Quantcast

എല്ലാവരെയും ഹാപ്പിയാക്കി നീരജ, ഈ അമ്മ ഒരു ആവേശമാണ്

ബിബി മോന്റെ അമ്മ വിളിക്കുമ്പോൾ തന്നെ ഉറപ്പാണ്, ചിരിയുടെ എന്തോ എലമെന്റ് ഉണ്ടെന്ന്, സീൻ എത്ര ഡാർക്ക് ആണെങ്കിലും ഒന്ന് കൂൾ ആകുമെന്ന്

MediaOne Logo

Web Desk

  • Updated:

    2024-04-24 10:04:09.0

Published:

23 April 2024 10:32 AM GMT

എല്ലാവരെയും ഹാപ്പിയാക്കി നീരജ, ഈ അമ്മ ഒരു ആവേശമാണ്
X

മുന്നിൽ വന്ന ​ഗുണ്ടകളെയെല്ലാം നിലംപരിശാക്കി, ഫുൾ ഓൺ ഫയറിൽ നിൽക്കുന്ന രം​ഗണ്ണനെ ഒറ്റ ഡയലോ​ഗ് കൊണ്ട് കൂളാക്കിയ അമ്മ. ഹൈപ്പർ ആക്ടീവായ ഡോൺ ആ അമ്മയ്ക്ക് വേണ്ടി ഏതാനും നിമിഷങ്ങൾ കൊണ്ട് നിശബ്ദനാകുന്നു, മനസ്സ് വരെ മാറ്റുന്നു. തിയേറ്ററുകളെ ആവേശത്തിലാക്കി ഓടുന്ന ജിത്തു മാധവന്റെ 'ആവേശത്തിലെ' ബിബിന്റെ അമ്മയ്ക്ക് പ്രേക്ഷകർ കൊടുക്കുന്നത് നൂറിൽ നൂറ് മാർക്കാണ്. മോനെ ഒരിക്കൽ പോലും അടിക്കാത്ത പാവവും നിഷ്കളങ്കയുമായി വന്ന് തിയേറ്ററുകളെ ചിരിപ്പൂരത്തിലേക്ക് തള്ളിവിടുകയാണ് നീരജ രാജേന്ദ്രന്റെ അമ്മ കഥാപാത്രം.


മലയാളത്തിലെ എക്കാലെത്തെയും ക്ലാസിക്കുകളിലൊന്നായ കിരീടത്തിൽ കിരീക്കാടൻ ജോസിനെ കൊല്ലാൻ നിൽക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തോട് തിലകൻ പറയുന്നുണ്ട് 'നിൻ്റെ അച്ഛനാടാ പറയണേ, കത്തി താഴെ ഇടാൻ' എന്ന്. അവസാന ലാപ്പിലെ അമ്മയുടെ ഫോൺ വിളി സീനിൽ ചിലരെങ്കിലും ഇത് ഓർത്ത് കാണും. കുറച്ച് സീനുകളിൽ മാത്രം വന്ന് പ്രേക്ഷക മനസ് കീഴടക്കിയവർ ലോക സിനിമയിൽ തന്നെ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഒന്നാണ് ബിബിയുടെ അമ്മ കഥാപാത്രവുമെന്ന് ഒരു സംശയവുമില്ലാതെ പറയുകയാണ് പ്രേക്ഷകരെല്ലാം. നടി ദർശന രാജേന്ദ്രന്റെ അമ്മയാണ് നീരജ. ആവേശത്തിലെ അമ്മയെ കുറിച്ചും സിനിമാ അനുഭവങ്ങളെ കുറിച്ചും മീഡിയാവണ്ണിനോട് പങ്കുവെക്കുകയാണ് നീരജ രാജേന്ദ്രൻ.




ടെൻഷൻ മാറ്റുന്ന അമ്മ

ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും പരസ്യച്ചിത്രങ്ങളിലുമായി നൂറോളം പ്രോജക്ടുകളുടെ ഭാ​ഗമായി പ്രവർത്തിച്ച ശേഷമാണ് ആവേശത്തിലെത്തുന്നത് എന്ന് പറയുന്നു നീരജ. സംവിധായകൻ ജിത്തു മാധവനുമായി 2017 മുതൽ പരിചയമുണ്ട്. ജിത്തുവുമായി ചേർന്ന് ആദ്യമായി ചെയ്യുന്നത് ഫുഡ്മാ എന്ന പരസ്യമാണ്. രോമാഞ്ചത്തിന്റെ ഫസ്റ്റ് ഡേ ഷോയ്ക്ക് വിളിച്ചപ്പോഴാണ് ആദ്യമായി ജിത്തു മാധവൻ ഈ സിനിമയുടെ കാര്യം പറയുന്നത്.

അത്ര ടെൻഷൻ അടിച്ചിരിക്കുമ്പോഴായിരിക്കും അമ്മയുടെ വിളി വരുന്നത്. ആ കോളിൽ ബിബി മോനെ പോലെ നമ്മളും ഒന്ന് അയയുന്നു. അമ്മ വിളിക്കുമ്പോൾ തന്നെ ഉറപ്പാണ്, ചിരിയുടെ എന്തോ എലമെന്റ് ഉണ്ടെന്ന്. ഡബ്ബ് ചെയ്യുമ്പോൾ പോലും ബിബി മോന്റെ അമ്മയെ പ്രേക്ഷകർ ഇത്ര ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നീരജ. സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് അതിന്റെ ഇംപാക്ട് മനസിലാകുന്നത്.




