അറിയാതെ പോകരുത് മുലയൂട്ടലിലെ പ്രതിസന്ധികൾ; തടിപ്പും അണുബാധയും ശ്രദ്ധിക്കണം
പഴുപ്പിന്റെ അളവ് കൂടുതലാണെങ്കിലോ സൂചി ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യാൻ സാധിക്കാതെ വരികയോ ചെയ്യുമ്പോഴാണ് ഇൻസിഷൻ ആൻഡ് ഡ്രെയിനേജ് എന്ന നൂതന സർജിക്കൽ ചികിത്സാരീതി സ്വീകരിക്കുന്നത്

ഒരു കുഞ്ഞ് ജനിച്ച് വീണ് ഭൂമിയിൽ ആദ്യ ബന്ധവും ആത്മബന്ധവും ആരംഭിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെയാണ്. സ്വാഭാവിക മുലയൂട്ടലിനെ വാഴ്ത്തുമ്പോഴും പലർക്കുമറിയില്ല, മുലയൂട്ടൽ അമ്മമാർക്ക് പലപ്പോഴും വേദനാജനകമാകാറുണ്ടെന്നത്.
സ്തനങ്ങളിലുണ്ടാകുന്ന അതികഠിനമായ വേദന, തടിപ്പ്, വീക്കം എന്നിവ പല പുതിയ അമ്മമാരെയും മാനസികമായും ശാരീരികമായും തളർത്താറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വില്ലന്മാരാണ് പാൽക്കുഴലുകളിലെ തടസ്സം, സ്തനങ്ങളിലെ അണുബാധ അഥവാ മാസ്റ്റിറ്റിസ് എന്നിവ.
കൃത്യമായ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഇവ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സ്തനത്തിൽ പഴുപ്പ് കെട്ടിനിൽക്കൽ (ബ്രെസ്റ്റ് ആബ്സസ്) എന്ന അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്നും സർജിക്കൽ പരിചരണം എപ്പോൾ ആവശ്യമാണെന്നും വിശദമായി മനസ്സിലാക്കാം.
പാൽക്കുഴലുകളിലെ തടസ്സം
മുലപ്പാൽ പുറത്തേക്ക് ഒഴുകുന്ന ചെറുനാളികളിൽ പാൽ കെട്ടിക്കിടന്ന് കട്ടപിടിക്കുന്ന അവസ്ഥയാണിത്. കുഞ്ഞ് ശരിയായി പാൽ കുടിക്കാതിരിക്കുകയോ, ഒരുവശത്തെ സ്തനത്തിൽ നിന്നുള്ള മുലയൂട്ടൽ വൈകുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാം.
പ്രധാന ലക്ഷണങ്ങൾ:
- സ്തനത്തിൽ ഒരു പ്രത്യേക ഭാഗത്ത് മാത്രം അനുഭവപ്പെടുന്ന ചെറിയ തടിപ്പും വേദനയും. കൂടാതെ ആ ഭാഗത്തെ തൊലിപ്പുറത്ത് നേരിയ ചുവപ്പുനിറം അല്ലെങ്കിൽ ചൂട് അനുഭവപ്പെടുന്ന അവസ്ഥ.
- കുഞ്ഞ് പാൽ കുടിച്ച ശേഷവും ആ തടിപ്പ് പൂർണമായി മാറാതെ നിൽക്കുക. ഈ ഘട്ടത്തിൽ സാധാരണയായി അമ്മമാർക്ക് പനി ഉണ്ടാകാറില്ല.
സ്തനത്തിലെ അണുബാധ (മാസ്ടൈറ്റിസ്)
പാൽക്കുഴലുകളിലെ തടസ്സം നീങ്ങാതെ വരികയോ, മുലക്കണ്ണിലെ വിള്ളലുകൾ വഴി അണുക്കൾ സ്തനത്തിന്റെ കോശങ്ങൾക്കുള്ളിലേക്ക് കടക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അണുബാധയാണിത്.
പ്രധാന ലക്ഷണങ്ങൾ:
- സ്തനത്തിൽ പടർന്നുപിടിക്കുന്ന കഠിനമായ വേദനയും വീക്കവും.
- കടുത്ത തളർച്ചയും ശരീരവേദനയും, പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനിയും.
- സ്തനത്തിൽ ത്രികോണാകൃതിയിലോ വലിയ രീതിയിലോ കാണപ്പെടുന്ന ചുവപ്പുനിറവും ചൂടും.
