Quantcast

'ജനിച്ച നാട്ടിൽ ജീവിക്കും, മരിക്കും, അതിന് ആരുടെയും അനുവാദം വേണ്ട'; നിലപാടുകൾ ഉറച്ച ശബ്ദത്തോടെ വിളിച്ചു പറഞ്ഞ മാമുക്കോയ

'നിങ്ങൾ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ഞങ്ങളും ജീവിക്കും.. അതല്ലെങ്കില്‍ ധൈര്യത്തോടെ മരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ജീവിക്കുന്നത് എന്തിനാണ്?'

MediaOne Logo

Web Desk

  • Published:

    26 April 2023 10:50 AM GMT

ജനിച്ച നാട്ടിൽ ജീവിക്കും, മരിക്കും, അതിന് ആരുടെയും അനുവാദം വേണ്ട;  നിലപാടുകൾ ഉറച്ച ശബ്ദത്തോടെ വിളിച്ചു പറഞ്ഞ മാമുക്കോയ
X

കോഴിക്കോട്: മലയാള സിനിമയുടെ തഗ്ഗുകളുടെ സുല്‍ത്താനായ മാമുക്കോയ ബുധനാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. വേറിട്ട അഭിനയ രീതികൊണ്ടും സംഭാഷണശൈലികൊണ്ടും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു മാമുക്കോയ.. നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ നിറഞ്ഞുനിന്നു..

എന്നാല്‍ തമാശ പറഞ്ഞ് ചിരിപ്പിക്കുക മാത്രമല്ല, സമകാലിക സംഭവങ്ങളിൽ കൃത്യമായ നിലപാടുകളും മാമുക്കോയക്കുണ്ടായിരുന്നു. മുസ്‌ലിം ലീഗ് നടത്തിയ സി.എ.എ വിരുദ്ധ സമരവേദിയിലെ മാമുക്കോയയുടെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജീവനെ ഭയപ്പെടുന്നവരും പ്രതികരണ ശേഷി ഇല്ലാത്തവരുമാണ് ഫാസിസ്റ്റുകൾക്കൊപ്പം നിൽക്കുന്നതെന്ന് അന്ന് മാമുക്കോയ പറഞ്ഞു. 2020 ഫെബ്രുവരിയിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സി.എ.എ വിരുദ്ധസമരവേദിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാമുക്കോയ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

'നമ്മുടെ പൗരത്വത്തെ, സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് നമ്മൾ എതിർക്കും. അതിനെ ആരെങ്കിലും എതിർത്താൽ പോരാടും, അല്ലാതെ ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്മെന്റിന് നിൽക്കില്ല. നമ്മൾ ജനിച്ച നാട്ടിൽ നമ്മൾ ജീവിക്കും മരിക്കും, ഇതിന് ആരുടെയും അനുവാദം വേണ്ട'..മാമുക്കോയ പറഞ്ഞു.

മുസ്‌ലിം ലീഗ് നടത്തിയ സി.എ.എ വിരുദ്ധ സമരവേദിയിലെ മാമുക്കോയയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം

'ഇത് എനിക്കും കൂടി വേണ്ടിയുള്ള സമരമാണ്.. ഞാൻ ഇതിൽ പങ്കാളിയാകുന്നത് എനിക്ക് ശേഷം എന്റെ മക്കളും അവരുടെ മക്കളും സമാധാപരമായി ഈ രാജ്യത്ത് ജീവിക്കാൻ പറ്റണം. അതിന് വേണ്ടി ഞാൻ വഴിയൊരുക്കുകയാണ്. വികാര വിക്ഷോഭങ്ങൾ കൊണ്ടോ പ്രകോപിതനായിക്കൊണ്ടോ അല്ല, ആരെയും എതിർക്കാനുമല്ല. നമ്മൾക്ക് നേരെ വരുന്ന എതിർപ്പിനെ തടുക്കാൻ വേണ്ടിയുള്ള വളരെ സമാധാനപരമായ, ക്ഷമാപൂർണമായ ഒരു നീക്കം മാത്രമാണ് എന്റെ സമരം..

