'ഷാരൂഖിനെപ്പോലെ കോൺവെന്‍റിലല്ല പഠിച്ചത്, ഒരു കുഗ്രാമത്തിൽ നിന്നെത്തിയാണ് ഈ വിജയമൊക്കെ നേടിയത്'; കങ്കണ റണൗട്ട്
എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് കങ്കണ ചോദിച്ചു

കങ്കണ റണൗട്ട് Photo| Facebook
ഡൽഹി: വിവാദങ്ങളൊഴിഞ്ഞിട്ടു നേരമില്ലെങ്കിലും മികച്ച നടിയാണ് കങ്കണ റണൗട്ട് എന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകില്ല. നാല് ദേശീയ പുരസ്കാരങ്ങൾ നേടിയ കങ്കണ അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. സിനിമയിലെത്തുന്നതിന് മുൻപ് താൻ കടന്നുവന്ന വഴികൾ കഠിനമായിരുന്നുവെന്ന് കങ്കണ പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയിൽ കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുന്ന അഭിനേതാക്കളിൽ നിന്നും വ്യക്തമായി തന്‍റെ പശ്ചാത്തലം വളരെ ലളിതമായിരുന്നുവെന്ന് പറയുകയാണ് കങ്കണ. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് തന്‍റെ സിനിമാ യാത്രയെക്കുറിച്ചും വിജയത്തെയും കുറിച്ച് നടി പറഞ്ഞത്. ഷാരൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് കങ്കണ ചോദിച്ചു. ഒരു കുഗ്രാമത്തിൽ നിന്നാണ് താൻ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നുവന്ന് മുഖ്യധാരയിൽ ഇത്രയധികം വിജയം നേടിയ മറ്റൊരാൾ ഉണ്ടാകില്ലെന്നും കങ്കണ അവകാശപ്പെട്ടു.
"നിങ്ങൾ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡൽഹിയിൽ നിന്നാണ്, കോൺവെൻ്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാൽ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്. മറ്റുള്ളവർക്ക് ഒരുപക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലർത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു." ക്യൂൻ താരം പറയുന്നു.
19-ാം വയസിൽ അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.ഇമ്രാൻ ഹാഷ്മി, ഷൈനി അഹൂജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് മഹേഷ് ഭട്ടാണ്.ക്വീൻ, തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ ശ്രദ്ധ നേടിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കങ്കണയുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയിലാണ് ബിജെപി ടിക്കറ്റിൽ മാണ്ഡിയിൽ മത്സരിക്കാൻ അവസരം ലഭിക്കുകയും എംപിയാകുകയും ചെയ്തത്. കങ്കണ സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഈ വര്‍ഷം ജനുവരിയിൽ പുറത്തിറങ്ങിയ എമര്‍ജൻസിയും പരാജയമായിരുന്നു.
അതേസമയം ഡൽഹിയിൽ ജനിച്ച ഷാരൂഖ് ഖാനും ഒട്ടേറെ പ്രതിസന്ധികൾ കടന്നാണ് സിനിമയിലെത്തുന്നത്. അദ്ദേഹത്തിന്‍റെ പിതാവ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ കാന്‍റീൻ നടത്തിപ്പുകാരനായിരുന്നു. അമ്മ ജുഡീഷ്യൽ മജിസ്ട്രേറ്റും. താരത്തിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ടെലിവിഷനിലൂടെ തുടക്കം കുറിച്ച ഷാരൂഖ് ഫൗജി, സർക്കസ് തുടങ്ങിയ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടിയത്. 1991 ൽ മുംബൈയിലേക്ക് താമസം മാറി. ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേ അദ്ദേഹത്തെ ഒരു താരമാക്കി മാറ്റുന്നതിനുമുമ്പ്, ഡാർ, ബാസിഗർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിന്‍റെ രാജാവായി തുടരുകയാണ് കിംഗ് ഖാൻ.
Adjust Story Font
16

