Quantcast

പൂ വിൽക്കാൻ കുട്ടികൾ; പ്രധാനമന്ത്രി സ്വയംപര്യാപ്തതയ്ക്ക് പ്രചോദനമെന്ന് ഖുശ്ബു, വിവാദമായതോടെ മാപ്പു പറച്ചിൽ

ബാലവേലയെ ആണ് പ്രോത്സാഹിപ്പിക്കുന്നതെന്നും മോദിയെ പ്രശംസിക്കാനാണ് ഖുശ്ബുവിന് താല്പര്യമെന്നുമായിരുന്നു പ്രധാന വിമർശനം

MediaOne Logo

Web Desk

  • Published:

    11 Jan 2024 12:46 PM GMT

Khushbu Sundar trolled for Modi tweet on ‘child labour
X

മുംബൈ: ബാലവേലയെ സ്വയംപര്യാപ്തതയെന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ മാപ്പു പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ജീവിക്കാനായി പിഞ്ചുകുഞ്ഞുങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകളെ വേണ്ട രീതിയിൽ ശ്രദ്ധക്കേണ്ടിയിരുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഖുശ്ബു എക്‌സിൽ കുറിച്ചു.

വഴിയരികിൽ പൂ വിറ്റിരുന്ന ഒരു കുട്ടിയിൽ നിന്ന് ഖുശ്ബു പൂ വാങ്ങി, അതിന്റെ ചിത്രം ട്വിറ്ററിൽ പങ്കു വച്ചതോടെയായിരുന്നു വിവാദങ്ങൾക്ക് തുടക്കം. സ്വയം പര്യാപ്തരാവാൻ പ്രധാനമന്ത്രി മോദി എത്രത്തോളം ആളുകളെ പ്രചോദിപ്പിക്കുന്നു എന്നായിരുന്നു ചിത്രം പങ്കു വച്ച് കൊണ്ട് ഖുശ്ബുവിന്റെ ട്വീറ്റ്. തുടർന്ന് ട്വീറ്റ് വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും വ്യാപക വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു. ബാലവേലയെ ആണ് സ്വയംപര്യാപ്തതയെന്ന് വിശേഷിപ്പിച്ച് ഖുശ്ബു പ്രോത്സാഹിപ്പിക്കുന്നതെന്നും ജീവിക്കാനുള്ള കുഞ്ഞുങ്ങളുടെ കഷ്ടപ്പാടിനെ മറച്ചു വച്ച് മോദിയെ പ്രശംസിക്കാനാണ് ഖുശ്ബുവിന് താല്പര്യമെന്നുമായിരുന്നു പ്രധാന വിമർശനം. തുടർന്നാണ് മാപ്പുപറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.

ഒരു കുട്ടിയും തനിക്കോ കുടുംബത്തിനോ വേണ്ടി തെരുവിലിറങ്ങരുതെന്നും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബത്തിലാണ് ഓരോ കുട്ടിയും വളരേണ്ടതെന്നും ഖുശ്ബു കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം.

പൂ വിൽക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള ട്വീറ്റ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതായി കാണുന്നു. ഭിക്ഷ യാചിച്ച് ജീവിക്കാതെ, തന്റെ വിദ്യാഭ്യാസത്തിനായി സ്വയം അധ്വാനിക്കുന്ന കുട്ടി എന്ന രീതിയിൽ തികച്ചും പോസിറ്റീവായ സമീപനത്തോടെയാണ് ആ ട്വീറ്റ് പങ്കു വച്ചത്. എന്നാൽ അത് ബാലവേലയാണ് എന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞില്ല. സുരക്ഷിതവും സമാധാനപരവുമായ കുടുംബസാഹചര്യങ്ങളിലാണ് ഓരോ കുട്ടിയും വളരേണ്ടത്. കഷ്ടതകൾ ഏറെ നിറഞ്ഞ ഒരു കുട്ടിക്കാലത്തിലൂടെ കടന്നു പോയ ആളെന്ന നിലയ്ക്ക് അസാമാന്യ ധൈര്യവും ആത്മവിശ്വാസവും ഞാനാ കുട്ടിയിൽ കണ്ടു. ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയല്ല അവളുടെ ചിത്രം പങ്കു വച്ചത്. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് മാപ്പ് ചോദിക്കുകയാണ്. വിമർശനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്, ഇതുവരെയും ഞാനെന്റെ ഒരു ട്വീറ്റും നീക്കം ചെയ്തിട്ടില്ല. എന്നാൽ ഇത് ഞാൻ നീക്കം ചെയ്തു. ഹൃദയത്തിൽ നിന്ന് മാപ്പ് അപേക്ഷിക്കുകയാണ്.

മാപ്പു പറഞ്ഞ് കുറിപ്പ് പങ്കുവച്ചെങ്കിലും വിമർശകർക്ക് രൂക്ഷമായ ഭാഷയിൽ തന്നെ മറുപടിയും ഖുശ്ബു പറയുന്നുണ്ട്.

ഉത്തരവാദിത്തമുള്ള പൗരയും അമ്മയുമാണ് താനെന്നും മോദിജീയെ പിന്തുടരുന്നതിനാൽ തന്നെ ഉത്തരവാദിത്തങ്ങൾ മറ്റാരെക്കാളുമേറെ തങ്ങൾക്കറിയാമെന്നുമായിരുന്നു ഒരു ട്വീറ്റിന് ഖുശ്ബുവിന്റെ മറുപടി. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ബാലവേലയെ കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും മോദി വിരുദ്ധരാവുക എന്നത് ട്രെൻഡ് ആയതിനാൽ അതിന് വേണ്ടി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മറ്റൊരു ട്വീറ്റിനും ഖുശ്ബു മറുപടി പറഞ്ഞു.

TAGS :

Next Story