അല്ലാതെ ആരെയെങ്കിലും ചീത്ത പറയുന്നില്ല.അങ്ങനെയേ ഈ സമരം പറ്റുകയൊള്ളൂ.. വിവേകം കൊണ്ടും,ബുദ്ധികൊണ്ടും ക്ഷമ കൊണ്ടും മാത്രമേ ഇതിനെ നേരിടാൻ പറ്റൂ.. കാരണം ഇത് മൂന്നും ഇല്ലാത്ത ഒരു വിഭാഗമാണ് ഇത് നടത്തിക്കൊണ്ടിരിക്കുന്നത്. അവർക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ ഒന്നും അറിയില്ല. ഗാന്ധിജിയെ കൊന്ന ഘാതകനെ വർഷങ്ങൾക്ക് ശേഷം ധൈര്യപൂർവം ആദരിക്കുന്നു.ലോകം മുഴുവൻ ചരിത്രം മാറിക്കൊണ്ടിരിക്കും. നമ്മുടെ പൗരത്വത്തെ ചോദ്യം ചെയ്യുമ്പോൾ എതിർക്കുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിൽ എനിക്ക് അല്ലറ ചില്ലറ നോട്ടീസുകളും വിലക്കുകളും കത്തുകളും കിട്ടിയിരുന്നു. ഒരുപാട് ബുദ്ധിജീവികളെയും എഴുത്തുകാരെയും പത്രപ്രവർത്തകരെയും ചിന്തകന്മാരെയും ഇവർ ബോധപൂർവം കൊന്നു..കൊല്ലുന്നത് ആകട്ടെ ഒന്നുമറിയാത്ത കൂലിപ്പണിക്കാരും ബംഗാളികളുമാകും..ആരാണ് എന്തിനാണ് എന്നൊന്നും അവർക്കറിയില്ല..നിങ്ങൾ ചെയ്യുന്നത് ശരിയല്ല,എന്ന് പറയുന്നവരൊക്കെ ഒതുക്കിക്കളഞ്ഞു.

ഒരുവിവരവുമില്ലാത്ത,പ്രതികരിക്കാനറിയാത്ത ആളുകളെയാണ് ഉത്തരേന്ത്യയിലൊക്കെ വളർത്തിക്കൊണ്ടുവരുന്നത്. എണ്ണത്തിൽ കുറവാണെങ്കിലും എതിർക്കാനാളില്ല..പറയാൻ അറിയില്ല, നിങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് പറയാൻ, ശരി ഏതാണെന്ന കുറച്ച അറിവെങ്കിലും നമുക്ക് വേണ്ടേ...അതിന് പോലും അറിയില്ല. പത്രം വായിക്കില്ല,രാഷ്ട്രീയകാര്യങ്ങൾ അറിയില്ല.

ചില ഗ്രാമങ്ങളില്‍ മുസ്ലിങ്ങൾ പോലും പേടിച്ചിട്ട് ബി.ജെ.പിക്ക് തന്നെയാണ് വോട്ട് ചെയ്യുന്നത്. രാജ്യം മുഴുവനും എതിർത്താലും ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അദ്ദേഹവും നമ്മുടെ ഇന്ത്യാചരിത്രം വേണ്ടത്ര പഠിച്ചതായി നമുക്ക് അറിയില്ല. കൂടുതൽ പറഞ്ഞാൽ അവർ ബാക്കിയുണ്ടാകില്ല. പിന്നെ എങ്ങനെയെങ്കിലും കുറച്ച് കാലം കൂടി ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ അവരുടെ കൂടെ പോകുകയാണ്. അങ്ങനെയൊക്കെ ജീവിക്കാൻ പറ്റുമോ..നമ്മൾ ജനിച്ച നാട്ടിൽ നമ്മൾ ജീവിക്കും മരിക്കും..അതിന് ഒരാളുടെയും അവകാശമോ അനുവാദമോ വേണ്ട..അത് പ്രകൃതി നിയമമാണ്.സർക്കാറോ കോടതിയോ ഉണ്ടാക്കിയതല്ല. അതിൽ തടസമോ ചോദ്യത്തരമോ വരുമ്പോൾ ഒരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറല്ല. ജീവിച്ചോളൂ..ഞങ്ങൾ പറയുന്ന പോലെയാകണം..എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.നിങ്ങൾ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ഞങ്ങളും ജീവിക്കും.. അതല്ലെങ്കില്‍ ധൈര്യത്തോടെ മരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ജീവിക്കുന്നത് എന്തിനാണ്..നിങ്ങളാണ് ഭൂരിപക്ഷം..നിങ്ങളാണ് ശക്തി..അധികാരവും ശക്തിയും അവരുടെ കൈയിലാണ്. അവരാണ് പേടിച്ചുജീവിച്ച് ജീവിക്കുന്നത്. വളരെ ബുദ്ധിയോടും വിവേകത്തോടെയും നീങ്ങേണ്ട സമയമാണ്..അതിന് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദൈവം നല്ല മനസ് കൊടുക്കട്ടേ എന്ന് പ്രാർഥിക്കുന്നു.... '



TAGS :

Next Story