'സിനിമയിൽ തൊടുന്നത് കൊണ്ട് പൊതുവേദിയിലും സമ്മതിക്കണമെന്നാണോ?'; വിമർശകരുടെ വായടപ്പിച്ച് കീർത്തി സുരേഷ്
മോശം പരാമർശം നടത്തിയ പോസ്റ്റിനെതിരെയായിരുന്നു താരത്തിന്റെ രൂക്ഷ വിമർശനം

ചെന്നൈ: സത്യവാൻ സാവിത്രി ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംവിധായകൻ മിഷ്കിൻ കാൽമുട്ടിൽ തൊട്ടതിൽ താൻ അസ്വസ്ഥയായിരുന്നെന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകൾക്ക് ചുട്ട മറുപടിയുമായി കീർത്തി സുരേഷ്.
താനും മിഷ്കിനും അച്ഛനും മകളും പോലുള്ള ബന്ധമാണ്. എനിക്ക് അസ്വസ്ഥത ഉണ്ടായെന്ന് തന്നെ ഇരിക്കട്ടെ, സിനിമകളിൽ തൊടുന്നത് കൊണ്ട് പൊതുവേദിയിലും ഞാൻ അത് സമ്മതിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചിന്താഗതി ശരിയാക്കേണ്ടതുണ്ട് എന്നായിരുന്നു ട്രോളുകളോടുള്ള താരത്തിന്റെ എക്സ് പോസ്റ്റിലൂടെയുള്ള മറുപടി. മോശം പരാമർശം നടത്തിയ ഒരു പോസ്റ്റിനെതിരെയായിരുന്നു താരത്തിന്റെ രൂക്ഷ വിമർശനം. വിമർശനത്തിന് പിന്നാലെ പോസ്റ്റിട്ട വ്യക്തി മാപ്പ് പറയുകയും പിന്നീട് പോസ്റ്റ് പിൻവലിച്ചു.
പ്രസ് മീറ്റിൽ കീർത്തി സുരേഷിനെ പുകഴ്ത്തിയാണ് മിഷ്കിൻ സംസാരിച്ചത്. 'നടികൈയർ തിലകം' എന്ന പട്ടം താൻ കീർത്തിക്ക് നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കീർത്തിയുടെ തലയിൽ തൊട്ടുകൊണ്ട്, അവൾ ഈ പദവി അർഹിക്കുന്നു. ആ പട്ടം നൽകുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട് എന്നും മിഷ്കിൻ വേദിയിൽ പറഞ്ഞിരുന്നു.
കാർത്തിക് സുബ്ബരാജിന്റെ ഡൊറോത്തി എന്ന ചിത്രത്തിലെ പ്രകടനത്തിൽ പ്രശംസയറിയിച്ച് സ്വർണമോതിരവും കീർത്തിക്ക് മിഷ്കിൻ സമ്മാനിച്ചിരുന്നു. കീർത്തിയുടെ മുഖം കാണുന്നത് ദൈവത്തെ കാണുന്നത് പോലെയാണ്, അത്രയും പരിശുദ്ധമാണെന്നും അദ്ദേഹം വേദിയിൽ പറഞ്ഞിരുന്നു.
Adjust Story Font
16

