Quantcast

‘വാഴ്ക ഫലസ്തീൻ, അ​മ്പേ തകരും സയണിസം’; ലിവ പലസ്തീനക്ക് ഇതാ ഒരു മലയാളം പതിപ്പ്

1972ൽ സ്വീഡനിലാണ് ‘കൊഫിയ’ എന്ന ബാൻഡ് ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-06 15:48:06.0

Published:

6 Jan 2024 6:10 PM IST

‘വാഴ്ക ഫലസ്തീൻ, അ​മ്പേ തകരും സയണിസം’; ലിവ പലസ്തീനക്ക് ഇതാ ഒരു മലയാളം പതിപ്പ്
X

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യക്ക് എതിരെ ലോകമെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തുകയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും നഗരങ്ങൾ ആയിരക്കണക്കിന് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞത് നാം കണ്ടുകഴിഞ്ഞു. ഈ പ്രതിഷേധങ്ങ​ളിൽ ഉയർന്നുകേട്ട ഗാനമായിരുന്നു ​‘ലെവ പലസ്തീന, ക്രോസ സയണിസ്മെൻ’ (ഫലസ്തീൻ നീണാൾ വാഴട്ടെ, സയണിസം തകരട്ടെ). സ്വീഡിഷ് ബാൻഡായ കൊഫിയ 1970കളിൽ പുറത്തിറക്കിയ ഗാനമാണിത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സക്ക് മേൽ ആക്രമണം തുടങ്ങിയപ്പോൾ പല പാശ്ചാത്യൻ രാജ്യങ്ങളും ആദ്യം അതിനെ പിന്തുണച്ച് രംഗത്ത് വരികയുണ്ടായി. എന്നാൽ, സയണിസ്റ്റ് ഭീകര​തക്കെതിരെ തെരുവുകളിൽ പ്രതിഷേധം അലയടിച്ചപ്പോൾ അധികാരക്കസേരയിലിരിക്കുന്നവർക്ക് മാറിച്ചിന്തിക്കേണ്ടി വന്നു. അതിൽ നിർണായക സ്വാധീനം ചൊലുത്തിയ ഈ ഗാനത്തിന് ഒരു മലയാളം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു.

‘വാഴ്ക ഫലസ്തീൻ, അമ്പേ തകരും സയണിസം’ എന്ന ഗാനം ഫലസ്തീനികളുടെ പോരാട്ടത്തിന്റെ ചൂട് മലയാളത്തിലേക്കും പകരുന്നു. സ്വീഡിഷ് വരികളുടെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് കോഴിക്കോട് ഇഖ്റ ​ആശുപത്രിയിലെ പർച്ചേഴ്സ് മാനേജർ ജാബിർ സുലൈം ആണ്. ഇതിലെ പ്രധാന ഗായകൻ കൂടിയായ ഇദ്ദേഹത്തോടൊപ്പം റബീഅ റാബിയ, സലാം ബുസാമ, റഷീദ്, കബീർ തിരൂർ എന്നിവരും ആലപാന സംഘത്തിലുണ്ട്. മ്യൂസിക് സ്കോർ നിർവഹിച്ചിരിക്കുന്നത് സമീർ അലിയാണ്.

Sukoon Sufi Scape എന്ന യൂട്യൂബ് ​ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. ഫലസ്തീനുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഗാനമാണ് ചാനലിൽ വരുന്നത്. ‘ഗസ്സയിൽ തന്നെ പോയ് പാർക്കണം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയതും ആലപിച്ചതും ജാബിർ സുലൈം ആണ്.

ലോകം കീഴടക്കിയ ഗാനം

1972ലാണ് സ്വീഡനിൽ ‘കൊഫിയ’ എന്ന ബാൻഡ് രൂപീകൃതമാകുന്നത്. ഫലസ്തീനിൽനിന്ന് കുടിയേറിയ ജോർജ് ടോട്ടാരിയാണ് ബാൻഡിന്റെ സ്ഥാപകൻ. പരമ്പരാഗത ശിരോവസ്ത്രമായ കെഫിയയുടെ സ്വീഡിഷ് പേരാണ് കൊഫിയ.

