Quantcast

ഇരുണ്ട നിറമുള്ള കജോളും ദീപികയും ഇപ്പോള്‍ വെളുത്തു; അത്തരം നായികമാര്‍ ബോളിവുഡിൽ ഇപ്പോഴില്ലെന്ന് കങ്കണ

ബോളിവുഡ് താരങ്ങളെക്കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    31 Jan 2025 12:45 PM IST

Kangana Ranaut
X

മുംബൈ: വിവാദ പരാമര്‍ശങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളിൽ ഇടംപിടിക്കാറുള്ള നടിയാണ് ലോക്സഭാ എംപി കൂടിയായ കങ്കണ റണാവത്ത്. അടിയന്തരാവസ്ഥ പ്രമേയമാക്കി താരം സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'എമര്‍ജന്‍സി' ഈയിടെ ബോക്സോഫീസില്‍ മൂക്കുംകുത്തി വീണിരുന്നു. പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ വീണ്ടും വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കങ്കണ. ബോളിവുഡ് താരങ്ങളെക്കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്.

ഹിന്ദി സിനിമയില്‍ ഇപ്പോൾ കറുത്ത നിറമുള്ള നായികമാര്‍ ഇല്ലെന്നാണ് കങ്കണ പറയുന്നത്. മുൻപ് കജോൾ, ദീപിക പദുക്കോൺ, ബിപാഷ ബസു പോലുള്ള മുൻനിര നായികമാര്‍ ബോളിവുഡിലുണ്ടായിരുന്നുവെന്ന് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ''സ്വഭാവിക സൗന്ദര്യം കൊണ്ട് മൊണാലിസ എന്ന പെൺകുട്ടി ഇന്‍റര്‍നെറ്റ് സെൻസേഷനായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾക്കും അഭിമുഖങ്ങൾക്കുമായി ആ പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതിനെ ഞാൻ വെറുക്കുന്നു.ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകൾക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. അനു അഗർവാളിനെയോ കജോളിനെയോ ബിപാഷയെയോ ദീപികയെയോ റാണി മുഖർജിയെയോ സ്നേഹിച്ചതുപോലെയാണോ ആളുകൾ യുവ നടിമാരെ സ്നേഹിക്കുന്നത്?

ചെറുപ്പത്തിൽ ഇരുണ്ട നിറമായിരുന്ന നായികമാര്‍ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നതെന്താണ്? എന്തുകൊണ്ടാണ് ആളുകൾ മൊണാലിസയെ തിരിച്ചറിയുന്ന പോലെ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത്? വളരെയധികം ലേസർ, ഗ്ലൂട്ടത്തയോൺ കുത്തിവെപ്പുകളാണോ?' കങ്കണ ചോദിച്ചു.

കങ്കണയുടെ വാക്കുകൾ റെഡ്ഡിറ്റ് പോലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. ഇന്ന് ഒട്ടുമിക്ക നടിമാർക്കും സമാനമായ സ്കിൻ ടോൺ ഉണ്ടെന്ന് ചിലർ സമ്മതിച്ചപ്പോൾ മറ്റു ചിലര്‍ താരത്തെ ചോദ്യം ചെയ്തു. ഇരുണ്ട ചർമ്മമുള്ള നിരവധി ആളുകൾക്ക് മുഖ്യധാരാ പ്രാതിനിധ്യം ആവശ്യമാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story