Quantcast

ഇലവീഴാപൂഞ്ചിറ; മിന്നൽ പിണറുകളുടെ ചിറ

അക്ഷരാർഥത്തിൽ പ്രകൃതിയുടെ സൂക്ഷ്മ ശബ്ദങ്ങളെ പോലും പ്രേക്ഷകരുടെ കാതുകളിലെത്തിച്ച് ഇലവീഴാപൂഞ്ചിറ മല കയറ്റിയാണ് കഥ പറയുന്നത്.

MediaOne Logo

യു. ഷൈജു

  • Updated:

    2022-07-21 10:25:00.0

Published:

21 July 2022 10:13 AM GMT

ഇലവീഴാപൂഞ്ചിറ; മിന്നൽ പിണറുകളുടെ ചിറ
X

ഒരു ദേശത്തിൻ്റെ പേരിൽ കഥ പറഞ്ഞ്. അതിലെ സൗന്ദര്യം പകർത്തിക്കാട്ടി ഒടുവിൽ ജീവിത യാഥാർഥ്യങ്ങളുടെ തിരിച്ചറിവിൽ തീർക്കുന്ന ഒന്നാണ് ഒറ്റനോട്ടത്തിൽ ഇലവീഴാപൂഞ്ചിറ എന്ന സിനിമ.

ഓരോ യാത്രയും മറ്റ് പല കാഴ്ചകളുടെയും ചിന്തകളുടേതുമാണ്. കോട്ടയം ജില്ലയിലെ മലമുകളിലെ ഈ ദേശത്തേക്കുള്ള യാത്ര അങ്ങനെ കാഴ്ചകളുടെ വലിയ ലോകം തുറക്കുന്നു. ആ വഴികളുടെ പ്രത്യേകതകളും അതിലെ യാത്ര നൽകുന്ന പ്രയാസങ്ങളും എളുപ്പങ്ങളും എല്ലാം പറഞ്ഞ് അനുഭവിപ്പിച്ചാണ് കഥയുടെ സഞ്ചാരം. അക്ഷരാർഥത്തിൽ പ്രകൃതിയുടെ സൂക്ഷ്മ ശബ്ദങ്ങളെ പോലും പ്രേക്ഷകരുടെ കാതുകളിലെത്തിച്ച് ഇലവീഴാപൂഞ്ചിറ മലകയറ്റിയാണ് കഥ പറയുന്നത്.

ആദ്യ പകുതി പിന്നിടുമ്പോഴും കഥയിലെ കാര്യമറിയാതെ മിന്നൽ പിണറുകൾ കൊണ്ട് അമ്പരപ്പും ജിജ്ഞാസയും ഉണ്ടാക്കുന്നുണ്ട്. സഞ്ചാരികളുടെ രക്ഷക്ക് പോലീസ് ശൈലിയിൽ ഇടപെടുമ്പോഴും വിനോദയാത്രകളിലെ കരുതലുകളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോലീസ് വയർലെസ് സ്റ്റേഷൻ കേന്ദ്രീകരിച്ച മലമുകളിലെ മനുഷ്യജീവിതത്തെ കാണിക്കാൻ കഥയെഴുത്തുകാരുടെയും സംവിധായകരുടെയും മിടുക്ക് കഥാപാത്രങ്ങളുടെ തൂക്കിപ്പിടിച്ച രണ്ട് കവറുകൾ പറഞ്ഞു തരുന്നുണ്ട്.

പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിനു മേൽ ഇടിമിന്നലോടു കൂടി കടന്നു വരുന്ന മഴ എത്ര മനോഹരമായ പ്രകമ്പനമാണ് കോരിയിടുന്നത്. ഭയന്ന് വിറച്ച് സ്ക്രീനിലേക്ക് നോക്കുമ്പോൾ കഥയങ്ങനെ പ്രകൃതിക്ക് വരുന്ന മാറ്റം പോലെ മാറിമറിയുകയാണ്. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കിട്ടിയ റെയിഞ്ചിൽ നിന്ന് ഫോണിൽ പറയുന്ന ഗൗരവമുള്ള ജീവിതത്തെ തമാശയായി കാണിക്കുന്നുവെങ്കിലും അടുത്ത മിന്നലിൽ അത് അത്ര തമാശയല്ലെന്ന് പ്രേക്ഷകൻ തിരിച്ചറിയുന്നു.

കുറ്റാന്വേഷണത്തിൻ്റെ പതിവ് ജാഡകൾക്കപ്പുറം ജീവിതത്തെ പകർത്തുന്ന യാഥാർഥ്യബോധമുള്ള അന്വേഷണങ്ങളാണ് സ്ക്രീനിൽ നിറയുന്നത്. മൊബൈൽ സിമ്മിന് ഈ സ്ഥലത്ത് അപൂർവമായി ലഭിക്കുന്ന റെയിഞ്ച് പോലും ഉരച്ച് കളയുന്നത് കൊലപാതകത്തിൻ്റെ തുമ്പ് ആണെന്ന കഥ പറച്ചിൽ ഗംഭീരം.

അധികം കഥാപാത്രങ്ങളെ അനാവശ്യമായി മല കയറ്റാത്ത കഥയിൽ സൗബിനും , സുധിയും തങ്ങളുടെ ശേഷി പ്രകടിപ്പിക്കുന്നു. രണ്ട് തരം ശീലങ്ങളെ ഒരു മുറിയിൽ വികസിപ്പിക്കുമ്പോൾ സൗബിൻ എന്ന നടൻ്റെ തിരിച്ചുവരവ് വ്യക്തം. സുധി തനിക്ക് മികച്ച കഥാപാത്രങ്ങൾ തരാൻ ഏതു സംവിധായകനും ധൈര്യം പകരുകയാണ്. പശ്ചാത്തലത്തിലെ ശബ്ദങ്ങനെ മനോഹരമായി വിന്യസിച്ച ഈ സിനിമ ആസ്വാദനത്തിൻ്റെ മിന്നൽ പിണറുകൾ സൃഷ്ടിക്കുന്നു.

നിധീഷ് ജി യുടെ കഥക്ക് അദ്ദേഹത്തിനൊപ്പം തിരക്കഥ ചമച്ച ഷാജി മാറാടിനും അഭിമാനിക്കാം. എഴുത്തിലെ വിരുതിനപ്പുറം സംവിധാന രംഗത്തെ കാൽവെയ്പ് വെറുതെയാവില്ലെന്ന് ഷാഹി കബീറിനും വിശ്വസിക്കാം.

TAGS :

Next Story