Quantcast

22 വർഷത്തെ സൂപ്പർഹിറ്റ് ഷോയ്ക്ക് തിരശ്ശീലയിട്ട് കരൺ ജോഹർ; കോഫി വിത്ത് കരൺ അവസാനിക്കുന്നു

2004 ൽ സ്റ്റാർ വേൾഡിലാണ് ഷോ ആദ്യമായി പ്രദര്‍ശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    30 Sept 2026 2:56 PM IST

22 വർഷത്തെ സൂപ്പർഹിറ്റ് ഷോയ്ക്ക് തിരശ്ശീലയിട്ട് കരൺ ജോഹർ; കോഫി വിത്ത് കരൺ അവസാനിക്കുന്നു
X

മുംബൈ: നടനും നിര്‍മാതാവും അവതാരകനുമായ കരൺ ജോഹറിന്‍റെ ഐക്കണിക് ഷോ ആയ 'കോഫി വിത്ത് കരൺ'ന് തിരശ്ശീല വീഴുന്നു. ജനപ്രീതിക്കൊപ്പം അത്ര തന്നെ വിവാദങ്ങളും സൃഷ്ടിച്ച ടോക്ക് ഷോക്ക് നീണ്ട 22 വര്‍ഷത്തെ വിജയകരമായ യാത്രക്ക് ശേഷമാണ് വിരാമമാകുന്നത്.

ഒക്ടോബർ 14 ന് ജിയോ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ പോകുന്ന ഒമ്പതാം സീസണോടെ കോഫി വിത്ത് കരൺ അവസാനിപ്പിക്കുകയാണെന്ന് കരൺ ജോഹര്‍ ബുധനാഴ്ച അറിയിച്ചു.

"ചില യാത്രകൾ അവസാനിക്കണമെന്ന് നമ്മൾ മുൻകൂട്ടി പദ്ധതിയിടാറില്ല, എന്നാൽ അത് അവസാനിപ്പിക്കാനുള്ള സമയമായി എന്ന് മനസ്സിന്‍റെ ഏതോ കോണിൽ നിന്ന് നമുക്ക് സ്വയം തിരിച്ചറിവ് ഉണ്ടാകും. 'കോഫി വിത്ത് കരൺ' എന്റെ ജീവിതത്തിലെ വളരെ അപൂർവ്വവും അവിസ്മരണീയവുമായ ഭാഗമായിരുന്നു. നല്ല സൗഹൃദങ്ങളും ഓർമകളും ഭ്രാന്തമായ നിമിഷങ്ങളും ഒരുപാട് സ്നേഹവും അതുപോലെ തന്നെ അല്പം വിവാദങ്ങളും സമ്മാനിച്ചു! എന്നാൽ ഇതിനെല്ലാമിടയിലും ഒട്ടും മാറ്റമില്ലാതെ നിലനിന്നത് നമ്മുടെ പ്രേക്ഷകരാണ്.

അവർ നമ്മളോടൊപ്പം ചിരിച്ചു, നമ്മളെക്കുറിച്ച് സംവാദങ്ങൾ നടത്തി, ട്രോളുകൾ ഉണ്ടാക്കി, നമ്മളെ ആഘോഷമാക്കി, അതിലെല്ലാം ഉപരിയായി അടുത്തൊരു കപ്പ് ചായക്കായി/കോഫിക്കായി വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു. യാത്രപറയുന്നത് വളരെ വൈകാരികമായ ഒന്നാണ്, എങ്കിലും ഇത് ശരിയായ സമയമാണെന്ന് തോന്നുന്നു. ഇത്രയും കാലം 'കോഫി വിത്ത് കരണിനെ' ഇന്നത്തെ നിലയിലെത്തിച്ച എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്, അവസാനമായി ഒരിക്കൽകൂടി ആ കോഫി കപ്പ് ഉയർത്താനുള്ള എന്റെ വഴിയാണ് ഈ അവസാന സീസൺ. അതുകൊണ്ട്, എന്നോടൊപ്പം ഒരു അവസാന കപ്പ് കോഫി കുടിക്കാൻ നിങ്ങളും വരൂ... അവസാനമായി ഒരിക്കൽക്കൂടി," കരൺ ജോഹർ തന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

2004 ൽ സ്റ്റാർ വേൾഡിലാണ് ഷോ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2022ൽ സ്ട്രീമിംഗ് മേഖലയിലേക്ക് മാറി.ബോളിവുഡ് താരങ്ങളുടെ സ്വകാര്യവിശേഷങ്ങൾ, പ്രണയം, തർക്കങ്ങൾ, റാപ്പിഡ് ഫയർ റൗണ്ടുകൾ, ജനപ്രിയമായ 'കോഫി ഹാംബർ' എന്നിവയിലൂടെ ഇന്ത്യൻ ടെലിവിഷൻ/ഓടിടി ചരിത്രത്തിൽ തന്നെ വലിയ തരംഗമാണ് ഈ ഷോ സൃഷ്ടിച്ചത്. ഇത്രയധികം ആരാധകരുള്ള മറ്റൊരു ഷോ വേറെയില്ലെന്ന് ജിയോസ്റ്റാറിന്‍റെ ഹിന്ദി, ഇംഗ്ലീഷ് എന്റർടൈൻമെന്റ് ബിസിനസ് മേധാവി അലോക് ജെയിൻ പറഞ്ഞു.

TAGS :

Next Story