ഇസ്രായേൽ എന്ന അധിനിവേശ രാജ്യം സ്ഥാപിതമാകുന്നതിന്റെ രണ്ട് വർഷം മുമ്പ് 1946ൽ നസ്രത്തിലാണ് ടോട്ടാരി ജനിച്ചത്. ക്രിസ്ത്യൻ മതവിശ്വാസിയായ ടോട്ടാരി തന്റെ ചെറുപ്പക്കാലത്ത് ചർച്ചുകളിലും മറ്റും സ്ഥിരമായി പാടാറുണ്ടായിരുന്നു. 1967ലെ യുദ്ധത്തിന് ശേഷം അദ്ദേഹം സ്വീഡനിലേക്ക് കുടിയേറി. ​

ടോട്ടാരി സ്വീഡനിലെത്തുമ്പോൾ അവിടത്തെ രാഷ്ട്രീയ നേതൃത്വം ഫലസ്തീനിലെ ഇസ്രായേലിന്റെ അധിനിവേശത്തെ പിന്തുണക്കുന്നവരായിരുന്നു. സാധാരണക്കാർക്ക് ഫലസ്തീൻ ജനതക്ക് വേണ്ടി ശബ്ദിക്കാൻ കഴിയാത്ത കാലം. ഇതോടെയാണ് മ്യൂസിക് ബാൻഡുമായി ടോട്ടാരി രംഗത്തുവരുന്നത്.

കൊഫിയ ബാൻഡിലെ അംഗങ്ങൾ

നാല് ആൽബങ്ങളാണ് പ്രധാനമായും ഇവർ പുറത്തിറക്കിയത്. ഫലസ്തീൻ മൈ ലാൻഡ് (1976), എർത്ത് ഓഫ് മൈ ഹോംലാൻഡ് (1978), മവ്വൽ ടു മൈ ഫാമിലി ആൻഡ് ലവ്ഡ് വൺസ് (1984), ലോങ് ലിവ് ഫലസ്തീൻ (1988) എന്നിവയാണ് അവ. കൊഫിയയുടെ ഗാനങ്ങളിലൂടെ അവർ ഇസ്രായേലിന്റെ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിർക്കുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും പോരാട്ടങ്ങളെയും പിന്തുണക്കുകയും​ ചെയ്തു.

ഏത് ആയുധത്തേക്കാളും മൂർച്ചയേറിയ വരികൾ നിറഞ്ഞ ഓരോ ഗാനങ്ങളും ലോകത്താകമാനം അലയടി തീർത്തു. തങ്ങളുടെ ഗാനങ്ങളുമായി കൊഫിയ ബാൻഡിലെ അംഗങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു.

ജോർജ് ടോട്ടാരി

50 വർഷം കഴിഞ്ഞിട്ടും താനെഴുതിയ ‘ലിവ പലസ്തീന, ക്രോസ സയണിസ്മെൻ’ എന്ന ഗാനം ലോകത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ അഭിമാനമുണ്ടെന്ന് 77കാരനായ ടോട്ടാരി പറയുന്നു. ടിക് ടോക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇന്നും ട്രെൻഡിങ്ങാണ് ഈ ഗാനം.

തന്റെ രാജ്യത്തിന്റെ കഥ ലോകത്തോട് പറയാൻ വേണ്ടിയാണ് കൊഫിയ എന്ന ബാൻഡ് ആരംഭിച്ചത്. ഒരുകാലത്ത് സ്വീഡിഷ് അധികാരികൾ തങ്ങളുടെ ഗാനത്തെ സെൻസർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫലസ്തീൻ ജനതയുടെ അതിജീവനം പോലെ തന്നെ തന്റെ ഗാനവും അടിച്ചമർത്തലുകളെ തോൽപ്പിച്ച് ഉയിർത്തെഴുന്നേൽക്കുന്നവർക്ക് പ്രചോദനമായി മാറുകയാണെന്ന് ടോട്ടാരി പറയുന്നു.



TAGS :

Next Story