Quantcast

'കടുവ എന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളത്, കുടുംബത്തെ അവഹേളിക്കുന്നു'; പരാതിയുമായി കുറുവച്ചൻ

പരാതി പരിശോധിച്ചതിന് ശേഷം മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-06-28 11:51:50.0

Published:

28 Jun 2022 11:33 AM GMT

കടുവ എന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളത്, കുടുംബത്തെ അവഹേളിക്കുന്നു; പരാതിയുമായി കുറുവച്ചൻ
X

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സിനിമ തന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമാണ് കുറുവച്ചൻ പരാതിയിൽ പറയുന്നത്. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സെൻസർ ബോർഡിന് നിർദേശം നൽകിയത്. പരാതി പരിശോധിച്ചതിന് ശേഷം മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി വ്യക്തമാക്കി.

കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ് നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ കോടതി ഇടപെട്ടതോടെ കടുവയുടെ റിലീസ് അനിശ്ചിതത്ത്വത്തിലാണ്. ചില അപ്രതീക്ഷിത കാരണങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥി റിലീസ് തിയതി മാറ്റിയതു സംബന്ധിച്ച തന്റെ കുറിപ്പ് തുടങ്ങുന്നത്. 'കടുവ' അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.

സിംഹാസനം എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്നത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.'കടുവക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

TAGS :

Next Story