Quantcast

ചമയം-പാണ്ഡ്യൻ; ആ ടൈറ്റിൽ ഇനിയില്ല, പ്രേംനസീർ മുതൽ ഫഹദ് വരെ, അരനൂറ്റാണ്ട് സൂപ്പർതാരങ്ങളെ അണിയിച്ചൊരുക്കിയ മേക്കപ്പ്മാൻ

1978-ൽ ജെ വില്യംസ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത മദാലസയിലാണ് സ്വതന്ത്രമായി ചമയം ചെയ്യാൻ അവസരം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    3 Nov 2026 12:24 PM IST

ചമയം-പാണ്ഡ്യൻ; ആ ടൈറ്റിൽ ഇനിയില്ല, പ്രേംനസീർ മുതൽ ഫഹദ് വരെ, അരനൂറ്റാണ്ട് സൂപ്പർതാരങ്ങളെ അണിയിച്ചൊരുക്കിയ മേക്കപ്പ്മാൻ
X

ചെന്നൈ: മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങൾ, പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെയുള്ള താരങ്ങൾ....വി. പാണ്ഡ്യൻ തെന്നിന്ത്യൻ സിനിമയുടെ സ്വന്തം മേക്കപ്പ്മാനായിരുന്നു. തമിഴ്നാട്ടുകാരനാണെങ്കിലും മലയാളത്തിന് ഏറെ സുപരിചിതനായ കലാകാരൻ. ചമയം എന്ന ടൈറ്റിൽ കാര്‍ഡിനൊപ്പം വരുന്ന പാണ്ഡ്യൻ എന്ന പേര് മലയാളിയായ ഒരു സിനിമാപ്രേമിയും ഒരിക്കലും മറക്കാനിടയില്ല.

പാണ്ഡ്യൻ വേലു എന്ന പാണ്ഡ്യൻ, വേലുവിന്റേയും തായമ്മയുടേയും മകനായി 1955-ൽ നാഗർകോവിലിലാണ് ജനിച്ചത്. ഒൻപതാം ക്ലാസ് വരെ തിരുനെൽവേലിയിലായിരുന്നു പഠനം. തുടർപഠനത്തിനായി ചെന്നൈയിലേക്ക് ചേക്കേറിയെങ്കിലും പഠനം സാധ്യമായില്ല. പിന്നീട് ഒരു ബന്ധുവിന്റെ സഹായത്തോടെ തന്റെ പതിനാറാം വയസിൽ സിനിമാ സെറ്റിൽ എത്തപ്പെട്ടു.

പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസ് തന്റെ സഹായിയാക്കി കൂട്ടി. ഒരുപാട് സിനിമകളിൽ അസ്സിസ്റ്റന്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ഇതിനിടയിൽ തമിഴിൽ അസ്സിസ്റ്റന്റ് എഡിറ്ററായും ജോലി നോക്കി. പലപ്പോഴും മടിപിടിച്ച് വരാതിരുന്ന സന്ദർഭങ്ങളിൽ ജെ. വില്യംസിന്റെ നിർബന്ധപ്രകാരം തിരിച്ചു വന്നു.

1972-ൽ തന്റെ ഇരുപത്തി ഒന്നാം വയസിൽ ഐ.എൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത പുള്ളിമാൻ എന്ന ചിത്രത്തിൽ എം ഒ ദേവസ്യയുടെ സഹായി ആയി. പിന്നീട് 1978 വരെ മലയാളം, തമിഴ് തെലുഗു കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ ചമയം സഹായിയായി പ്രവർത്തിച്ചു.

1978-ൽ ജെ വില്യംസ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത മദാലസയിലാണ് സ്വതന്ത്രമായി ചമയം ചെയ്യാൻ അവസരം ലഭിച്ചത്. പിന്നീടിങ്ങോട്ട് പാണ്ഡ്യൻ എന്ന ചമയക്കാരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സത്യൻ അന്തിക്കാടിന്റെ ആദ്യ സംവിധാന സംരഭമായ 1982-ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം മുതൽ ഇങ്ങോട്ട് സത്യന്റെ സന്തതസഹചാരിയായി പാണ്ഡ്യൻ മാറി. സത്യൻ അന്തിക്കാടിന്റെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റ് എന്നാണ് പാണ്ഡ്യൻ തുടക്കകാലത്ത് അറിയപ്പെട്ടിരുന്നത്. ശസ്തരായ എല്ലാ സംവിധായകരുടെ ചിത്രങ്ങളിലും ചമയം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

2023 ജൂണിൽ സിനിമയിൽ എത്തിയതിന്‍റെ പാണ്ഡ്യന്‍റെ അൻപതാം വര്‍ഷമായിരുന്നു. 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകൻ കമലും സംഘവും പാണ്ഡ്യനെ ആദരിച്ചിരുന്നു.

TAGS :

Next Story