'നീയൊരു രാജ്ഞി തന്നെ'; ദുൽഖറിന്റെ നായികയെ വാഴ്ത്തി കങ്കണ

മറ്റൊരു അഭിനേതാവിനും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-09-21 06:45:22.0

Published:

21 Sep 2022 6:45 AM GMT

നീയൊരു രാജ്ഞി തന്നെ; ദുൽഖറിന്റെ നായികയെ വാഴ്ത്തി കങ്കണ
X

ആരാധകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ നേടിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനും മൃണാൽ താക്കൂർ നായികയുമായ സീതാരാമം. തിയേറ്ററുകളിൽ നിന്ന് പണം വാരിയ ചിത്രത്തെ ഇപ്പോൾ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നേടി കങ്കണ റണാവട്ട്. ചിത്രത്തിൽ അക്ഷരാർത്ഥത്തിൽ രാജ്ഞിയെ പോലെയാണ് മൃണാൽ താക്കൂറെന്ന് തന്റെ ഇൻസ്റ്റ്ഗ്രാം സ്‌റ്റോറീസിൽ കങ്കണ പറയുന്നു.

'ഒടുവിൽ സീതാരാമം കാണാൻ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു... ഇതിഹാസ സമാനമായ പ്രണയകഥ... അസാധാരണ തിരക്കഥയും സംവിധാനവും.... ഹനു രാഘവപുടിക്കും (സംവിധായകൻ) അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ' - അവർ കുറിച്ചു.

എല്ലാ അഭിനേതാക്കളും വിസ്മയകരമായ രീതിയിലാണ് സിനിമയിൽ അഭിനയിച്ചതെന്ന് കങ്കണ പറഞ്ഞു. ഇതിൽ മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ചിത്രത്തിൽ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂർ മാഡം.- ക്വീൻ ഇമോജി ചേർത്ത് അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ സീതാരാമം നൂറു കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. ആദ്യ പതിനഞ്ചു ദിവസത്തിനുള്ളിൽ തന്നെ 65 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും സീതാരാമമാണ്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സീതാമഹാലക്ഷ്മിയായി മൃണാളെത്തുന്നു. അഫ്രീനായി രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

TAGS :

Next Story