Quantcast

സിനിമയുടെ ഉള്ളടക്കം റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണെന്ന് പറയുകയായിരുന്നു ലക്ഷ്യം: സംവിധായകൻ രതീഷ് ബാലകൃഷ്ണൻ

''സിനിമയെയും പരസ്യത്തെയും എതിർക്കുന്നവരും സമൂഹത്തിന്റെ ഭാഗമാണ്. അവരെയും ബാധിക്കുന്ന ഒരു കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത്''

MediaOne Logo

Web Desk

  • Updated:

    2022-08-11 13:28:55.0

Published:

11 Aug 2022 1:14 PM GMT

സിനിമയുടെ ഉള്ളടക്കം റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണെന്ന് പറയുകയായിരുന്നു ലക്ഷ്യം: സംവിധായകൻ രതീഷ് ബാലകൃഷ്ണൻ
X

'ന്നാ താൻ കേസ് കൊട്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇറങ്ങിയ വിവാദ പരസ്യത്തിൽ പ്രതികരണവുമായി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ. സിനിമയുടെ കാതൽ റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണെന്ന് പറയാൻ വേണ്ടി മാത്രം എഴുതിയതാണ് ആ വാക്കുകളെന്ന് സംവിധായകൻ പറഞ്ഞു. പരസ്യം ഇത്ര ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പ്രതികരണവുമായി എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള സൂചന കൃത്യമായി നൽകിയാൽ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി. കുഴികളുണ്ടായിട്ടും തിയേറ്ററുകളിലേക്ക് വരാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിവാദ പരസ്യം രാഷ്ട്രീയ പ്രസ്താവനയല്ല. ഈ വാക്കുകൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകുമോയെന്നും രതീഷ് ചോദിക്കുന്നു. ''പരസ്യത്തിൽ പ്രശ്നമുള്ളവർക്ക് സിനിമ കാണുമ്പോൾ ആശ്വാസം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. അവരോട് എനിക്ക് പറയാനുള്ളത് ഒന്ന് പോയി സിനിമ കാണൂ എന്ന് മാത്രമാണ്, ഈ സിനിമ വിവാദം ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ല. സിനിമ എല്ലാവരും ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''- സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറഞ്ഞു.

ഇത് ഒരു പ്രത്യേക സമുദായത്തിന്റെ കഥ പറയുന്ന സിനിമയല്ല. പകരം, പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമാണ് കൈകാര്യം ചെയ്യുന്നത്. സിനിമയെയും പരസ്യത്തെയും എതിർക്കുന്നവരും സമൂഹത്തിന്റെ ഭാഗമാണ്. അവരെയും ബാധിക്കുന്ന ഒരു കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത്. അത് സത്യസന്ധമായി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു കലാകാരനെന്ന നിലയിൽ താൻ കാണിച്ച ആത്മാർത്ഥതയും അർപ്പണബോധവും പ്രേക്ഷകർ തിരിച്ചറിയുമെന്നും രതീഷ് പറയുന്നു.

'തീയറ്ററുകളിലേക്കുള്ള റോഡുകളിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ', കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്'എന്ന ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പരസ്യത്തിലെ വാചകമാണിത്. റിലീസ് ദിവസം തന്നെ പരസ്യം അപ്രതീക്ഷിത വിവാദത്തിന് കാരണമായി. സിനിമാ നിർമ്മാതാക്കൾ സംസ്ഥാന സർക്കാരിനെ പരിഹസിക്കുകയാണെന്ന് പലരും ആരോപിച്ചു. അനാവശ്യ വിവാദങ്ങൾക്കും സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനും ഇടയിൽ ആദ്യദിനം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ് 'ന്നാ താൻ കേസ് കൊട്' ചിത്രം. പ്രൊമോഷന്റെ വിവിധ ഘട്ടങ്ങളിൽ സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള സൂചനകൾ വെളിപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചിരുന്നതായും അതിന്റെ ഭാഗമായാണ് പരസ്യമെന്നും സംവിധായകൻ വ്യക്തമാക്കി.

TAGS :

Next Story