാരവങ്ങൾക്ക് നടുവിൽ തന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇന്നസെന്റ് സ്വയം പറഞ്ഞു, ഇതിനാണല്ലോ ഞാൻ ഇത്രയും നാൾ അലഞ്ഞത്, പട്ടിണി കിടന്നത്, പരിഹസിക്കപ്പെട്ടത്. സിനിമ ശാലയിലെ അട്ടഹാസങ്ങൾക്കും ചിരികൾക്കും നടുവിലിരുന്ന് ഇന്നസെന്റ് തേങ്ങിക്കരഞ്ഞു.

അതെ ഇന്നസെന്റിന്, ചിരിപ്പിക്കാനെ അറിയുമായിരുന്നുള്ളൂ. സ്വയം പുകയുമ്പോഴും മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ ഇന്നസെന്റ് മരണം വരെ ശ്രമിച്ചിരുന്നു. പ്രിയപ്പെട്ട ഇന്നസെന്റ് ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ നിമിഷം ഞങ്ങൾക്ക് ആ മുഖത്തെ ചിരി ഓർത്തെടുക്കാൻ സാധിക്കില്ല.

TAGS :

Next Story