വലിയ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയാണ് അമ്മ കഥാപാത്രം ചെയ്തത്. അങ്ങട് ചെയ്തു അത്ര തന്നയേ ഉള്ളൂവെന്ന് പറയും നീരജ. കൗണ്ടർ സീനുകൾ മിക്കതും ഫോർട്ട് കൊച്ചിയിൽ നിന്നായിരുന്നു ഷൂട്ട്. 'ഇത്ര ഉറക്കെ കരയണ്ട', എന്നിങ്ങനെ ചില ഭാ​ഗങ്ങളിൽ സംവിധായകന്റെ നിർദേശങ്ങളുമുണ്ടായിരുന്നു. തിയേറ്റർ വിസിറ്റിന്റെ ഭാ​ഗമായി ആവേശം കണ്ടപ്പോഴാണ് ആളുകൾ അമ്മ കഥാപാത്രത്തെ എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്ന് ശരിക്കും മനസിലാക്കുന്നത്.

ഒരുപാട് ഇഷ്ടത്തോടെ

സിനിമ കണ്ട് കഥാപാത്രത്തോടുള്ള ഇഷ്ടം അറിയിച്ചു കൊണ്ട് നിരവധിയാണ് സന്ദേശങ്ങളും ഫോൺ വിളികളും വരുന്നത്. ജീവിതത്തിൽ കണക്ട് ചെയ്യാൻ പറ്റുന്ന, മനസിൽ നിന്ന് മായാതെ നിൽക്കുന്ന അമ്മയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിളികളത്രയും വരുന്നത്. സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ഓർക്കുന്ന കഥാപാത്രമാണെന്ന് ആളുകൾ പറയുമ്പോൾ അതിയായ സന്തോഷത്തിലാണ് നീരജ. തിയേറ്ററിൽ ഇതെല്ലാം കാണുമ്പോൾ തനിക്ക് തന്നെ ചിരി വരുന്നുണ്ടെന്ന് നീരജ പറയുന്നു. അഭിനയിക്കുമ്പോൾ ഇതിന് എത്രത്തോളം ഇംപാക്ട് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. സിനിമ തിയേറ്ററിലെത്തി ആളുകൾ കണ്ട് ചിരിക്കുമ്പോഴാണ് ആളുകൾക്ക് ചിരിക്കാൻ പറ്റുന്നുണ്ട്, ഇതിൽ തമാശ വന്നിട്ടുണ്ട് എന്ന് മനസിലാകുന്നത്. അത് കണ്ടപ്പോൾ ആവേശം കൂടി.



യഥാർഥ ജീവിതത്തിലും മക്കളുടെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അത് പഠനത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും. ഇഷ്ടമുള്ള കോളേജിൽ പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും തുടങ്ങി എല്ലാ കാര്യത്തിലും ദർശനയ്ക്കും ഭാവനയ്ക്കും ഫുൾ സപ്പോർട്ടായിരുന്നു ഈ അമ്മ നൽകിയത്.

ആവേശത്തിലാക്കി കുട്ടികൾ

സിനിമയിലെ പ്രധാന താരങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരുമായി സിനിമയിൽ ​കോംബിനേഷൻ സീനുകൾ കുറവായിരുന്നു. എന്നാൽ തിയേറ്റർ വിസിറ്റിന്റെ വേളയിലാണ് കുട്ടികളുടെ വൈബ് നീരജ ശരിക്കും കണ്ടറിയുന്നത്.

കല്പനയും ഊർവശിയും ചെയ്ത കഥാപാത്രങ്ങൾ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് നീരജയ്ക്ക് ഇഷ്ടം കൂടുതൽ. പ്രത്യേകിച്ച് കല്പന ചെയ്തതുപോലെ തിരുവനന്തപുരം സ്ലാ​ങ്ങിലുള്ള കോമഡി കഥാപാത്രങ്ങൾ. ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും തൃശ്ശൂർ ഭാഷയാണ് നന്നായി വഴങ്ങുക. എങ്കിലും തിരുവനന്തപുരം സ്ലാങ്ങ് പിടിക്കണമെന്ന് സംവിധായകൻ ജിത്തു പറഞ്ഞപ്പോൾ വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. ഇതിന് മുമ്പ് ചില സിനിമകളിൽ തിരുവനന്തപുരത്തുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നെങ്കിലും സ്ലാങ്ങ് ഉള്ളത് കുറവായിരുന്നു. അതെല്ലാം കൊണ്ട് തന്നെ ഹാപ്പി എന്നു പറയുന്നത് ആവേശമാണ്.

ആവേശം കണ്ട് ഇറങ്ങുന്ന എല്ലാവരുടെയും മനസിൽ ഒരു ചോദ്യമുണ്ട്, രം​ഗണ്ണൻ ബിബി മോന്റെ അമ്മയെ കാണാൻ വരുമോയെന്ന്. വരട്ടെയെന്ന് ചിരിച്ചുകൊണ്ട് പറയുകാണ് നീരജ.

TAGS :

Next Story