Quantcast

ജീവനെടുക്കുന്ന രാഷ്ട്രീയം; 'തിരിച്ചറിവിന്റെ 'കൊത്ത്' | റിവ്യു

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളും അതിന് ഇരയാവേണ്ടിവരുന്നവരും മരിച്ചവരേക്കാളുപരി അതിന്റെ കെടുതികൾ അനുഭവിക്കുന്നവരെക്കുറിച്ചും സംസാരിക്കാനാണ് ഇപ്രാവിശ്യം സിബി മലയിൽ കാമറക്ക് പിന്നിൽ നിന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-17 05:28:25.0

Published:

17 Sep 2022 5:07 AM GMT

ജീവനെടുക്കുന്ന രാഷ്ട്രീയം; തിരിച്ചറിവിന്റെ കൊത്ത് | റിവ്യു
X

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ പറഞ്ഞ 'കൊത്ത്'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ കൊലപാതങ്ങളും അതിന് ഇരയാവേണ്ടിവരുന്നവരും മരിച്ചവരേക്കാളുപരി അതിന്റെ കെടുതികൾ അനുഭവിക്കുന്നവരെക്കുറിച്ചും സംസാരിക്കാനാണ് ഇപ്രാവിശ്യം സിബി മലയിൽ കാമറക്ക് പിന്നിൽ നിന്നത്. സിബി മലയിൽ, ആസിഫ് അലി,റോഷൻ എന്നീ പേരുകളൊക്കെ മറക്കാം. കൊത്ത് ചർച്ചയാവേണ്ടത് അത് പറയുന്ന പ്രമേയത്തിൽ നിന്നാണ്.

കണ്ണൂരിന്റെ ചോര മണക്കുന്ന രാഷ്ട്രീയ ഭൂമികയിലാണ് കഥ നടക്കുന്നത്. പാർട്ടി എടുത്ത് വളർത്തിയ ഷാനു എന്ന ചെറുപ്പക്കാരനും രാഷ്ട്രീയവും അയാൾക്ക് ചുറ്റുമുള്ളവരിലൂടെയുമാണ് ചിത്രം കഥ പറയുന്നത്.പാർട്ടി പ്രവർത്തകരിൽ ഒരാളെ കൊലപ്പെടുത്തുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തങ്ങളിൽ ഒരുത്തനെ കൊന്നതിന് പകരം വീട്ടാൻ എതിർ പാർട്ടിക്കാരനായ കൊലപാതകിയെ തേടിപ്പിടിച്ച് കൊല്ലേണ്ടി വരുന്ന നാൽവർ സംഘം. അതുമായി ബന്ധപ്പെട്ട് അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നു. ഷാനുവിന്റെ ജീവിതത്തിലേക്ക് ഹിസാന കടന്നുവരുമ്പോൾ അയാൾക്ക് ജീവിതത്തോട് ഒരു കൊതിയുണ്ടാവുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.

അധികമായി ഒന്നും പറയുന്നില്ല. നമുക്ക് അറിയാവുന്ന നമ്മൾ കേട്ട കഥ തന്നെയാണ്‌ സിനിമ. പക്ഷേ അത് തിരിച്ചറിവുണ്ടാകാനുള്ള പറച്ചിലാണ്. അത് കിട്ടിയാൽ കൊത്ത് മുന്നോട്ട് വയ്ക്കുന്ന സാമൂഹിക ഉത്തരവാദിത്തം പൂർത്തിയാവും വെറുപ്പിന്റെ പേരിൽ, അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ, കൊടി കീറിയതിന് ചീത്തവിളിച്ചതിന് അങ്ങനെ മനുഷ്യന്റെ പച്ചയിറച്ചിയിൽ കത്തികയറ്റാൻ ഒരുമടിയുമില്ലാത്തവർക്ക് നേരയാണ് സിബി മലയിൽ എന്ന സംവിധായകൻ ഫ്രെയിം തിരിച്ചുവെച്ചിരിക്കുന്നത്. അത് പൊള്ളിച്ചും കരയിച്ചും പറഞ്ഞുപോവുന്നു. കത്തിയാൽ തീർക്കുന്ന പകയിലൊടുങ്ങേണ്ടതല്ല മനുഷ്യരെന്ന് ചിത്രം പറയുന്നുണ്ട്. സേഫ്‌സോൺ പിടിക്കാനാവണം. കണ്ണൂരിന്റെ ഉപരിതല രാഷ്ട്രീയ സംഭവങ്ങളിലേക്ക് മാത്രമാണ് എഴുത്തുകാരനും സംവിധായകനും കാമറ തിരിച്ചിരിക്കുന്നത്, ഇത് പറയാൻ ഇനിയും റൂട്ടിലേക്ക് ഇറങ്ങേണ്ടതില്ലേ എന്നത് ഇനി വരേണ്ട ചർച്ചകളാണ്. ഒരു കൊലപാതകവും അതിന് പകരമായി നടക്കുന്ന മറ്റൊന്നും തുടങ്ങി ചങ്ങലയിലെ ഏതാനും കണ്ണികളിലിരുന്ന് അതിൽ ഒട്ടിയ ജീവിതങ്ങളെ പറ്റി പറയുകയാണ് സിബിയും ഹേമന്തും.

