Quantcast

ഇത് അതിജീവനത്തിന്റെ 'ആയിഷ'

1980- 1990 കാലഘട്ടത്തിലാണ് ചിത്രം കഥ പറയുന്നത്. ഗള്‍ഫാണ് പ്രധാന ലൊക്കേഷന്‍

MediaOne Logo

Web Desk

  • Updated:

    2023-01-20 17:32:51.0

Published:

20 Jan 2023 4:58 PM GMT

ഇത് അതിജീവനത്തിന്റെ ആയിഷ
X

പരിചിതമല്ലാത്ത ലോകത്ത് എത്തിപ്പെടുന്ന മലയാളിയായ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും പ്രമേയമാക്കിയാണ് അമീർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ 'ആയിഷ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നിലമ്പൂർ ആയിഷ എന്ന അതുല്യ പ്രതിഭ നീന്തിക്കയറിയ ജീവിതത്തെ ആഷിഫ് കക്കോടിയാണ് സിനിമാ രൂപമാക്കി മാറ്റിയിരിക്കുന്നത്. ആയിഷയായി പകർന്നാടി മഞ്ജുവാര്യരും.

എൺപതുകളിലെ കഥയാണ് ചിത്രം പറയുന്നത്. ഗൾഫിലെ വലിയൊരു പാലസിൽ ജോലിക്കാരിയായി എത്തുകയാണ് ആയിഷ. ആയിഷയെ കൂടാതെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഗദ്ദാമകള്‍ അവിടെ ജോലി ചെയ്യുന്നു. ആദ്യം വലിയ പ്രായസത്തിലൂടെ കടന്ന് പോവുന്ന ആയിഷ പാലസിലെ മുത്തശ്ശിയുടെ (മാമാ) കണ്ണിലുണ്ണിയായി മാറുന്നു. മാമാ (അമ്മ) എന്ന് വിളിക്കുന്ന വൃദ്ധയാണ് ആ കുടുംബത്തിന്റെ സര്‍വ്വാധികാരി. ഇരുവരും തമ്മിലുള്ള വൈകാരിക അടുപ്പം വരച്ചുകാണിച്ച് സിനിമ മുന്നോട്ടു പോവുന്നു. നാടകം കൊണ്ട് അതിലൂടെ ജീവിതത്തിലും വിപ്ലവം തീർത്ത നിലമ്പൂർ ആയിഷയുടെ ജീവിത കഥ അതുപോലെ സിനിമയാക്കിയിരിക്കുകയാണ് അമീർ പള്ളിക്കൽ. അതുകൊണ്ട് തന്നെ ബയോപിക് ട്രീറ്റ്മെന്റാണ് ചിത്രത്തിന്.


കഥ അറിയുക എന്നതിനപ്പുറത്തേക്ക് സിനിമ കാണുക അനുഭവിക്കുക എന്നതിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് മികച്ച കാഴ്ചകൾക്കും അത് ചടുലമായി ചേർത്തുവെയ്ക്കാനും പുതിയ എഴുത്തുകാരും സംവിധായകരും ശ്രദ്ധിക്കുന്നത്. ആയിഷയുടെ ആദ്യ പോസിറ്റീവും ഇത് തന്നെയാണ്. അത്രയും കളർഫുള്ളായ ഫ്രെയിമുകൾ, കളർ ടോൺ, അങ്ങനെ ഉണ്ടാക്കിയെടുത്ത ലൈനിലാണ് അമീർ പള്ളിക്കൽ എന്ന നവാഗതൻ ഒരു യഥാർത്ഥ കഥ പറഞ്ഞിരിക്കുന്നത്. ആയിഷ ഒരു ഫീൽഗുഡ് അനുഭവം സമ്മാനിക്കാൻ കാരണം അതിന്റെ അസാധ്യമായ ഫ്രെയിമുകളാണ്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം സൗദിയാണ്. ഇതിന് മുൻപ് പല തവണ കേട്ടതും കണ്ടതുമായ കഥയാണ് എന്നിട്ടും അത് സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. സിനിമ കൂടുതലും സൗദിയിലെ പാലസിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലാണ് വിഷ്ണുവിന്റെ ഫ്രെയിമുകൾ. ഉദാഹരണത്തിന് ആയിഷ ആദ്യമായി പാലസ് കാണുന്നതും അവിടേക്ക് കടക്കുന്ന സീനുണ്ട്. പ്രേക്ഷകർ പാലസ് കണ്ണിനടുത്ത് കാണുന്നത് രീതിയിലാണ് വിഷ്ണു ആ രംഗം പകർത്തിയിരിക്കുന്നത്. എഡിറ്റർ അപ്പു. എൻ ഭട്ടതിരിയാണ് പ്രേക്ഷകനെ സിനിമക്കൊപ്പം നടത്തിക്കുന്ന മറ്റൊരാൾ. ആവശ്യമായ കളർടോൺ പ്രേക്ഷകന് പോസിറ്റീവ് ഫീൽ സമ്മാനിക്കാൻ പാകത്തിലുള്ളതാണ്.


