'മേ ഹൂ ഉസ്താദ്'; 27 വര്‍ഷങ്ങൾക്ക് ശേഷം പരമേശ്വരനും സംഘവും വീണ്ടും തിയറ്ററുകളിലേക്ക്
രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രം കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമിച്ചിരിക്കുന്നത്

Photo| Google
തിയറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയ രാവണപ്രഭുവിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലിറങ്ങിയ 'ഉസ്താദ്' ആണ് വീണ്ടും തിയറ്ററുകളിലൂടെ ആരാധകരിലേക്കെത്തുന്നത്.
രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രം കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമിച്ചത്. ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദനൻ, സായികുമാർ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ് കുമാര്‍, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടൻ, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തിൽ. പരമേശ്വരന്‍റെയും അധോലോക നായകനായ ഉസ്താദിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയാണ് മോഹൻലാലിന്‍റെ സഹോദരിയായി വേഷമിട്ടത്. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തിയറ്ററിലെത്തിക്കുന്നത് മികച്ച 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അറിയിച്ചു.
ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ, മോഹൻലാൽ, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ചിത്രത്തിലെ ഗായകർ.
ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ഭൂമിനാഥൻ, പശ്ചാത്തല സംഗീതം: രാജാമണി, മേക്കപ്പ്: സലീം, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ഗായത്രി അശോകൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Adjust Story Font
16

