Quantcast

'വണ്‍സ് എ കിങ് ഓള്‍വെയ്‌സ് എ കിങ്'; 35 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു

മണിരത്നം-കമൽ ഹാസൻ-എ ആർ റഹ്മാൻ കൂട്ടുക്കെട്ടില്‍ പിറക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പേര് നിശ്ചയിക്കാത്ത ചിത്രത്തിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-06 16:29:15.0

Published:

6 Nov 2022 4:26 PM GMT

വണ്‍സ് എ കിങ് ഓള്‍വെയ്‌സ് എ കിങ്; 35 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു
X

35 വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്‍ കമല്‍ ഹാസനും സംവിധായകന്‍ മണിരത്നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം 'നായകന്‍' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മുംബൈയിലെ അധോലോക നായകന്‍റെ വളർച്ചയും ഒടുക്കവും വൈകാരികമായി പറഞ്ഞു വെച്ച നായകന്‍ ഇന്നും ക്ലാസിക്ക് ചിത്രമെന്നാണ് സിനിമാ ആസ്വാദകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് പ്രഖ്യാപനമെന്നത് ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. 'വണ്‍സ് എ കിങ് ഓള്‍വെയ്‌സ് എ കിങ്' എന്ന തലക്കെട്ടിലാണ് സിനിമാ പ്രഖ്യാപനം നടന്നത്. കമല്‍ ഹാസന്‍റെ സിനിമാ കരിയറിലെ 234ആം ചിത്രമാണ് ഇത്. മണിരത്നം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്.

കമൽ ഹാസന്‍റെ രാജ്‍കമല്‍ ഇന്‍റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവര്‍ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്മാനാണ്. മണിരത്നം-കമൽ ഹാസൻ-എ ആർ റഹ്മാൻ കൂട്ടുക്കെട്ടില്‍ പിറക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പേര് നിശ്ചയിക്കാത്ത ചിത്രത്തിനുണ്ട്. 'പൊന്നിയന്‍ സെല്‍വന്‍' ആണ് മണിരത്നം സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. 'പൊന്നിയിന്‍ സെല്‍വന്‍' ഇതിനിടെ ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ജയം രവി, ഐശ്വര്യ റായ്, ജയറാം, തൃഷ, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2023ല്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് കമല്‍ ഹാസന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് 'വിക്രം'. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്.

TAGS :

Next Story