സമകാലീന കേരള രാഷ്ട്രീയത്തിലും പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പേരുകേട്ട കണ്ണൂരിലെ പല സംഭവങ്ങളെയും പ്രതിപാദിച്ചാണ് ചിത്രം കഥ പറയുന്നത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് ഉണ്ടായ ആശയക്കുഴപ്പം ഇത് ഏത് പാർട്ടിയെയാണ് പ്രതിസ്ഥാനത്ത് നിർത്തുക എന്നതായിരുന്നു. എന്നാൽ അങ്ങനെയൊരു വില്ലനുണ്ടെങ്കിൽ ഈഗോയുടെ പേരിൽ പെട്ടെന്നുള്ള പ്രകോപനത്തിൽ ഒരു പ്രത്യയശാസ്ത്രവും പറയാത്ത ഹിംസയുടെ രീതി സ്വീകരിക്കുന്ന മനുഷ്യ മനസ്സുകളാണ് വില്ലൻ. അവിടെയാണ് ചികിത്സവേണ്ടത്. അത് പറഞ്ഞ ചിത്രത്തിന്റെ എഴുത്തുകാരൻ ഹേമന്തും സംവിധായകൻ സിബി മലയിലും നിർമാതാവ് രഞ്ജിത്തും.

അതിന് അവർക്കൊരു കയ്യടി അർഹിക്കുന്നുണ്ട്. വെറുതെ കൊലപാതകങ്ങൾ പറഞ്ഞുപോവാതെ കൃത്യമായ ഒരു ചെയിൻ ഉണ്ടാക്കി അതിൽ സീനുകൾ കോര്‍ത്തിടാൻ ഹേമന്തിന് കഴിഞ്ഞിട്ടുണ്ട്. അത് സിനിമയാക്കാൻ സിബി മലയിലിനും. ഒരു കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തുമ്പോഴും അയാൾക്ക് ചുറ്റുമുള്ളവർക്ക് കഥയിൽ നൽകിയിരിക്കുന്ന സ്‌പേസാണ് തിരക്കഥയിൽ ഹേമന്ത് കാണിച്ചിരിക്കുന്ന മികവ്, ഓരോ കഥാപാത്രങ്ങൾക്കും സിനിമ പറയാത്ത കാണിക്കാത്ത ഭൂതകാലമുണ്ടെന്ന് പറയുന്ന ടെക്‌നിക് സിനിമയിൽ കാണിച്ചിട്ടുണ്ട്.. ഇവർ ഇങ്ങനെ ജീവിതം നീന്തിവന്നാണ് സിനിമ പറയുന്ന വർത്തമാന കാലത്തില്‍ എത്തിയിരിക്കുന്നതെന്ന് പ്രേക്ഷൻ മനസ്സിലാക്കുന്നത് ഈ ടെക്‌നിക്കുകൾ കൊണ്ടാണ്. തുടങ്ങി അവസാനിക്കുന്നതുവരെ അടുത്ത സീൻ എന്തായിരിക്കുമെന്ന് നമുക്ക് പ്രെഡിക്ട് ചെയ്യാം. കാരണം നാം ചവിട്ടുനിൽക്കുന്ന മണ്ണിനെയും അവിടെയൊഴുകിയ ചോരയെയും കുറിച്ചാണ് പറയുന്നത്. അങ്ങനെയാവുമ്പോൾ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്..