സ്തനാരോഗ്യത്തിലെ സങ്കീർണതകൾ:
സ്തനത്തിലെ അണുബാധ എന്ന രോഗാവസ്ഥക്ക് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ, സ്തനത്തിനുള്ളിൽ പഴുപ്പ് കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിനെയാണ് ബ്രെസ്റ്റ് ആബ്സസ് എന്ന് വിളിക്കുന്നത്. സ്തനത്തിൽ ഒരു ദൃഢമായ മുഴപോലെ ഇത് അനുഭവപ്പെടുകയും തൊടുമ്പോൾ കഠിനമായ വേദനയുണ്ടാകുകയും ചെയ്യും. ഈ ഘട്ടത്തിലാണ് ഒരു സർജന്റെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമായി വരുന്നത്.
വൈദ്യസഹായവും സർജിക്കൽ ചികിത്സയും
രോഗലക്ഷണങ്ങൾ സങ്കീർണമാവുകയും മാസ്ടൈറ്റിസൊ എന്ന അണുബാധ സ്ഥിരീകരിക്കുകയും ചെയ്താൽ കൃത്യമായ വൈദ്യസഹായം അത്യാവശ്യമാണ്. ഈ ഘട്ടത്തിൽ മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞിനും പൂർണമായും സുരക്ഷിതമായ ആന്റിബയോട്ടിക്കുകളും പനിയും വേദനയും കുറയ്ക്കാനുള്ള മരുന്നുകളുമാണ് ഡോക്ടർമാർ നിർദേശിക്കാറ്. 10 മുതൽ 14 ദിവസം വരെയാണ് മരുന്നുകൾ കഴിക്കാനുള്ള കോഴ്സ്. ലക്ഷണങ്ങൾ കുറഞ്ഞാലും ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ നിർത്താൻ പാടില്ല.
എന്നാൽ അണുബാധ മൂലം സ്തനത്തിനുള്ളിൽ പഴുപ്പ് കെട്ടിനിൽക്കുന്ന ബ്രെസ്റ്റ് ആബ്സസ് എന്ന അവസ്ഥയിലെത്തുകയാണെങ്കിൽ, കൂടുതൽ ചികിത്സ വേണ്ടി വരും. പഴുപ്പ് തുടക്കത്തിൽ തന്നെ കണ്ടെത്തുകയും അത് ചെറുതുമാണെങ്കിൽ വലിയ ശസ്ത്രക്രിയകൾ കൂടാതെ തന്നെ പരിഹരിക്കാൻ സാധിക്കും. അൾട്രാസൗണ്ട് സ്കാനിംഗിന്റെ സഹായത്തോടെ, നേർത്ത ഒരു സൂചി ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന പഴുപ്പ് കുത്തിയെടുത്ത് കളയുന്ന നീഡിൽ ആസ്പിറേഷൻ എന്ന ചികിത്സാരീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. തുന്നലുകളോ വലിയ മുറിവുകളോ ആവശ്യമില്ലാത്തതിനാൽ ഇത് രോഗിക്ക് ഏറെ ആശ്വാസകരമാണ്.
പഴുപ്പിന്റെ അളവ് കൂടുതലാണെങ്കിലോ സൂചി ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യാൻ സാധിക്കാതെ വരികയോ ചെയ്യുമ്പോഴാണ് ഇൻസിഷൻ ആൻഡ് ഡ്രെയിനേജ് എന്ന നൂതന സർജിക്കൽ ചികിത്സാരീതി സ്വീകരിക്കുന്നത്. പ്രസ്തുത ഭാഗം മരവിപ്പിച്ച ശേഷം, ചെറിയൊരു ദ്വാരമുണ്ടാക്കി പഴുപ്പ് പൂർണമായി കഴുകി വൃത്തിയാക്കുന്നു. ആധുനികവും സൂക്ഷ്മവുമായ സർജിക്കൽ സാങ്കേതികവിദ്യകൾ ലഭ്യമായതിനാൽ, ശസ്ത്രക്രിയയ്ക്ക് ശേഷവും സ്തനത്തിൽ വലിയ പാടുകളോ രൂപമാറ്റമോ ഉണ്ടാകുമെന്ന ഭയം വേണ്ട.
