Quantcast

വൈറല്‍ വീഡിയോയിലൂടെ തമിഴകത്ത് അരങ്ങേറ്റം; മലയാളത്തില്‍ നായികയാകാനൊരുങ്ങി ദേവിക സതീഷ്

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി സംവിധായകൻ വിന്‍സന്‍ സില്‍വ ഒരുക്കുന്ന 'കുമ്മാട്ടിക്കളിയിലൂടെയാണ് ദേവിക എത്തുന്നത്

MediaOne Logo

Web Desk

  • Published:

    17 July 2023 7:30 AM IST

Devika Satheesh
X

ദേവിക സതീഷ്

കൊച്ചി: തെലുങ്ക്, തമിഴ് സിനിമകളില്‍ നായികയായി തിളങ്ങിയ മലയാളി താരം 'ദേവിക സതീഷ്' ആദ്യമായി മലയാളത്തില്‍ നായികയാവുന്നു. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി സംവിധായകൻ വിന്‍സന്‍ സില്‍വ ഒരുക്കുന്ന 'കുമ്മാട്ടിക്കളിയിലൂടെയാണ് ദേവിക എത്തുന്നത്. തമിഴിലെയും തെലുങ്കിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച ദേവികയുടെ അഞ്ചാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി. സമുദ്രക്കനി, ശരത്കുമാര്‍, പവൻ കല്യാൺ, സായ് തരം തേജ്, രോഹിണി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് മറ്റ് ഭാഷാ ചിത്രങ്ങളില്‍ ദേവിക ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്.

തമിഴ് സിനിമയിലൂടെയാണ് ദേവിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. വളരെ യാദൃശ്ചികമായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയതെന്ന് ദേവിക പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച ആക്രോബാറ്റിക് വീ ഡിയോയിലൂടെ ഒരു കാറിൽ കയറുന്ന സാഹസികമായ വീഡിയോ വൈറലായതിനെ തുടർന്നാണ് തമിഴ് സിനിമയില്‍ ആദ്യമായി ദേവികയ്ക്ക് അവസരം ലഭിച്ചത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിലേക്കുള്ള ഓഫറുകളും ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു. പുതുമുഖമായിരുന്നിട്ടും ഇവരെല്ലാം തന്നെ വളരെ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ടെന്നും ദേവിക പറയുന്നു.തമിഴ് ചിത്രമായ 'ഇമോജി'യിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ ആരാധകർ ആശംസകൾ പറഞ്ഞിരുന്നു. ദേവിക പറഞ്ഞു. കുമ്മാട്ടിക്കളിയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. മലയാളത്തിലെ ചില ചിത്രങ്ങളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെന്നും ദേവിക സൂചിപ്പിച്ചു.

പഠനത്തിന് ഏറെ പ്രാധാന്യം കൊടുക്കണമെന്നാണ് അച്ഛനും അമ്മയും പറയുന്നത്. എങ്കിലും എന്‍റെ കലാ അഭിരുചിയെ ഏറെ പ്രോത്സാഹിപ്പിക്കുന്നതും അച്ഛനും അമ്മയുമാണ്. ഏത് കല പഠിക്കുന്നതിനോടൊപ്പവും മികച്ച വിദ്യാഭ്യാസവും കരിയറിനെ സുരക്ഷിതമാക്കുന്ന ഒരു ജോലിയും അനിവാര്യമാണെന്നും താരം പറയുന്നു.

മലപ്പുറം സ്വദേശിനിയായ ദേവിക പഠനത്തിന്‍റെ ആവശ്യത്തിനായി ഇപ്പോള്‍ കൊച്ചിയിലാണ് താമസം. തേവര എസ് എച്ച് കോളേജില്‍ ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്കാരനായ സതീഷ് കുമാറാണ് അച്ഛന്‍. അമ്മ മഞ്ജുഷ. വിഷ്ണു സതീഷാണ് സഹോദരന്‍. പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസാണ് കുമ്മാട്ടിക്കളി നിര്‍മിക്കുന്നത്.

TAGS :

Next Story