പാർട്ടി ഗ്രാമങ്ങളും കൊലപാതകം ആസൂത്രണം ചെയ്യുന്നതും സ്‌കെച്ച് ഇടുന്നതും ഭരണത്തിന്റെ തണലില്‍ സ്വാധീനം ഉപയോഗിച്ച് ഡമ്മി പ്രതികളെ നൽകുന്നതും പൊലീസുമായി ചേർന്നുള്ള കൂട്ടുകച്ചവടവും, ബോംബ് നിർമിച്ച് വീട്ടിൽ സൂക്ഷിക്കുന്നതും അങ്ങനെ കേട്ട് പഴകിയതെല്ലാം തിരക്കഥയിൽ ഉൾപ്പെടുത്താൻ ഹേമന്ത് ശ്രമിച്ചിട്ടുണ്ട്. കൃത്യമായ തിരക്കഥയിൽ പറയാനുള്ളത് മുഴുവൻ പറഞ്ഞില്ലെങ്കിലും ആർക്കും പരിക്കേൽക്കാതെ ഉദ്ദേശിച്ച സന്ദേശം നൽകാൻ ഹേമന്ത് കാണിച്ച മിടുക്ക് സിനിമയിൽ കാണാം. കൊല്ലുന്നവരിൽ ആരും നല്ലവരല്ലെന്നും നഷ്ടപ്പെടുന്നത് അമ്മയ്ക്കും ഭാര്യക്കും കുഞ്ഞിനും മാത്രമാണെന്നുമാണ് ഹേമന്ത് എഴുതിവെച്ചിരിക്കുന്നത്.

കെ.കെ ഹരിദാസിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ കണ്ണൂർ, 2012 ൽ ഹരിദാസിന്റെ തന്നെ വീണ്ടും കണ്ണൂർ, കുഞ്ചാക്കോബോബനെ നായകനാക്കി സനലിന്റെ സംവിധാനത്തിലൊരുങ്ങിയ ഇരുവട്ടം മണവാട്ടി, അജിത് കുമാറിന്‍റെ ഷെയ്ന്‍ നിഗം നായകനായ ഈട തുടങ്ങിയ ചിത്രങ്ങളാണ് കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയത്തെ പറ്റി പറഞ്ഞ ചിത്രങ്ങള്ക്ക് ഉദാഹരണമാണ്. ഇതിന്റെ നൂല് പിടിച്ച് തന്നെയാണ് സിബി മലയിലും കൊത്ത് ചമച്ചിരിക്കുന്നത്. മലയാളത്തിലെ സീനിയർ സംവിധായകരിൽ സിബിമലയിലിനുള്ള സ്ഥാനം ഏറ്റവും മുൻപന്തിയിലാണ്. സമകാലീനരായ പല സംവിധായകരും പണി മതിയാക്കി വിശ്രമജീവിതത്തിലേക്ക് നീങ്ങിയപ്പോൾ സിനിമ എന്ന മോഹം കെടാത്ത കനലായി കൊണ്ടുനടന്ന സിബി പിന്നെയും ആക്ഷനും കട്ടും പറഞ്ഞും പലതിലും കൈപൊള്ളി. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരുസിബി മലയിൽ ചിത്രം പിന്നെയും തിയറ്ററിലെത്തുന്നത്.