മഞ്ജുവാര്യർ എന്ന നടി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു വിമർശനം നിശ്ചിത മീറ്ററിനുള്ളിൽ മാത്രം നിൽക്കുന്നു എന്നതാണ് എല്ലാ സിനിമയിലും ഒരേ ഭാവം തന്നെ വാരിവിതറുന്നുവെന്നും പറയുന്ന സംഭാഷണത്തിലെ മോഡുലേഷനിലും വലിയ മാറ്റമില്ലെന്നതുമൊക്കെയാണ് അത്. ഈ വിമർശനങ്ങൾക്ക് ആയിഷയായി മറുപടി പറയുകയാണ്. എന്നാൽ ഒറ്റക്കൊരു സിനിമയെ തോളിലേറ്റി എന്നതും ചെറുതല്ലാത്ത കാര്യമാണ്. ആയിഷയിൽ അവർ യഥാർത്ഥത്തിൽ കൃത്യമായിരുന്നു. സമീപകാല മഞ്ജു ചിത്രങ്ങളിൽ നിന്ന് പ്രകടനത്തിലും ആയിഷ വ്യത്യസ്തമാവുന്നുണ്ട്.

മഞ്ജു വാര്യർ, രാധിക, കൃഷ്ണ ശങ്കർ എന്നിവരെ മാറ്റി നിർത്തിയാൽ പരിചിത മുഖങ്ങൾ കുറവാണ് എന്നതാണ് ശ്രദ്ധേയം. നിരവധി വിദേശ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ആഫ്രിക്കക്കാർ, അറബുകൾ, ടുണീഷ്യയിൽ നിന്നുള്ളവർ ഇംഗ്ലീഷുകാർ, ശ്രീലങ്കൻ, പാകിസ്താനി അങ്ങനെയങ്ങനെ പല ഭാഷകളിൽ നിന്നുള്ളവർ ചിത്രത്തിൽ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ഭാഷക്കതീതമായി അവരെല്ലാം തങ്ങളിലേൽപ്പിച്ച ജോലി ഭംഗിയായി നിർവഹിച്ചിട്ടുമുണ്ട്. ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം പ്രശംസനീയമായ പ്രകടനമാണ് മാമ എന്ന കഥാപാത്രം ചെയ്ത അഭിനേത്രിയുടേത്. രണ്ടു പേരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമ പലപ്പോഴും അവരുടെ കയ്യിലാണ്. അവരാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.


ഗൾഫ് നാടുകൾ മുഖ്യ കഥാപശ്ചത്തലമായി നിരവധി മലയാള ചിത്രങ്ങൾ വന്നിട്ടുണ്ട്. പ്രേക്ഷകനുമായി കണക്ടാവുന്നില്ല എന്ന പഴിയാണ് പലതും കേട്ടത്. മികച്ച തിരക്കഥയുടെ പിൻബലത്തിൽ വന്ന പലതും ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചിട്ടുമുണ്ട്. ആ പട്ടികയിലേക്കാണ് ആയിഷയും. 1980- 90 കാലഘട്ടത്തിൽ നടക്കുന്ന കഥയെ, അന്നത്തെ ഭൂമികയെ പുനസൃഷ്ടിക്കാൻ അണിയറപ്രവർത്തകർക്കായിട്ടുണ്ട്. ആ സമയത്തെ വാഹനങ്ങൾ, വസ്തുക്കൾ, ഉടുപ്പ് എന്നിവയൊക്കെ അതുപോലെ ചിത്രത്തിലുണ്ട്. നാട് കാണിക്കുന്ന ചില സീനുകളിലും ഈ സൂക്ഷ്മത കൊണ്ടുവന്നിട്ടുണ്ട്.

റിലീസിന് മുൻപേ ഹിറ്റായ പാട്ടിന്റെ സിനിമക്കുള്ളിലെ പ്ലേസിങ്ങാണ് കല്ലുകടിയായി തോന്നിയത്. അങ്ങനെ ഒരു മൂഡിൽ പോവുന്ന ചിത്രത്തിൽ പെട്ടെന്നുള്ള ആ പാട്ടിന്റെ വരവ് ഒരു ചേർച്ചക്കുറവു പോലെയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ അതും അങ്ങനെ കണ്ടുപരിചയമില്ലാത്ത അവരുടെ പ്രയാസങ്ങൾ അഭ്രപാളിയിലെത്തിച്ചതിന് അമീർ പള്ളിക്കലും ആഷിഫ് കക്കോടിയും സക്കരിയയും ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒപ്പം മഞ്ജുവിന്റെ കരിയറിലൊരു പൊൻതൂവലും.


Next Story