Quantcast

" സ്നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ ജീവിതത്തിലേക്ക് സ്വീകരിച്ചു " നടൻ ജനാർദ്ദനന്‍റെ പ്രണയകഥ

മണിയൻപിള്ള രാജുവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    25 Aug 2023 1:00 PM IST

Janardhanan
X

ജനാര്‍ദ്ദനനും മക്കളും

ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് കോമഡി വേഷങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജനാര്‍ദ്ദനന്‍. എഴുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്. വോയിസ് ഓഫ് സത്യനാഥനാണ് ജനാര്‍ദനന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ താരം തന്റെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ ജീവിതത്തിലേക്ക് സ്വീകരിച്ച കാര്യമാണ് ജനാർദ്ദനൻ മണിയൻപിള്ള രാജുവുമായുള്ള അഭിമുഖത്തിൽ പങ്കുവച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'എന്‍റെ ബന്ധത്തിൽപെട്ട ഒരു പെൺകുട്ടിയുമായി ചെറുപ്പം മുതൽ ഒരു പ്രണയമുണ്ടായിരുന്നു. ബന്ധുതയൊക്കെ വച്ച് അവൾക്ക് കല്യാണപ്രായമായപ്പോൾ അവളുടെ അച്ഛൻ മറ്റൊരാളുമായി അവളെ കല്യാണം കഴിപ്പിച്ചു. നമ്മൾ ദുഃഖിതനായി. ആ ദുഃഖം മനസ്സിൽ വച്ച് മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു. ഇതിനിടയിൽ അതിലൊരു കുട്ടിയും ജനിച്ചിരുന്നു.

അവൾ വിഷമിച്ചിരുന്നപ്പോൾ ഞാൻ കൂടെ കൂട്ടാൻ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നിന്‍റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്. അങ്ങനെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പക്ഷേ അവൾക്ക് എന്റെ കൂടെ കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വർഷമായി. അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്. രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് ഞാനും.' ജനാർദ്ദനൻ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്റെ നല്ല മനസ്സിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.

TAGS :

Next Story