Quantcast

മലയാള സിനിമയിലെ ഒരു പ്രത്യേക ഗ്യാങിന്‍റെ ചിത്രമായിരുന്നുവെങ്കില്‍ 2018ന് ഓസ്കര്‍ കിട്ടുമായിരുന്നു: ജൂഡ് ആന്‍റണി

വിദേശഭാഷ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ചിത്രം മത്സരിച്ചത്

MediaOne Logo

Web Desk

  • Published:

    1 Jan 2024 2:14 AM GMT

Jude Anthany Joseph
X

ജൂഡ് ആന്‍റണി

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതീക്ഷയായിട്ടാണ് ജൂഡ് ആന്‍റണി ജോസഫിന്‍റെ '2018' എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഓസ്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും ചിത്രം പുറത്താവുകയായിരുന്നു. വിദേശഭാഷ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ചിത്രം മത്സരിച്ചത്. എന്നാല്‍ മറ്റൊരു ഗ്യാങിന്‍റെ ചിത്രമായിരുന്നെങ്കില്‍ 2018ന് ഓസ്കര്‍ കിട്ടുമായിരുന്നു എന്നു പറയുകയാണ് ജൂഡ് ആന്‍റണി.

മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്‍റണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ ആ ​ഗ്യാങ്ങിന് സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ചാനലിന്‍റെ സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജൂഡ്.

2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ് എന്നാണ് ജൂഡ് പറയുന്നത്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് വ്യാജ പ്രിന്‍റ് ഇറങ്ങിയത് എങ്ങനെയെന്ന് മനസിലായതെന്നും കൂട്ടിച്ചേർത്തു. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി. നമ്മുടെ ഒരു സ്വന്തം വസ്തു ഒരാള്‍‌ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്‍റേതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാ​ഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്‍റയും ആത്മവിശ്വാസത്തിന്‍റയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

TAGS :

Next Story