Quantcast

'മാലിക് മറ്റൊരു മെക്സിക്കന്‍ അപാരത, വെളുപ്പിച്ചു': ഒമര്‍ ലുലു

2009 മെയ് 17ന് തിരുവനന്തപുരം ബീമാപ്പള്ളിയില്‍ നടന്ന വെടിവെപ്പിന് സമാനമായ സാഹചര്യത്തിലാണ് മാലികിലെ കഥ നടക്കുന്നത്

MediaOne Logo

ijas

  • Updated:

    2021-07-16 11:16:18.0

Published:

16 July 2021 4:04 PM IST

മാലിക് മറ്റൊരു മെക്സിക്കന്‍ അപാരത, വെളുപ്പിച്ചു: ഒമര്‍ ലുലു
X

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മാലിക് പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. മാലിക് ഇസ്‍ലാമോഫോബിയ പടര്‍ത്തുന്നതാണെന്നും അസത്യങ്ങള്‍ നിറഞ്ഞതാണെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെ സിനിമക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തുവന്നു. മാലിക് സിനിമ കണ്ടതാണെന്നും ചിത്രം മറ്റൊരു മെക്സിക്കന്‍ അപാരതയാണെന്നും ഒമര്‍ ലുലു പറഞ്ഞു. ചിത്രം 'വെളുപ്പിക്കലാണെന്ന' കമന്‍റിന് 'അതെ' എന്ന മറുപടിയും ഒമര്‍ ലുലു കൊടുക്കുന്നുണ്ട്.

2017ല്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. വര്‍ഷങ്ങളായി കെ.എസ്.ക്യൂ കൈയ്യടക്കിയ മഹാരാജാസ് കാമ്പസ് എസ്.എഫ്.വൈ എന്ന വിദ്യാര്‍ഥി സംഘടന പിടിച്ചെടുക്കുന്നതാണ് മെക്സിക്കന്‍ അപാരതയുടെ കഥ. 2011ല്‍ എസ്.എഫ്.ഐയെ തറപറ്റിച്ച് കെ.എസ്​.യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, ചെയർമാൻ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി സിനിമയില്‍ കാണിച്ചു എന്ന വിമർ‌ശനങ്ങൾ പിന്നാലെ ഉയര്‍ന്നു. കെ.എസ്.യു സിനിമക്കെതിരെ രംഗത്തുവന്നതും അന്ന് വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയും ഒമര്‍ ലുലു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റില്‍ നല്‍കിയിട്ടുണ്ട്.

2009 മെയ് 17ന് തിരുവനന്തപുരം ബീമാപ്പള്ളിയില്‍ നടന്ന വെടിവെപ്പിന് സമാനമായ സാഹചര്യത്തിലാണ് മാലികിലെ കഥ നടക്കുന്നത്. 2009ല്‍ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയം കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ സമയത്താണ് ബീമാപ്പള്ളി വെടിവെപ്പ് നടക്കുന്നത്. സുരേന്ദ്രന്‍ പിള്ള ആയിരുന്നു ഈ സമയം ബീമാപ്പള്ളി ഉള്‍പ്പെടുന്ന തിരുവനന്തപുരത്തെ എം.എല്‍.എ. എന്നാല്‍ സിനിമയില്‍ ഇക്കാര്യങ്ങളെല്ലാം വസ്തുനിഷ്ഠമല്ലാതെയാണ് അവതരിപ്പിച്ചതെന്നും മുസ്‍ലിം കഥാപാത്രങ്ങളെയും പരിസരങ്ങളെയും എതിര്‍ചേരിയില്‍ നിര്‍ത്തികൊണ്ടാണ് സിനിമ കഥ പറയുന്നതുമെന്നാണ് പ്രധാന വിമര്‍ശനം. വെടിവെപ്പ് നടന്നതിന് ശേഷം പോലീസിനെതിരെ ബീമാപ്പള്ളി നിവാസികള്‍ തോക്കും ആയുധങ്ങളും കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതും തെറ്റാണെന്നും മുസ്‍ലിം ലീഗിനോട് സമാനതയുള്ള പാര്‍ട്ടിയും എം.എല്‍.എയും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതും അവാസ്തവമാണെന്നുമാണ് വിമര്‍ശനമുണ്ട്.

ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച മൂന്നാമത്തെ ചിത്രമായിരുന്നു മാലിക്. കോവിഡിന് ശേഷമുള്ള ഫഹദ് ഫാസിലിന്‍റെ നാലാമത്തെ ഒ.ടി.ടി ചിത്രം എന്ന സവിശേഷതയും മാലികിനുണ്ട്. ജൂലൈ 15ന് റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലില്‍ തിയറ്ററില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയോടെയാണ് റിലീസ് നീണ്ട് ഒ.ടി.ടിയില്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

TAGS :

Next Story