'കങ്കണ ഇപ്പോൾ വെറുമൊരു തമാശയായി മാറി; നടി എന്ന നിലയിൽ അവരെ മിസ്സ് ചെയ്യുന്നു'; ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്
ബോളിവുഡ് വിജയത്തെ മാത്രമാണ് ബഹുമാനിക്കുന്നത്. തുടക്കത്തിൽ പലർക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടാകാം

മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ പരിഹാസവുമായി മുൻ ചലച്ചിത്ര നിരൂപകനും ധർമ കൊളാബ് ആർട്ടിസ്റ്റ് ഏജൻസിയുടെ (ഡിസിഎഎ) സിഒഒയുമായ രാജീവ് മസന്ദ്. ഒരു നടി എന്ന നിലയിൽ അവരെ ബഹുമാനിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ആ നടിയെ വ്യക്തിപരമായ താൽപര്യങ്ങളും നിലപാടുകളും പൂർണ്ണമായും നിഴലിലാക്കി മാറ്റിയെന്ന് അദ്ദേഹം ആവർത്തിച്ചു
"നടി എന്ന നിലയിലുള്ള കങ്കണയെ ഞാൻ മിസ്സ് ചെയ്യുന്നു. അവർ ഇപ്പോൾ വെറുമൊരു തമാശയായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ വൻകിടക്കാർ തനിക്ക് അവസരങ്ങൾ നിഷേധിച്ചു എന്ന കങ്കണയുടെ സ്ഥിരം വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. "വീണ്ടും വീണ്ടും ആവർത്തിച്ചു പറയാൻ പറ്റിയ നല്ലൊരു കഥ മാത്രമാണത്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. ബോളിവുഡ് വിജയത്തെ മാത്രമാണ് ബഹുമാനിക്കുന്നത്. തുടക്കത്തിൽ പലർക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടാകാം, എന്നാൽ വിജയിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ മാറുമല്ലോ," എന്ന് സൈറസ് സേയ്‌സ് എന്ന പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.
വികാസ് ബാൽ സംവിധാനം ചെയ്ത 'ക്വീൻ' എന്ന ചിത്രത്തിലെ കങ്കണയുടെ പ്രകടനത്തെ അത്ഭുതകരമെന്ന് വിശേഷിപ്പിച്ച മസന്ദ്, രണ്ടാം ഭാഗമായ 'ക്വീൻ 2'-ൽ അവർ വീണ്ടും ഒന്നിക്കുമ്പോൾ അത് കാണാൻ താൻ ആവേശഭരിതനാണെന്നും വ്യക്തമാക്കി. "നല്ല സിനിമകൾ നിർമ്മിച്ചപ്പോഴൊക്കെ അതിൽ കങ്കണ മികച്ചതായിരുന്നു. എന്നാൽ പിന്നീട് അത് 'കങ്കണ ഷോ' ആയി മാറി''. കഥാപാത്രത്തിലേക്ക് പൂർണമായി മാറാൻ കഴിയുന്ന അപൂർവം മികച്ച നടികളിൽ ഒരാളായിരുന്നു കങ്കണയെന്നും നടിയെ കാണാതെ കഥാപാത്രത്തെ മാത്രം കാണാൻ സാധിക്കുന്ന ആ പഴയ കങ്കണയെ താൻ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും കങ്കണക്ക് ഇപ്പോഴും തിരികെ വരാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. നിലവിലെ അവസ്ഥയിൽ നിന്ന് മാറി പഴയ പ്രതിഭയിലേക്ക് തിരിച്ചെത്തണമെങ്കിൽ അവർ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ആലിയ ഭട്ടിനൊപ്പം നൽകാൻ തക്ക പ്രതിഭയാണ് കങ്കണയെന്നും പ്രശംസിച്ചു.
സിനിമാലോകത്ത് ഒളിച്ചുകളികളില്ലാതെ തുറന്നു സംസാരിക്കുന്ന കങ്കണ, രാഖി സാവന്ത്, ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ തുടങ്ങിയ പ്രമുഖരാണ് ഗോസിപ്പ് കോളങ്ങളെ ഇന്നും സജീവമായി നിലനിർത്തുന്നതെന്ന് രാജീവ് മസന്ദ് അഭിപ്രായപ്പെട്ടു. തുറന്നടിക്കുന്ന നിലപാടുകളുള്ള ഇവരാണ് പഴയകാല സിനിമാ വിനോദ സംസ്കാരത്തിന്റെ പതാക ഇന്നും ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസന്ദും കങ്കണയും തമ്മിലുള്ള വഴക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻപ് ചലച്ചിത്ര നിരൂപകനായിരുന്ന രാജീവ് മസന്ദ്, വർഷാവസാനം സംഘടിപ്പിക്കാറുള്ള ജനപ്രിയ നടികളുടെ വട്ടമേശച്ചർച്ചയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണ രംഗത്തെത്തുകയായിരുന്നു . കരൺ ജോഹറുമായുള്ള അടുപ്പം കാരണം രാജീവ് മസന്ദ് പക്ഷപാതിത്വം കാണിക്കുകയാണെന്നും സിനിമ പശ്ചാത്തലമില്ലാത്ത തങ്ങളെ ഒഴിവാക്കി കരൺ ജോഹറിന്‍റെ പ്രിയപ്പെട്ട താരസന്തതികളെയാണ് പിന്തുണയ്ക്കുന്നതെന്നും കങ്കണ തുറന്നടിച്ചു. 2018-ൽ കരൺ ജോഹറിനെ സ്വജനപക്ഷപാതത്തിന്റെ പതാകവാഹകൻ എന്ന് കങ്കണ ആക്ഷേപിച്ചിരുന്നു.
അഞ്ചു വർഷം മുമ്പ് കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ടാലന്‍റ് മാനേജ്‌മെന്‍റ് വിഭാഗമായ ഡിസിഎഎയിൽ രാജീവ് മസന്ദ് സിഒഒ ആയി ചുമതലയേറ്റപ്പോൾ, തന്റെ പഴയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കങ്കണ വാദിച്ചു. തനിക്കെതിരെയും അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെതിരെയും പേരു വെളിപ്പെടുത്താതെ അപകീർത്തികരമായ വാർത്തകൾ എഴുതിയത് മസന്ദാണെന്നും ഇത് തങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കങ്കണ പറഞ്ഞിരുന്നു.
Adjust Story Font
16

