Quantcast

മിന്നൽ മുരളി രണ്ടാം ഭാ​ഗം ?; നിർമ്മാതാവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആഘോഷമാക്കി ആരാധകർ

നിർമ്മാതാവ് സോഫിയ പോളിന്റെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്

MediaOne Logo

Web Desk

  • Published:

    23 April 2023 12:18 PM GMT

Minnal Murali Movie Producer
X

മലയാള സിനിമാപ്രേമികൾക്ക് എക്കാലവും അഭിമാനിക്കാവുന്ന സിനിമകളിൽ ഒന്നായിരുന്നു മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസായിരുന്നു നായകനായത്.

ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസായതിന് പിന്നാലെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ‌ ചോദിച്ചിരുന്ന ഒരു കാര്യമായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എപ്പോഴുണ്ടാകുമെന്നത്. ഇപ്പോഴിതാ മിന്നൽ മുരളി 2 വിന്റെ ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

നിർമ്മാതാവ് സോഫിയ പോളിന്റെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുന്നത്.

മിന്നൽ മുരളിയുടെ മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇതിൽ മിന്നൽ എന്ന ഹാഷ് ടാഗും രണ്ട് മിന്നൽ ചിഹ്നങ്ങളും ചേർത്തിരുന്നു.

ഇതോടെയാണ് മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരികയാണെന്നുള്ള ചർച്ചകൾ സജീവമായത്. നേരത്തെ മിന്നൽ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വർഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ബേസിൽ ജോസഫ് പിങ്ക് വില്ലയോട് വ്യക്തമാക്കിയിരുന്നു.




ആദ്യ ഭാഗം ഒ.ടി.ടിയിലായിരുന്നെങ്കിൽ രണ്ടാം ഭാഗം തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. മിന്നൽ മുരളി ഒരുക്കിയതിന് സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിലിനു ലഭിച്ചിരുന്നു.

മലയാളം,തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായിട്ടാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ടൊവിനോ ജെയ്സൺ,മിന്നൽ മുരളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ തമിഴ് നടൻ ഗുരു സോമസുന്ദരമാണ് വില്ലനായി എത്തിയത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. അജു വർഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ബാറ്റ്‌മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച റിംബർഗാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കിയത്‌. . സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ, സുഷിൻ ശ്യാം. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വിഎഫ്എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആയിരുന്നു.

TAGS :

Next Story