Quantcast

സുരാജിനെ കാണെക്കാണെ... ; റിവ്യു

കൈവിട്ടുപോകുമെന്ന് തോന്നിപ്പിച്ച പല സന്ദര്‍ഭങ്ങളിലും സുരാജിന്‍റെ അതിഗംഭീര പ്രകടനം സിനിമയെ ഉയര്‍ത്തിക്കൊണ്ടുവരുന്നു

MediaOne Logo

Roshin Raghavan

  • Updated:

    2021-09-17 05:54:05.0

Published:

17 Sep 2021 5:01 AM GMT

സുരാജിനെ കാണെക്കാണെ... ; റിവ്യു
X

മകള്‍ ഷെറിന്‍റെ മരണം പോള്‍ എന്ന വയോധികനെ അക്ഷരാര്‍ഥത്തില്‍ ഏകാന്തതയിലേക്കാണ് തള്ളിവിട്ടത്. പക്ഷെ, ഒറ്റപ്പെടലിനെക്കാള്‍ അയാളെ അലട്ടുന്നത് മകളുടെ മരണം ബാക്കിവെച്ച ചില ചോദ്യങ്ങളാണ്. അങ്ങനെയിരിക്കെ, ചില ആവശ്യങ്ങള്‍ക്കായി പാലായില്‍ നിന്നും കൊച്ചിയിലെത്തുന്ന പോള്‍ കൊച്ചുമകനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച് മരുമകനായിരുന്ന അലന്‍റെ വീട്ടിലെത്തുന്നു. അവിടെവച്ച് പോളിന്‍റെ മനസിലെ ആ ചോദ്യങ്ങളുടെ ചുരുളുകള്‍ മെല്ലെ അഴിയുന്നു. മനസിനെ അലട്ടുന്ന സംശയങ്ങള്‍ക്ക് വ്യക്തത കണ്ടെത്താന്‍ പോള്‍ നടത്തുന്ന യാത്രയാണ് 'കാണെക്കാണെ'.

മനുഷ്യനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വികാരങ്ങളാണ്. അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ധൈര്യമാണെങ്കില്‍ മറ്റുചിലര്‍ക്ക് അത് ഭയമാണ്. ഒരാള്‍ക്ക് സന്തോഷമാണെങ്കില്‍ മറ്റൊരാള്‍ക്ക് മാറാത്ത സങ്കടമായിരിക്കും. ഈ വികാരങ്ങളെ കേന്ദ്ര ബിന്ധുക്കളാക്കി സങ്കീര്‍ണമായ ഒരു ജീവിത കഥ പറയുന്ന ചിത്രം ഫാമിലി ഡ്രാമ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വര്‍ക്കാണ്.




നമ്മുടെ ചാപല്യങ്ങളെ ചൂഷണം ചെയ്തുകൊണ്ട് കഥ പറയുന്ന പഴയ ഫാമിലി ഡ്രാമ ആ സെറ്റപ്പില്‍ നിന്നും ഇന്നത്തെക്കാലത്തേക്കെത്തുമ്പോള്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് പോലുള്ള ചിത്രങ്ങള്‍ ആ മാറ്റങ്ങളുടെ ഉദാഹരണങ്ങളാണ്. അത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന മറ്റൊരു ഉദാഹരണമാണ് മനു അശോകന്‍റെ കാണെക്കാണെ. വളരെ പതിയെ തുടങ്ങി, കഥയിലെ ലെയറുകളെക്കുറിച്ചുള്ള വ്യക്തത പ്രേക്ഷകന് നല്‍കിക്കഴിഞ്ഞ്, കാണെക്കാണെ പോകുന്നത് ഒരു സ്ലോ ത്രില്ലര്‍ സ്വഭാവത്തിലേക്കാണ്.

പതിഞ്ഞ താളത്തില്‍ ആരംഭിക്കുന്ന കഥയുടെ സ്വഭാവത്തില്‍ ഷിഫ്റ്റ് സംഭവിക്കുന്നുണ്ടെങ്കിലും വലിയ സസ്പെന്‍സുകളൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. പക്ഷെ, അടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന കഥ പറച്ചില്‍ രീതിയും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ഒതുങ്ങിയ തിരക്കഥയും അവിസ്മരണീയ പ്രകടനങ്ങളും കാണെക്കാണെയെ മികച്ചൊരു സിനിമയാക്കുന്നു.




സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച പോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തില്‍ സിംഹഭാഗത്തും സുരാജ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. കൈവിട്ടുപോകുമെന്ന് തോന്നിപ്പിച്ച പല സന്ദര്‍ഭങ്ങളിലും സുരാജിന്‍റെ അതിഗംഭീര പ്രകടനം സിനിമയെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ബോബി സഞ്ജയുടെ വളരെ ചെറുതും മൂര്‍ച്ചയുള്ളതുമായ ഡയലോഗുകളില്‍ സുരാജിന്‍റെ അസാധാരണ ടൈമിങ്ങും കൂടി ചേരുമ്പോള്‍ ഓരോ സീനും പൂര്‍ണമാകുന്നു. സുരാജിനൊപ്പം തന്നെ എടുത്തു പറയേണ്ട് പ്രകടനമാണ് അലനായെത്തിയ ടോവിനോയും സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയും കാഴ്ചവെച്ചത്. ഈ മൂന്ന് കഥാപാത്രങ്ങാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറിയ റോളാണെങ്കിലും ശ്രുതി രാമചന്ദ്രന്‍റെ സ്ക്രീന്‍ പ്രെസന്‍സും മികച്ചുനിന്നു. മനുഷ്യ മനസില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍ നമുക്കുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലുതായിരിക്കും. ചിലപ്പോള്‍ പോസിറ്റീവായി, മറ്റുചിലപ്പോള്‍ നെഗറ്റീവായി. അത് തികച്ചും സങ്കീര്‍ണമാണ്. ആ സങ്കീര്‍ണതകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമയിലെ ഓരോ കഥാപാത്രവും അഭിനയിച്ചിരിക്കുന്നത്.

മനു അശോകന്‍ എന്ന സംവിധായകന്‍ തന്‍റെ ആദ്യ സിനിമയായ ഉയരെയില്‍ത്തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഉയരെയില്‍ നിന്നും കാണെക്കാണെയിലേക്കെത്തുമ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു നൂലിന്‍റെ മുകളിലൂടെ നടക്കും വിധം അത്രകണ്ട് സൂക്ഷ്മമായി ചെയ്യേണ്ട ഒരു ചെറിയ ത്രെഡ് ഒട്ടും നീതികേടില്ലാതെ അവതരിപ്പിക്കാന്‍ മനുവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സ്ലോ പേസായിട്ടും കാണികളെ പിടിച്ചിരുത്താന്‍ കാണെക്കാണെക്ക് സാധിക്കുന്നത്.




തിരക്കഥയിലെ കയ്യടക്കത്തേക്കാള്‍ പ്രശംസ അര്‍ഹിക്കുന്നത് ബോബി സഞ്ജയുടെ ഡയലോഗുകള്‍ക്കാണ്. സംഭാഷണങ്ങള്‍ക്ക് വളരെ കുറച്ച് സ്പേസ് മാത്രമുള്ള തിരക്കഥയില്‍ കുറിക്ക് കൊള്ളുന്ന, ചെറിയ, മനോഹരമായ ഡയലോഗുകളാണ് ഇവര്‍ പ്ലേസ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രകടനങ്ങള്‍ക്ക് പ്രാധാന്യം കൂടുതലുള്ള തിരക്കഥയില്‍ ഡയലോഗുകള്‍ നാടകീയമാകുന്നില്ല. വലിയ അവകാശ വാദങ്ങളൊന്നുമില്ലാത്ത തിരക്കഥ പോള്‍ എന്ന കഥാപാത്രത്തിലൂടെയെന്നതില്‍ ഉപരി, അയാള്‍ക്കുള്ളിലെ വികാരങ്ങളിലൂടെ കഥ പറയാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്ന തിരക്കഥ ഒന്ന് കാച്ചിക്കുറുക്കിയിരുന്നെങ്കില്‍ സിനിമ അല്‍പ്പം കൂടി മികച്ചതായേനേ.

പ്രക്ഷകനെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ഒരു മുതല്‍ക്കൂട്ടായെങ്കിലും ഗാനങ്ങള്‍ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്. എഡിറ്റിങ് മികച്ചുനിന്നപ്പോള്‍ ഛായാഗ്രഹണം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ചില സന്ദര്‍ഭങ്ങളില്‍ സ്ലോ പേസ് ആയിരുന്നെങ്കിലും തിരക്കഥ കുറച്ചുകൂടി വേഗത്തിലായിരുന്നെങ്കില്‍ എന്ന തോന്നല്‍ ഉളവാക്കുന്നുണ്ടെങ്കിലും ആസ്വാദനത്തെ അത് ബാധിക്കുന്നില്ല.



സോണി ലൈവിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയാണ് കാണെക്കാണെ. അതുകൊണ്ടുതന്നെ ഈ റിലീസ് മലയാള സിനിമയുടെ ഒ.ടി.ടി വാണിജ്യ മൂല്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. സുരാജിന്‍റെയും ടോവിനോയുടെയും പ്രകടനങ്ങള്‍ സിനിമ ലോകത്ത് ചര്‍ച്ചയാവുകതന്നെ ചെയ്യും. ഒരു വിഭാഗം പ്രേക്ഷകരെ ചെറുതായെങ്കിലും അലോസരപ്പെടുത്തുമെങ്കിലും മികച്ചതും വ്യത്യസ്തവുമായിട്ടുള്ള ഒരു സിനിമ അനുഭവം കാണെക്കാണെ ഉറപ്പു നല്‍കുന്നു.

TAGS :

Next Story