Quantcast

കട്ടപ്പനയിലെ മഹേഷിന്റെ സ്റ്റുഡിയോ ഇന്ന് സിനിമയ്ക്ക് സ്വന്തം; മലയാളത്തിന്റെ ഒറിജിനൽ കഥകൾ പറയുന്ന ഭാവനാ സ്റ്റുഡിയോസ്

സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കോമ്പോ നിർമാണത്തിലും ഒരുമിച്ചപ്പോൾ മലയാള സിനിമയുടെ കൾട്ട് വോളിൽ ഫ്രെയിം ചെയ്ത് വെച്ചത് 6 സിനിമകൾ

MediaOne Logo

Web Desk

  • Published:

    4 Sept 2026 5:03 PM IST

bhavana studios
X

ഭാവനാ സ്റ്റുഡിയോസ്, മുന്നിലെ ഓരോ കാഴ്ചകൾക്കും ഫ്രെയിമുണ്ടെന്ന് മലയാളികൾക്ക് മനസിലാക്കി കൊടുത്ത മഹേഷിന്റെ കട്ടപ്പനയിലെ സ്വന്തം സ്റ്റുഡിയോ. മഹേഷിന്റെ പ്രതികാരത്തിലെ ഈ സ്റ്റുഡിയോ ഇന്ന് മലയാള സിനിമയുടെ കാഴ്ചകൾ മാറ്റുകയാണ്, കഥകൾ മാറ്റുകയാണ്, പ്രേക്ഷകരെയും അവരുടെ ആസ്വാദന തലത്തെയും മാറ്റുകയാണ്. ഭാവനാ സ്റ്റുഡിയോസിൽ നിന്ന് വരുന്ന ഓരോ സിനിമകളും അത്ര ഒറിജിനലാണ്, റീമേക്കിങ്ങിൽ ഒരിക്കലും റീക്രിയേറ്റ് ചെയ്യാൻ‌ പറ്റാത്ത തരത്തിലാണ് ഓരോ ചിത്രത്തിന്റെയും നിർമിതി. മോളിവു‍ഡിനൊപ്പം തങ്ങളുടെ ബ്രാൻഡിന്റെ പേരും ചേർത്ത് വെച്ചു ഭാവനാ സ്റ്റുഡിയോസ്.

സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കോമ്പോ നിർമാണത്തിലും ഒരുമിച്ചപ്പോൾ മലയാള സിനിമയുടെ കൾട്ട് വോളിൽ ഫ്രെയിം ചെയ്ത് വെച്ചത് 6 സിനിമകൾ. 7 വർഷങ്ങളിൽ ആകെ ചെയ്ത സിനിമകൾ, എല്ലാം ഒന്നിനൊന്ന് മികച്ചത്. ഇപ്പോൾ ഇതാ ഈ ഓണക്കാലത്ത് ഫ്രഷ് കഥയുമായി മറ്റൊരു ഹിറ്റ് കൂടി ഒരുക്കിയിരിക്കുകയാണ് ഭാവനാ സ്റ്റുഡിയോസ്. നിവിൻ പോളി-മമിത ബൈജു-​ഗിരീഷ് എഡി കൂടുക്കെട്ട് തിയേറ്ററുകളിൽ നിന്ന് പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറി.

2016ലെ മഹേഷിൻെറ പ്രതികാരത്തിന്റെ വിജയത്തിന്റെ രണ്ടാം ഭാ​ഗം തുടങ്ങുന്നത് 2019ലാണ്. ആ വർഷത്തെ ഏറ്റവും വലിയ ​ഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റ്സിലൂടെ ഭാവനാ സ്റ്റുഡിയോസ് തങ്ങളുടെ നിർമാണ സംരംഭത്തിന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