തെറ്റിദ്ധാരണകൾ തിരുത്താം
മാസ്ടൈറ്റിസൊ സ്തനത്തിൽ അണുബാധയോ ഉണ്ടായാൽ ആ സ്തനത്തിൽ നിന്ന് കുഞ്ഞിന് പാൽ നൽകാൻ പാടില്ലെന്ന ഒരു ധാരണ സമൂഹത്തിലുണ്ട്. എന്നാൽ അണുബാധയുള്ള സമയത്തും ബാധിതമായ സ്തനത്തിൽ നിന്ന് തന്നെ തുടർച്ചയായി മുലയൂട്ടുന്നത് പാൽക്കുഴലുകളിലെ തടസ്സങ്ങൾ മാറി പാൽ ഒഴുക്ക് സുഗമമാക്കാനും രോഗം മാറാനും സഹായിക്കും. ഈ പാൽ കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് യാതൊരുവിധ ദോഷവും വരുത്തുകയുമില്ല.
പ്രതിരോധ മാർഗ്ഗങ്ങൾ:
പ്രാരംഭദശയിൽ തന്നെ കൃത്യമായ പരിചരണം നൽകിയാൽ ശസ്ത്രക്രിയ പോലെയുള്ള അവസ്ഥകൾ ഒഴിവാക്കാം:
- കുഞ്ഞ് മുലക്കണ്ണും അതിനുചുറ്റുമുള്ള കറുത്ത ഭാഗവും (Areola) ശരിയായി വായയിലാക്കി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- തടസ്സമുള്ള സ്തനത്തിൽ നിന്ന് കുഞ്ഞിന് ഇടയ്ക്കിടെ പാൽ നൽകുക. ആവശ്യമാണെങ്കിൽ ബ്രെസ്റ്റ് പമ്പ് അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് മുലപ്പാൽ പിഴിഞ്ഞെടുത്ത് കളയാം.
- മുലയൂട്ടുന്നതിന് തൊട്ടുമുൻപ് ചെറുചൂടുവെള്ളത്തിൽ മുക്കിയ തുണികൊണ്ട് സ്തനത്തിൽ വെക്കുകയോ ചെറുചൂടുവെള്ളത്തിൽ കുളിക്കുകയോ ചെയ്യുക. ശേഷം തടിപ്പുള്ള ഭാഗത്ത് നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് നേർരേഖയിൽ മൃദുവായി മസാജ് ചെയ്യുക (കഠിനമായി അമർത്താതെ ശ്രദ്ധിക്കുക).
- മുലയൂട്ടലിന് ശേഷം സ്തനത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ 10-15 മിനിറ്റ് ഐസ് പാക്ക് വെക്കാവുന്നതാണ്.
- ഇറുകിയ ബ്രാ, മെറ്റൽ വയറുകളുള്ള ബ്രാ എന്നിവ ഉപയോഗിക്കുന്നത് പാൽക്കുഴലുകൾ ഞെരുങ്ങാൻ കാരണമാകും. അതിനാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?
24 മണിക്കൂർ ശരിയായ പരിചരണം നൽകിയിട്ടും സ്തനത്തിലെ വേദനയോ തടിപ്പോ കുറയുന്നില്ലെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. പ്രത്യേകിച്ച് ഉയർന്ന പനിയും വിറയലും അനുഭവപ്പെടുക, സ്തനത്തിൽ നിന്ന് പഴുപ്പ് വരുക, അല്ലെങ്കിൽ സ്തനത്തിലെ ചുവപ്പുനിറം അതിവേഗം മറ്റ് ഭാഗങ്ങളിലേക്ക് പടരുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം.
മുലയൂട്ടൽ സമയത്തുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ അമ്മമാരുടെ തെറ്റുകൊണ്ടോ ശ്രദ്ധക്കുറവുകൊണ്ടോ ഉണ്ടാകുന്നതല്ല. അൽപ്പം ശ്രദ്ധയും കൃത്യസമയത്തുള്ള പരിചരണവും ഉണ്ടെങ്കിൽ ഈ പ്രതിസന്ധികളെ എളുപ്പത്തിൽ മറികടക്കാം. അമിതമായ വേദനയോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഒരു ഗൈനക്കോളജിസ്റ്റിനെയോ ജനറൽ സർജനെയോ സമീപിച്ച് കൃത്യമായ നിർദേശം തേടുക. പൂർണ ആരോഗ്യത്തോടെയുള്ള മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അനിവാര്യമാണ്.
ഡോ. അഫ്ര അബ്ദുറഹ്മാൻ
കൺസൾട്ടന്റ് ബ്രസ്റ്റ് ഓങ്കോപ്ലാസ്റ്റിക് സർജൻ
ആസ്റ്റർ മിംസ് കോട്ടക്കൽ
Adjust Story Font
16

