ബിക്കിനി ധരിച്ചാണോ രാഖി കെട്ടുന്നത്?; രക്ഷാബന്ധൻ പരസ്യത്തിൽ കൃതി സനോണിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കങ്കണ
രക്ഷാ ബന്ധനുമായി ബന്ധപ്പെട്ട ജ്വല്ലറി പരസ്യചിത്രത്തിലാണ് കൃതി സനോൺ ബിക്കിനി മോഡലിലുള്ള വസ്ത്രം ധരിച്ചത്

ന്യൂഡൽഹി: രക്ഷാ ബന്ധനുമായി ബന്ധപ്പെട്ട് നടി കൃതി സനോൺ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റാ സ്റ്റോറിയിലൂടെ നടിയുടെ പേര് പറയാതെയാണ് കങ്കണയുടെ പരിഹാസം. പരസ്യ ചിത്രത്തിൽ വെളുത്ത ബ്രാ ലെറ്റ് മോഡലിലുള്ള ബ്ലൗസും ക്യാപ്പും ഡ്രാപ്പേഡ് ആയിട്ടുള്ള പാവാടയുമായിരുന്നു കൃതി ധരിച്ചിരുന്നത്. ഒരു പരമ്പരാഗത ആഘോഷത്തിന്റെ പരസ്യത്തിൽ ബ്രാലെറ്റ് ശൈലിയിലുള്ള വസ്ത്രം ധരിച്ചെത്തിയ കൃതിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ വിമർശനമുന്നയിച്ചത്.
'ഇന്ന് നമ്മുടെ അലമാരകളിൽ നിറയെ വ്യത്യസ്‌തമായ വസ്ത്രങ്ങളുണ്ട്. നിരവധി വൈവിധ്യമാർന്ന വസ്ത്ര ശേഖരം നമ്മുടെ പക്കലുണ്ട്. അതിൽ കോക്‌ടെയ്ൽ വസ്ത്രങ്ങൾ മുതൽ പരമ്പരാഗത ലെഹങ്ക ചോളികൾ വരെ ഉൾപ്പെടും. ജീൻസ് മുതൽ സാരികൾ വരെ, ബിക്കിനി മുതൽ സൽവാരുകൾ വരെ ഇതിൽപെടും. എന്നിട്ടും നിങ്ങളുടെ സഹോദരന് ബിക്കിനിയിലും അടിവസ്ത്രത്തിലും രാഖി കെട്ടുന്നത് എന്തിനാണ് ? നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകൾ ഇത്രക്ക് അരോചകമായത് എങ്ങനെയാണ്?'- എന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റ സ്റ്റോറി
വസ്ത്ര വിവാദത്തിന് പുറമേ, ഒരു നായയ്ക്ക് രാഖി കെട്ടുന്ന ദൃശ്യങ്ങളും പരസ്യത്തിലുണ്ട്. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. എന്നാൽ നിലവിലെ വിവാദങ്ങളെക്കുറിച്ചോ കങ്കണ റണാവത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ചോ കൃതി സനോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