സജിയും ബിനോയും ഫ്രാങ്കിയും ബോബിയും സ്നേഹിച്ചും വെറുത്തും പോരടിച്ചും കരഞ്ഞും ചിരിച്ചും വളർന്ന കുമ്പളങ്ങി എന്ന സ്ഥലത്തെ തേടി പോലും പ്രേക്ഷകർ എത്തി. അത്ര സ്വാധീനമാണ് ആ ഒരു സിനിമയ്ക്കുണ്ടാക്കാൻ സാധിച്ചത്. മധു സി നാരായണൻ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ രചിച്ചത് ശ്യാം പുഷ്കരൻ. സൗബിൻ, ശ്രീനാഥ് ഭാസി, അന്ന ബെൻ, ​ഗ്രേസ് ആന്റണി, ഷെയ്ൻ നി​ഗം, മാത്യു തോമസ് എന്നിവർക്കൊപ്പം ഫഹദ് ഫാസിലും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഭാവനയുടെ അടുത്ത ചിത്രം കോവിഡ് കാലത്തായിരുന്നു. ഒടിടി പ്ലാറ്റ് ഫോമിന്റെ ഭാഷയിൽ 2021ൽ പുറത്തെത്തിയ ജോജിയും പ്രേക്ഷകർ സ്വീകരിച്ചു. ഷേക്സ്പിയറിൻെറ മാക്ബെത്തിൻെറ പുതുഭാവന കൂടിയായ ചിത്രത്തിൽ ഒരിക്കൽ കൂടി ഫഹദ്-​ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ കൂട്ടുക്കെട്ട് നടൻ-സംവിധായകൻ-തിരക്കഥാകൃത്ത് റോളിലെത്തി.

2022ൽ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത പാൽതൂ ജാൻവറിൽ ചെറിയൊരു മാറ്റമുണ്ടായിരുന്നു. അതുവരെ ഫഹദ് പ്രധാന വേഷങ്ങളിലെത്തിയെങ്കിൽ പാൽതൂ ജാൻവറിൽ ബേസിൽ ജോസഫ് നായക കഥാപാത്രമായി. ബേസിലിന്റെ അഭിനയ ജീവിതത്തിലും വലിയ മാറ്റം എഴുതി ചേർത്ത ചിത്രം തിയേറ്ററിലും ഹിറ്റടിച്ചു. അടുത്ത വർഷം ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം പുഷ്കരൻ തിരക്കഥയെഴുതി ഷഹീ​ദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം. തിയേറ്റർ വിജയമായില്ലെങ്കിലും നിരൂപകശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചു.

പക്ഷേ, 2024ൽ മലയാള സിനിമയ്ക്ക് വമ്പൻ ബ്ലോക്ക് ബസ്റ്ററുമായാണ് ഭാവനാ സ്റ്റുഡിയോസിന്റെ തിരിച്ചു വരവ്. തിയേറ്ററികളിൽ നിന്നകന്ന് ഒടിടിയിൽ ഒതുങ്ങിയ ജെൻസികളടക്കം സച്ചിനെയും റിനുവിനെയും അമൽ ഡേവിസിനെയും കാണാൻ വരി നിന്നു. ​ഗിരീഷ് എഡി, മമിത ബൈജു, നസ്ലിൻ കൂട്ടുക്കെട്ട് പ്രേക്ഷകർ ഇരുക്കൈയും നീട്ടി സ്വീകരിച്ചു. ദക്ഷിണേന്ത്യ മുഴുവൻ ഹിറ്റായ ചിത്രം വാരിയത് 130 കോടിയോളം രൂപ. രണ്ട് വർഷത്തിന് ശേഷം മലയാള സിനിമയിൽ വിശ്വസിക്കാവുന്ന ബ്രാൻഡ് എന്ന പദവി ഒരിക്കൽ കൂടി ഉറപ്പിച്ച് ഭാവന സ്റ്റുഡിയോസ്. ഓണത്തിന് സിനിമാ പ്രേക്ഷകർക്ക് കിട്ടിയ ഓണക്കോടിയാണ് ​ബെത്‌ലഹേം കുടുംബ യൂണിറ്റ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡി തന്‍റെ കംഫർട്ട് സോണിൽ വീണ്ടുമൊരു തനി നാടൻ ഹിറ്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിച്ചപ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചിരുന്നുവോ അതിന് മുകളിലേക്ക് ചിത്രമെത്തി. ​പ്രേമലുവിലെ അതേ കൂട്ടുക്കെട്ടാണ് ബെത്‌ലഹേം കുടുംബ യൂണിന്റെ രചന. ​ഗിരീഷ് എഡിയും കിരൺ ജോസിയും കൂടി മെനഞ്ഞെടുത്ത ജസ്റ്റിനും ആഷ്‍ലിയും പ്രേക്ഷക ഹൃദയം കീഴടക്കുമ്പോൾ തങ്ങളുടെ അടുത്ത ഹിറ്റിന്റെ പണിപ്പുരയിലാണ് ഭാവനാ സ്റ്റുഡിയോസ്.

TAGS :

Next Story