Quantcast

'സെൻസർ ബോർഡ് വേണ്ടത് ചെയ്തു, ഹിന്ദു സമൂഹത്തിന്റെ വിജയം, ഇനി 'പഠാനോ'ട് എതിർപ്പില്ല'- വിഎച്ച്പി

പഠാന് റെക്കോർഡ് ബുക്കിങ്, ചിത്രം ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-24 13:46:30.0

Published:

24 Jan 2023 1:32 PM GMT

സെൻസർ ബോർഡ് വേണ്ടത് ചെയ്തു, ഹിന്ദു സമൂഹത്തിന്റെ വിജയം, ഇനി പഠാനോട് എതിർപ്പില്ല- വിഎച്ച്പി
X

ഷാരൂഖ് ഖാൻ നായകനായ പഠാൻ നാളെയാണ് ലോകമെമ്പടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ തങ്ങളെ അധിക്ഷേപിക്കുന്ന ഉള്ളടക്കമുണ്ടെന്ന ആരോപണമുയർത്തി സംഘ് ഗ്രൂപ്പുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചു.

'സിനിമയിൽ നിന്ന് 'എതിർപ്പുള്ള' ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി അറിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിലെ അശ്ലീല ഗാനവും അശ്ലീല പദങ്ങളും പരിഷ്‌കരിച്ചത്‌കൊണ്ട് ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിക്കില്ലെന്നും ഗുജറാത്ത് വിഎച്ച്പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിനിമയിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ ചില വരികൾ ഉൾപ്പടെ 10ലധികം മാറ്റങ്ങൾ സിബിഎഫ്‌സി സിനിമയുടെ അണിയറപ്രവർത്തകരോട് നിർദേശിച്ചിരുന്നു. പക്ഷേ ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാൻ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്സി അറിയിച്ചു.

തിയറ്ററുകൾക്ക് പോലീസ് സംരക്ഷണം ഗുജറാത്ത് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഗുജറാത്തിൽ സിനിമയുടെ റിലീസ് തടയുമെന്ന് വലതുപക്ഷ സംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തിയേറ്ററിൽ അതിക്രമിച്ച് കയറി സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി കലാപമുണ്ടാക്കിയതിന് അഞ്ച് വിഎച്ച്പി പ്രവർത്തകരെ സൂറത്തിൽ അറസ്റ്റ് ചെയ്തതായും വാർത്തകൾ വന്നിരുന്നു.

ചിത്രത്തിലെ ബേഷാരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതലാണ് ഷാരൂഖ് ചിത്രത്തിനെതിരെ ബഹിഷ്‌കരണോഹ്വാനങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയിൽ എത്തിയതിനെതിരെ വിമർശനമുന്നയിച്ചാണ് വിവാദം തുടങ്ങിയത്. ബജ്റംഗ്ദൾ പ്രവർത്തകർ ഗുജറാത്തിൽ സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ രത്ലാമിൽ ബജ്റംഗ്ദളിലെയും ഹിന്ദു ജാഗരൺ മഞ്ചിലെയും അംഗങ്ങൾ പഠാൻ സിനിമയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ്. പഠാൻ സിനിമയെ എതിർക്കാൻ തന്നെയാണ് സംഘടകളുടെ തീരുമാനം. മധ്യപ്രദേശിലെ ഷാജാപൂരിൽ വിഎച്ച്പിയും ബജ്രന്ദ്ദളും ആദ്യം സിനിമ കാണുമെന്നും അതിനുശേഷം മാത്രമേ പൊതുജനങ്ങളെ കാണൻ അനുവദിക്കൂ എന്നും റിപ്പോർട്ടുകളുണ്ട്.

ഉത്തർപ്രദേശിലെ ആഗ്രയിൽ അഖില ഭാരത ഹിന്ദു മഹാസഭ ചിത്രത്തിനെതിരെ രംഗത്തുണ്ട്. ഒരു തീയറ്ററിലും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അതേസമയം പഠാന് റെക്കോർഡ് ബുക്കിങ് ചിത്രം ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.

Next Story