സ്ഥിരം സിബി മലയിൽ ചിത്രത്തിന് സമാനമായ മേക്കിങ് തന്നെയാണ് കൊത്തിനും സ്വീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ പ്രധാന സംഭവങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഇതിന്റെ പരിണിതഫലമാണ് രണ്ടാം പകുതിയിൽ ചർച്ചയാക്കുന്നത്. സ്ഥിരം സിബി മാജിക്കായ കഥാപാത്രങ്ങളുടെ മനോവ്യഥകളുമുണ്ട് ചിത്രത്തില്. ആസിഫലിയുടെ ഇതുവരെ ഇറങ്ങിയ സിനിമകളിലെ പ്രകടനത്തിൽ കൊത്തിലെ ഷാനു ഏറ്റവും മുന്നിലായിരിക്കും. അയാളുടെ ശരീരഭാഷയിലെല്ലാം തനി രാഷ്ട്രീയപ്രവർത്തകനെ ആവാഹിച്ചിട്ടുണ്ട്.. കൃത്യം ഒരു കണ്ണൂർകാരനായി മാറിയിട്ടുണ്ട് ആസിഫ്, കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം ഒരു ഹിറ്റടിക്കാൻ ആസിഫിനായിട്ടില്ലെന്നതാണ് മറ്റൊന്ന്. പക്ഷേ പണി അറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടിയാൽ അയാളിലെ നടനെ പുറത്തെടുപ്പിക്കാൻ അവർക്കാവുമെന്ന് തെളിയിക്കുകയാണ് കൊത്തും ഷാനുവും . റോഷന്റെയും പാർട്ടി നേതാവായി എത്തിയ രഞ്ജിത്തും കയ്യടി നേടുന്നുണ്ട്. ഒപ്പം നായികയായി എത്തിയ നിഖില വിമലും ഞെട്ടിക്കുന്നുണ്ട്.

പറയുന്ന കഥയ്ക്ക് അത് സംഭവിക്കുന്ന സ്ഥലം ഒരു പ്രധാന കഥാപാത്രമാണല്ലോ.., കൊത്തും അത് പറയുന്ന കണ്ണൂരിനെയും കൃത്യമായി സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ അണിയറപ്രവർത്തകർ പ്രശംസ അർഹിക്കുന്നുണ്ട്, കാവിയും ചുവപ്പും കൊടികൾ തോരണങ്ങൾ പാർട്ടി ഓഫീസുകൾ.രക്തസാക്ഷി സ്തൂപങ്ങൾ അങ്ങനെ സിനിമക്ക് വേണ്ടി കഥപറയുന്ന ഇടത്തെ മാറ്റിയിട്ടുണ്ട്.

കണ്ടും കേട്ടുമുള്ള കഥയായിരുന്നതു കൊണ്ട് തന്നെ ക്ലൈമാക്‌സ് വരെ പ്രെഡിക്ട് ചെയ്യാനാവുന്നു എന്നതാണ് സിനിമയിലെ നെഗറ്റീവായി തോന്നിയത്. ചിലയിടങ്ങളിൽ റിയലിസ്റ്റിക് രീതിയിൽ പോവുകയും ചിലയിടങ്ങളിൽ ഇതിൽ നിന്ന് മാറുന്നുമുണ്ട്. ആവശ്യമില്ലാത്തിടങ്ങളിൽ ബിജിഎം കുത്തിക്കയറ്റിയതും സിനിമയുടെ നല്ല ഒഴുക്കിന് ഭംഗം വരുത്തുന്നതായിരുന്നു. കഥാപാത്രങ്ങളുടെ വൈകാരിക അവസ്ഥകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാവണം അത്തരം രംഗങ്ങളില് പാട്ട് ഉൾപ്പെടുത്തിയത്. അത് വേണ്ട വിധത്തിൽ വർക്കായിട്ടില്ല.

ചിലസിനിമകൾ മേക്കിങ് കൊണ്ട് പ്രിയപ്പെട്ടതാവുമ്പോള് ചില സിനിമകളുടെ പ്രമേയമാണ് അത് കാണേണ്ട സിനിമയാക്കി മാറ്റുന്നത് അത്തരത്തിലൊന്നാണ് കൊത്തും. പകരത്തിന് പകരമിങ്ങനെ ഓരോ കൊടിക്ക് കീഴിലും നിന്ന് ചോരചിന്തുന്ന നാട്ടിൽ നിന്ന് കത്തിതാഴെ വെയ്ക്കാൻ പറയുന്നുണ്ടെങ്കിൽ അത് ചർച്ചയാവണം. സിനിമ പറയുന്ന പൊള്ളിക്കുന്ന കനൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടരണം. പാർട്ടികൾക്കപ്പുറത്ത് മനുഷ്യനാണെന്നും ചോരയ്‌ക്കെല്ലാം ഒരേ നിറമാണെന്നും തിരിച്ചറിയണം. ആയുധങ്ങളില്ലാതെ ആശയങ്ങൾകൊണ്ട് പോരടിക്കണം.

TAGS :

Next Story