വിടപറഞ്ഞത് മലയാളികളുടെ 'ജോൺ ഹോനായി'

മലയാള സിനിമയിലേക്ക് ചിരിച്ചുകൊണ്ട് വന്നൊരു വില്ലൻ, റിസബാവയെ ഇങ്ങനെയും വിശേഷിപ്പിക്കാം. സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ എത്തിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇൻഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായിയായിരുന്നു ആ വില്ലൻ കഥാപാത്രം.

MediaOne Logo

Web Desk

  • Updated:

    2021-09-13 11:41:05.0

Published:

13 Sep 2021 11:41 AM GMT

വിടപറഞ്ഞത് മലയാളികളുടെ ജോൺ ഹോനായി
X

മലയാള സിനിമയിലേക്ക് ചിരിച്ചുകൊണ്ട് വന്നൊരു വില്ലൻ, റിസബാവയെ ഇങ്ങനെയും വിശേഷിപ്പിക്കാം. സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ എത്തിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായിയായിരുന്നു ആ വില്ലൻ കഥാപാത്രം. അതുവരെ ചിരിപ്പിച്ച ആ സിനിമ ഹോനായിയുടെ വരവോടെ ഗൗരവമാകുകയായിരുന്നു.

വേണ്ടുവോളം വേഷങ്ങളൊന്നും റിസബാവയ്ക്ക് ലഭിച്ചിട്ടില്ല. എന്നാൽ ചെയ്ത കഥാപാത്രങ്ങളിൽ ചിലത് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കുന്നതായിരുന്നു. അതിലൊന്നായിരുന്നു ജോൺ ഹോനായി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയ്‌ക്കൊപ്പം ജോൺ ഹോനായിയും ഹിറ്റായി.'അമ്മച്ചീ ആ പെട്ടി ഇങ്ങ് തന്നേക്ക്' എന്ന ഹോനായിയുടെ സംഭാഷണം ഇന്നും ഇൻസ്റ്റഗ്രാം റീലുകളിൽ തകർത്തോടുന്നുണ്ട്. 1990ലാണ് ഇൻ ഹരിഹർ നഗർ പ്രദർശനത്തിനെത്തുന്നത്. അതേവർഷം തന്നെ എത്തിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം. അതും നായകനായി. നായകസങ്കൽപ്പങ്ങൾക്ക് പറ്റുന്ന ശരീരവും ശബ്ദവുമായിരുന്നു റിസബാവയ്ക്ക്.

ഇന്നസെന്റും ജഗതിയും ജഗതീഷും മാമുക്കോയയുമൊക്കെ മത്സരിച്ച് അഭിനയിച്ച ആ കോമഡി ചിത്രത്തിൽ റിസബാവയും പപ്പൻ എന്ന കഥാപാത്രത്തിലൂടെ കട്ടക്ക് പിടിച്ചു നിന്നു. ഷാജി കൈലാസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പിന്നീടായിരുന്നു മലയാള സിനിമയെ തന്നെ മറ്റൊരു ട്രാക്കിലേക്ക് എത്തിച്ച ഇന്‍ ഹരിഹർ നഗർ പിറക്കുന്നത്. മലയാള സിനിമ എന്നൊന്നും ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ പേര് എടുത്താൽ ജോൺ ഹോനായിയും ഉണ്ടാകും. മിമിക്രി കലാകാരന്മാരെല്ലാം റിസബാവയെ അനുകരിക്കുന്നത് ജോൺ ഹോനായിയിലൂടെയായിരുന്നു.

നാടക വേദികളിലൂടെയായിരുന്നു റിസബാവ അഭിനയ രംഗത്തേക്ക് എത്തിയത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. ആദ്യ ചിത്രം തന്നെ പെട്ടിയിലായ ഒരു നടൻ മലയാള സിനിമയിൽ അധിക നാൾ പിടിച്ചുനിൽക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ അത്തരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു 90ൽ ഇറങ്ങിയ ഇൻഹരിഹർ നഗറും ഡോ. പശുപതിയും. രണ്ടും ഹിറ്റ്.

ഏകദേശം 120ലധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നായകനായി ഏതാനും വേഷങ്ങളെ കൈകാര്യം ചെയ്തുള്ളൂവെങ്കിലും വില്ലൻ വേഷങ്ങളായിരുന്നു റിസബാവയെ ശ്രദ്ധേയമാക്കിയത്. മിനിസ്‌ക്രീനിലും നിറഞ്ഞതോടെ മലയാള കുടുംബ പ്രേക്ഷകർക്കിടയിലും റിസബാവ എളുപ്പത്തിൽ സ്വീകാര്യത നേടി. മമ്മൂട്ടി ചിത്രം വണിൽ ആണ് റിസബാവ അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ ഡബിങിലുള്ള പ്രാവീണ്യവും റിസബാവയെ വേറിട്ട് നിർത്തുന്നുണ്ട്. ഇതിനുള്ള അംഗീകാരമായിരുന്നു 2010ൽ സംസ്ഥാന സർക്കാറിന്റെ മികച്ച ഡബിങ് ആർടിസ്റ്റിനുള്ള പുരസ്കാരം. വി.കെ പ്രകാശ് സംവിധാനം ചെയ്ത കർമ്മയോഗിയായിരുന്നു അവാർഡിനർഹമായ ചിത്രം.

TAGS :

Next Story