Quantcast

മനസ് നിറച്ച് രേവതി-പ്രകാശ് രാജ് കോമ്പോ; ഒ.ടി.ടിയിലും മേജറായി 'മേജര്‍'

സന്ദീപ് ഉണ്ണികൃഷ്ണനെ തെലുങ്ക് താരം അദിവി ശേഷ് അവതരിപ്പിച്ചപ്പോള്‍ പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്

MediaOne Logo

Web Desk

  • Published:

    4 July 2022 5:49 AM GMT

മനസ് നിറച്ച് രേവതി-പ്രകാശ് രാജ് കോമ്പോ; ഒ.ടി.ടിയിലും മേജറായി മേജര്‍
X

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച മേജര്‍ എന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. പ്രേക്ഷകമനസില്‍ ഇടംപിടിച്ച ചിത്രം ജൂലൈ മൂന്നിന് ഒ.ടി.ടിയിലും റിലീസായിരിക്കുകയാണ്. സന്ദീപ് ഉണ്ണികൃഷ്ണനെ തെലുങ്ക് താരം അദിവി ശേഷ് അവതരിപ്പിച്ചപ്പോള്‍ പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

സന്ദീപിന്‍റെ അച്ഛന്‍റെയും അമ്മയുടെയും റോളുകളാണ് പ്രകാശ് രാജും രേവതിയും അവതരിപ്പിച്ചത്. പ്രകാശ് രാജ്- രേവതി കോമ്പോ സിനിമയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനായി. മകന്‍ പട്ടാളത്തിലേക്ക് പോവുകയാണെന്ന തീരുമാനമറിഞ്ഞ അച്ഛനമ്മമാരുടെ ഭയവും ആശങ്കയും ഇരുവരും മനോഹരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. രേവതി അദിവി ശേഷ് കോമ്പോ സീനുകളും മികച്ചതായിരുന്നു. അമ്മയുടെ അടുത്തെത്തുമ്പോള്‍ ഉത്തരവാദിത്തങ്ങളെല്ലാം മറന്ന് കുറുമ്പും കുസൃതിയുമുള്ള മകനാവുകയാണ് സന്ദീപ്.

മകനെ നഷ്ടപ്പെട്ടതറിയുന്ന രംഗത്തിലെ രേവതിയുടെ പ്രകടനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതായിരുന്നു. സിനിമ അവസാനിക്കുന്ന രംഗങ്ങളില്‍ മകനെ നഷ്ടപ്പെട്ട വേദനക്കിടിയിലും അവന്റെ സമര്‍പ്പണമോര്‍ത്ത് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന പ്രകാശ് രാജിന്റെ കഥാപാത്രം കാണികളുടെ മനസില്‍ തങ്ങി നില്‍ക്കും.

സന്ദീപ് മരിച്ചത് എങ്ങനെയാണെന്നല്ല, ജീവിച്ചതെങ്ങനെയാണെന്നാണ് എല്ലാവരും അറിയേണ്ടത് എന്ന പ്രകാശ് രാജിന്റെ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. അവസാനമുള്ള പ്രകാശ് രാജിന്റെ പ്രസംഗം വരുന്ന രംഗങ്ങള്‍ കുറച്ച് കൂടി തീവ്രമായ അനുഭവമാക്കുന്നത് അതിലെ രേവതിയുടെ എക്സ്പ്രഷന്‍ കൊണ്ടും കൂടിയാണ്. എന്തായാലും സന്ദീപ് ഉണ്ണികൃഷ്ണനുള്ള ഏറ്റവും യോജിച്ച ആദരവാണ് മേജറെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അദിവി ശേഷ് തന്നെയാണ്.

സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും മനോഹരമായ രീതിയിലാണ് അദിവി ശേഷ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് താരം അഭിനയിച്ചതെന്ന് ഓരോ രംഗങ്ങളും അടിവരയിട്ട് വ്യക്തമാക്കുന്നു. ശോഭിത ധൂലിപാല, മുരളി ശര്‍മ എന്നിവര്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും അവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

TAGS :

Next Story