Quantcast

'നിങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടു പോകും, അനുഭവിക്കേണ്ടത് ഞാനും എന്റെ ടീമും'; ജൂറി ചെയർപേഴ്‌സനെതിരെ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ

''ഇസ്രായേലിനെ വിമര്‍ശിക്കാനെടുക്കുന്ന സ്വാതന്ത്ര്യം മറ്റുരാജ്യങ്ങളിൽ കാട്ടരുത്''

MediaOne Logo

Web Desk

  • Updated:

    2022-11-29 08:32:04.0

Published:

29 Nov 2022 8:16 AM GMT

നിങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടു പോകും, അനുഭവിക്കേണ്ടത് ഞാനും എന്റെ ടീമും; ജൂറി ചെയർപേഴ്‌സനെതിരെ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ
X

ഗോവ: രാജ്യാന്തര ചലചിത്ര മേളയിൽ കശ്മീർ ഫയൽസ് ഉൾപ്പെടുത്താൻ പാടില്ലായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ നദാവ് ലപ്പിഡിന്റെ പരമാർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ. നദാവ് ലപ്പിഡിന്റെ പരാമർശം ലജ്ജാകരമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു. നിങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടു പോകും. അനുഭവിക്കേണ്ടത് ഞാനും എന്റെ ടീമുമാണെന്ന് ഇസ്രയേൽ അംബാസിഡർ പറഞ്ഞു. താങ്കൾ കാണിച്ച ധീരതയുടെ ഫലമായി ഞങ്ങളുടെ ഇൻബോക്‌സുകളിൽ വരുന്ന സന്ദേശങ്ങൾ ഒന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നദാവ് മാപ്പ് പറയണമെന്നും ഇസ്രായേലി ൽ വിമർശനം ഉന്നയിക്കാൻ എടുക്കുന്ന സ്വാതന്ത്ര്യം മറ്റുരാജ്യങ്ങളിൽ കാട്ടരുതെന്നും നാവോർ ഗിലോൺ ട്വിറ്ററിൽ കുറിച്ചു..

53 ആമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളിലൊന്നായിരുന്ന കശ്മീർ ഫയൽസിനെ ആഭാസ ചിത്രമെന്നാണ് ജൂറി ചെയർപേഴ്സണും ഇസ്രയേലി സംവിധായകനും നിർമാതാവുമായ നദാവ് ലപ്പിഡ് വിശേഷിപ്പിച്ചത്.

ഇതിനെതിരെയാണ് ഇസ്രയേൽ സ്ഥാനപതി ട്വിറ്ററിലൂടെ ആഞ്ഞടിച്ചത്. ലപ്പിഡിന് ഒരു തുറന്ന കത്ത് എന്ന മുഖവുരയോടെയാണ് അംബാസഡർ നവോർ ഗിലോൺ 12 ട്വീറ്റുകളിലായി ദൈർഘ്യമേറിയ കുറിപ്പുകൾ എഴുതിയത്. ഞാൻ ഹീബ്രു ഭഭാഷയിലില്ല, ഇംഗ്ലീഷിലാണ് എഴുതുന്നതെന്നും ഇത് ഇന്ത്യക്കാർക്ക് കൂടി മനസിലാകണം എന്നു പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു.

'അതിഥി ദൈവത്തെ പോലെയാണ് എന്നാണ് ഇന്ത്യൻ സംസ്‌കാരത്തിൽ പറയുന്നത്. ഗോവ ചലച്ചിത്ര മേളയിലെ ജഡ്ജിമാരുടെ പാനൽ അധ്യക്ഷനാകാൻ ഇന്ത്യ നിങ്ങളെ ക്ഷണിച്ചതും അവർ നിങ്ങൾക്ക് നൽകിയ വിശ്വാസവും ആദരവും ഊഷ്മളമായ ആതിഥ്യമര്യാദയും നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തു.' ഗിലോൺ ട്വീറ്റ് ചെയ്തു.

'ഒരു ഇസ്രായേലി എന്ന നിലയിൽ നിങ്ങളെയും ഇസ്രായേലിന്റെ അംബാസഡറായി എന്നെയും അവർ ക്ഷണിച്ചതിന്റെ കാരണം ഇസ്രായേലിനോടുള്ള ഇന്ത്യയുടെ സ്‌നേഹം ആഘോഷിക്കാനാണ്. നിങ്ങൾ എന്തിനാണ് അത്തരത്തിൽ പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാൻ ഒരു സിനിമാ വിദഗ്ധനല്ല, പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനുമുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് എനിക്കറിയാം. ഇത് ഇന്ത്യയിലെ ഉണങ്ങാത്ത മുറിവാണ്. കാരണം അതിന്റെ ഇരകളിൽ പലരും ഇപ്പോഴും ചുറ്റുമുണ്ട്. ഇപ്പോഴും അവർ അതിന്റെ വില കൊടുക്കുന്നു.

നിങ്ങൾ മുൻകാലങ്ങളിൽ ചെയ്തതുപോലെ, ഇസ്രായേലിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചു കൊള്ളൂ... ആ സ്വാതന്ത്ര്യം മറ്റുരാജ്യങ്ങളിൽ കാട്ടരുത്''. നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഞങ്ങൾ ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ടവരാണ്. നിങ്ങൾ കാണിച്ച ധീരതയുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾ കാണണം. അത് എന്റെ കീഴിലുള്ള ടീമിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിങ്ങൾ അറിയണം- ഗിലോൺ പറഞ്ഞു.

അതേസമയം, ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവചരിത്രത്തിൽ ആദ്യമായാണ് മത്സരവിഭാഗത്തിലുള്ള ഒരു ചിത്രത്തെക്കുറിച്ച് വളരെ രൂക്ഷമായ വിമർശനം ജൂറി പരസ്യമായി പ്രകടിപ്പിക്കുന്നത്. ഇസ്രയേൽ ഭരണകൂടത്തിന്റെ കടുത്ത വിമർശകൻ കൂടിയാണ് ജൂറി ചെയർമാനായ നദാവ് ലപ്പിഡ്. ''രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീർ ഫയൽസ് എന്നായിരുന്നു ജൂറി ചെയർമാൻ നാദവ് ലാപ്പിഡിന്റെ വിമർശനം. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപ്പഗൻഡ) സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിൻറെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അശ്ലീല സിനിമയായി തോന്നി. ഈ വേദിയിൽ ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നി. വിമർശനങ്ങൾ സ്വീകരിക്കുക എന്നതു കലയിലും ജീവിതത്തിലും അത്യന്താപേക്ഷിതമാണ്'' നദാവ് ലപ്പിഡ് പറഞ്ഞു.കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കം പങ്കെടുത്ത സമാപനചടങ്ങിലാണ് ഇസ്രായേൽ എഴുത്തുകാരനും ചലചിത്രകാരനുമായ നദാവ് ലപ്പിഡിന്റെ വിമർശനം.

TAGS :

Next Story