Quantcast

വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങി കങ്കണ; ഭാരത് ഭാഗ്യ വിധാതയുടെ സെറ്റിൽ, തിരിച്ചെത്തിയതിൽ സന്തോഷമെന്ന് നടി

സെറ്റിലെത്തുന്നതിന്‍റെ വീഡിയോ കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-01-06 05:27:56.0

Published:

6 Jan 2026 10:55 AM IST

വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങി കങ്കണ; ഭാരത് ഭാഗ്യ വിധാതയുടെ സെറ്റിൽ, തിരിച്ചെത്തിയതിൽ സന്തോഷമെന്ന് നടി
X

മുംബൈ: എംപിയായതോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി കങ്കണ റണാവത്ത്. അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കി കങ്കണ തന്നെ സംവിധാനം ചെയ്ത് നിര്‍മിച്ച എമര്‍ജൻസിയിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിച്ചത്. ഇപ്പോൾ പുതിയ പ്രോജക്ടായ ഭാരത് ഭാഗ്യ വിധാതയുടെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് താരം.

സെറ്റിലെത്തുന്നതിന്‍റെ വീഡിയോ കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. നടി സെറ്റിലേക്ക് വരുന്നതും സംവിധായകൻ മനോജ് തപാഡിയയുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഷൂട്ടിംഗിന് മുമ്പായി ഇരുവരും സെറ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതും തിരക്കഥ വായിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 'സിനിമയുടെ സെറ്റിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷം' എന്ന് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2024ൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കേന്ദ്രകഥാപാത്രത്തെ കങ്കണ അവതരിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.


ഹോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് കങ്കണ. ഒരു ഹൊറര്‍ പ്രോജക്ടിൽ താരം ഒപ്പുവച്ചിട്ടുണ്ട്. ബ്ലെസ്ഡ് ബി ദി ഈവിൾ എന്ന ഹൊറർ ഡ്രാമയിലൂടെയാണ് കങ്കണ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ലയൺസ് മൂവീസിന്റെ ഈ പ്രോജക്റ്റിൽ ടൈലർ പോസി, സ്കാർലറ്റ് റോസ് സ്റ്റാലോൺ എന്നിവർക്കൊപ്പം കങ്കണയും അഭിനയിക്കും. അനുരാഗ് രുദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

19-ാം വയസിൽ അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.ഇമ്രാൻ ഹാഷ്മി, ഷൈനി അഹൂജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് മഹേഷ് ഭട്ടാണ്.ക്വീൻ, തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ ശ്രദ്ധ നേടിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കങ്കണയുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയിലാണ് ബിജെപി ടിക്കറ്റിൽ മാണ്ഡിയിൽ മത്സരിക്കാൻ അവസരം ലഭിക്കുകയും എംപിയാകുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ പുറത്തിറങ്ങിയ എമര്‍ജൻസിയും പരാജയമായിരുന്നു.

TAGS :

Next Story