Quantcast

‘അന്നപൂരണി’ സിനിമ വിവാദം: മാപ്പ് പറഞ്ഞ് നയൻതാര

രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുന്നതായും ആക്ഷേപമുയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-18 18:50:06.0

Published:

18 Jan 2024 6:24 PM GMT

FIR filed against Nayanthara
X

‘അന്നപൂരണി’ സിനിമയിലെ രം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിലെ രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരികയും ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ് മാപ്പ് പറയുകയും ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി സംഭവത്തിൽ മാപ്പ് പറഞ്ഞ് നയൻതാര സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്.

ഓം, ജയ് ശ്രീറം എന്നിവയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ‘അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. അന്നപൂരണി എന്ന ചിത്രം വെറുമൊരു സിനിമാ പ്രയത്നം മാത്രമല്ല, ചെറുത്തുനിൽപ്പുകളെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളർത്താനുമുള്ള ഹൃദയംഗമമായ പരിശ്രമമായിരുന്നു. ജീവിത യാത്രയെ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പൂർണ്ണമായ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ഒരു നല്ല സന്ദേശം പങ്കിടാനുള്ള ആത്മാർത്ഥമായ ശ്രമത്തിനിടെ ഞങ്ങൾ അശ്രദ്ധമായി വേദനിപ്പിച്ചേക്കാം. സെൻസർ ചെയ്യുകയും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ സംഘവും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഈ പ്രശ്നത്തിന്റെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നു.

പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുകയും ചെയ്യുന്ന ഒരാളായതിനാൽ, ഞാൻ മനഃപൂർവ്വം ചെയ്യുന്ന അവസാന കാര്യമാണിത്. ആരുടെയെല്ലാം വികാരങ്ങളാണ് ഞങ്ങൾ വ്രണപ്പെടുത്തിയത്, അവരോട് ഞാൻ ആത്മാർത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു. അന്നപൂരണിക്ക് പിന്നിലെ ഉദ്ദേശ്യം ഉന്നമനവും പ്രചോദനവുമാണ്, അല്ലാതെ വേദനിപ്പിക്കുക എന്നതല്ല.

പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, പരസ്പരം പഠിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സിനിമാ വ്യവസായത്തിലെ എന്റെ യാത്ര’ -നയൻതാര ​പോസ്റ്റിൽ കുറിച്ചു. ​ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര, ജയ്, സത്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ഡിസംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസ സമയത്ത് വിശന്നപ്പോൾ മാംസാഹാരം കഴിച്ചിരുന്നു എന്ന് വാൽമീകിയുടെ രാമായണത്തിൽ പറയുന്നുണ്ട് എന്ന് നടൻ ജയ് പറയുന്ന ഭാ​ഗം മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. ചിത്രത്തിൽ വാൽമീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ആക്ഷേപമുയർന്നിരുന്നു.

TAGS :

Next Story